15 March 2024 2:04 PM IST
Summary
- ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയ സ്ഥാപനങ്ങളുടെ പട്ടിക ഇലക്ഷന്‍ കമ്മിഷന്‍ പുറത്തുവിട്ടു
- സിപിഎം, സിപിഐ പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവന കൈപ്പറ്റിയിട്ടില്ല
- മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് ലിമിറ്റഡ് എന്ന പേരിലാണ് കോയമ്പത്തൂരില്‍ സാന്റിയാഗോ ബിസിനസ് ആരംഭിച്ചത്
ലോട്ടറി കിംഗ് എന്നാണ് സാന്റിയാഗോ മാര്‍ട്ടിന്‍ അറിയപ്പെടുന്നത്. തമിഴ്‌നാട്ടിലും, കര്‍ണാടകയിലും, കേരളത്തിലും ലോട്ടറികള്‍ അച്ചടിച്ചും വില്‍പന നടത്തിയും ബിസിനസ് വിപുലപ്പെടുത്തിയതോടെയാണ് സാന്റിയാഗോ മാര്‍ട്ടിന്‍ ആ പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
ഒരു സ്വപ്‌നം കണക്കെ വളര്‍ന്ന കഥയാണ് മാര്‍ട്ടിന്റേത്. ഇന്ത്യയ്ക്കു പുറത്ത് മ്യാന്‍മാറില്‍ ഒരു തൊഴിലാളിയായിട്ടാണു മാര്‍ട്ടിന്‍ ജീവിതം തുടങ്ങിയത്. 1988-ല്‍ മ്യാന്‍മാറില്‍നിന്നും ഇന്ത്യയില്‍ തിരിച്ചെത്തിയതിനു ശേഷമാണ് മാര്‍ട്ടിന്‍ ലോട്ടറി ബിസിനസിലേക്ക് പ്രവേശിച്ചതും അവിടെ നിന്നും പടിപടിയായി വളര്‍ന്നതും.
മ്യാന്‍മാറില്‍നിന്നെത്തിയ മാര്‍ട്ടിന്‍ കോയമ്പത്തൂരില്‍ മാര്‍ട്ടിന്‍ ലോട്ടറി ഏജന്‍സീസ് ലിമിറ്റഡ് എന്ന പേരില്‍ ബിസിനസ് ആരംഭിച്ചു. അവിടെ നിന്ന് അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകയിലേക്കും കേരളത്തിലേക്കും ബിസിനസ് വ്യാപിപ്പിക്കുകയും ചെയ്തു. ഇന്ന് മാര്‍ട്ടിന്റെ ബിസിനസ് റിയല്‍ എസ്റ്റേറ്റിലും, ഹോസ്പിറ്റാലിറ്റിയിലും, സാറ്റ്‌ലൈറ്റ് ടിവിയിലും, സോഫ്റ്റ്‌വെയറിലുമൊക്കെ വ്യാപിച്ചിരിക്കുന്നു.
ലോട്ടറി ബിസിനസിനു പുറമെ മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്യൂച്ചര്‍ ഗെയ്മിംഗ് ആന്‍ഡ് ഹോട്ടല്‍സ് എന്ന സ്ഥാപനം ഓണ്‍ലൈന്‍ ഗെയ്മിംഗ്, കാസിനോ, സ്‌പോര്‍ട്‌സ് വാതുവയ്പ്പ് എന്നിവയും കൈകാര്യം ചെയ്യുന്നുണ്ട്. 13 സംസ്ഥാനങ്ങളിലാണ് ഫ്യൂച്ചര്‍ ഗെയ്മിംഗ് ആന്‍ഡ് ഹോട്ടല്‍സിന് സാന്നിധ്യമുള്ളത്.
രാഷ്ട്രീയവൃന്ദങ്ങളിലുള്ള സൗഹൃദമാണ് മാര്‍ട്ടിനെ ബിസിനസ് വിപുലമാക്കാന്‍ സഹായിച്ചത്. ആ ബന്ധത്തിലൂടെ കാറ്റ് അനുകൂലമായി വീശുന്നത് എവിടെയാണെന്ന് അറിയാന്‍ മാര്‍ട്ടിന് സാധിച്ചു. അതനുസരിച്ച് തന്റെ നീക്കം ആസൂത്രണം ചെയ്യുകയും ചെയ്തു.
2014-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്ന് മുന്‍കൂട്ടി അറിഞ്ഞതോടെ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാധ്യമ മുതലാളിയും വിദ്യാഭ്യാസ വിചക്ഷണനുമായ പച്ചമുത്തുവിന്റെ ഐജെകെയില്‍ ചേര്‍ന്നു. അന്നത്തെ എന്‍ഡിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരുന്ന നരേന്ദ്ര മോദിക്കൊപ്പം പ്രചാരണ വേദിയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. പച്ചമുത്തുവിന്റെ ഐജെകെ അന്ന് ബിജെപിയെ പിന്തുണച്ചിരുന്നു.
വാര്‍ത്തികളില്‍ വീണ്ടും ഇടം നേടുന്നു
ലോട്ടറി കിംഗ് എന്ന് അറിയപ്പെട്ട മാര്‍ട്ടിന് ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ്.
ഇലക്ടറല്‍ ബോണ്ടുകള്‍ ഏറ്റവും കൂടുതല്‍ വാങ്ങിയ സ്ഥാപനങ്ങളുടെ പട്ടിക 2024 മാര്‍ച്ച് 14 ന് ഇലക്ഷന്‍ കമ്മിഷന്‍ പുറത്തുവിടുകയുണ്ടായി.
ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയത് ഫ്യൂച്ചര്‍ ഗെയ്മിംഗ് ആന്‍ഡ് ഹോട്ടല്‍സ് എന്ന സ്ഥാപനമാണെന്നാണു പട്ടിക പറയുന്നത്. 2019 മുതല്‍ 2024 വരെ 1300 കോടി രൂപയാണ് സാന്റിയാഗോ മാര്‍ട്ടിന്റെ കമ്പനി ഇലക്ടറല്‍ ബോണ്ടിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്തത്. എന്നാല്‍ ഏതൊക്കെ പാര്‍ട്ടിക്കാണ് ഇലക്ടറല്‍ ബോണ്ടിലൂടെ മാര്‍ട്ടിന്റെ സംഭാവന പോയതെന്നു പട്ടികയില്‍ പറയുന്നില്ല.
സിപിഎം, സിപിഐ പാര്‍ട്ടികള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവന കൈപ്പറ്റിയിട്ടില്ലെന്നതും ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. കാരണം മാര്‍ട്ടിന് കേരളത്തില്‍ വളരാനുള്ള സാഹചര്യം ഒരുക്കിയത് സിപിഎം ആണെന്ന ആരോപണം ഒരുകാലത്തുണ്ടായിരുന്നു.
അതിന് കാരണവുമുണ്ട്. സിപിഎം മുഖപത്രമായ ദേശാഭിമാനിക്ക് മാര്‍ട്ടിന്‍ 2 കോടി രൂപ സംഭാവന നല്‍കിയിരുന്നു. അതുപോലെ 2005 മുതല്‍ സിക്കിം സര്‍ക്കാരിന്റെ ലോട്ടറി എന്ന പേരില്‍ കേരളത്തില്‍ മാര്‍ട്ടിന്‍ ലോട്ടറി വിറ്റിരുന്നു. അതിന്റെ നറുക്കെടുപ്പിന്റെ സംപ്രേക്ഷണം നടത്തിയിരുന്നത് സിപിഎം പാര്‍ട്ടി ചാനലായ കൈരളിയായിരുന്നു.