27 Dec 2023 6:30 AM
Summary
ചക്ക സോഡയും അച്ചാര്‍ സോഡയും മോര് സോഡയും പച്ചമാങ്ങ സോഡയുമൊക്കെയാണ് ലക്ഷ്യ കൗണ്ടറിലെ താരങ്ങള്‍
കൊച്ചി സരസ് മേളയില്‍ തിരക്കൊഴിയാത്ത ഒരിടമാണ് ജ്യൂസ് കൗണ്ടറുകള്‍. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവര്‍ നടത്തുന്ന ലക്ഷ്യ ജ്യൂസ് കൗണ്ടര്‍ അതില്‍ എടുത്ത് പറയേണ്ടതാണ്. വിവിധതരം സോഡകള്‍ മുതല്‍ ലസ്സികളും സ്‌പെഷ്യല്‍ ജ്യൂസുകളും ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന നിരവധി പാനീയങ്ങളാണ് ഇവിടെയുള്ളത്.
സോഡകളില്‍ ചക്ക സോഡയും അച്ചാര്‍ സോഡയും മോര് സോഡയും പച്ചമാങ്ങ സോഡയുമൊക്കെയാണ് ഈ കൗണ്ടറിലെ താരങ്ങള്‍.
ക്ലാസ്സിക്, ഫ്രഷ് ഫ്രൂട്ട്, മാംഗോ നട്ട് തുടങ്ങിയവയാണ് ലസ്സികള്‍. വിവിധതരം പഴങ്ങള്‍, പച്ചക്കറികള്‍, മിക്‌സ്ഡ് വെറൈറ്റികള്‍ ഉള്‍പ്പെടെ പതിനഞ്ചോളം ജ്യൂസുകളും ഇവിടെ ലഭ്യമാണ്. അതിനുപുറമേ 'സ്‌പെഷ്യല്‍ ഇന്‍സ്പിരേഷ്ണല്‍' എന്ന പേരില്‍ പുതിയ രുചിക്കൂട്ടുകളുമായി ഏഴോളം ജ്യൂസുകള്‍ വേറെയുമുണ്ട്. മില്‍ക്ക് സര്‍ബത്തുകള്‍, ഷേക്കുകള്‍, ഫ്രഷ് ലൈമുകള്‍ തുടങ്ങിയവയും ഇവിടെയുണ്ട്.
അമൃത ജോസഫ് മാത്യു, അനാമിക രാജേന്ദ്രന്‍, മിഥുന്‍ പവിത്രന്‍, മറിയാമ്മ മാത്യു, റിച്ചു ജോയ്, റാണി എന്നിവര്‍ ചേര്‍ന്നാണ് ജ്യൂസ് കൗണ്ടര്‍ നടത്തുന്നത്. എറണാകുളം സ്വദേശികളായ ഇവര്‍ 2017 മുതല്‍ കാക്കനാട് കളക്ടറേറ്റില്‍ ജ്യൂസ് കൗണ്ടര്‍ നടത്തി വരുന്നുണ്ട്. കുടുംബശ്രീ സംരംഭകരായ ഇവര്‍ ഇതിനകം ആറ് സരസ് മേളകളില്‍ പങ്കെടുത്തിട്ടുണ്ട്.