image

2 Oct 2024 2:36 PM

News

സാംസംഗ്; സമരം കൂടുതല്‍ ശക്തമാക്കാന്‍ നീക്കം

MyFin Desk

സാംസംഗ്; സമരം കൂടുതല്‍ ശക്തമാക്കാന്‍ നീക്കം
X

Summary

  • സാംസംഗ് ഇന്ത്യയിലെ ആയിരത്തില്‍പരം തൊഴിലാളികളാണ് പണിമുടക്കുന്നത്
  • വേതന പരിഷ്‌കരണവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം


സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്സ് ലിമിറ്റഡിലെ തൊഴിലാളികളുടെ സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ചെന്നൈയിലെ ഫാക്ടറിക്കുസമീപം ടോക്കണ്‍ ഉപവാസം ആചരിച്ചു. സമരം നാലാം ആഴ്ചയിലേക്ക് കടന്നു.ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഫാക്ടറീസ് ഡയറക്ടറെ കാണുമെന്ന് ജീവനക്കാരുടെ സമരത്തിന് നേതൃത്വം നല്‍കുന്ന സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് (സിഐടിയു) അറിയിച്ചു.

സാംസംഗ് ഇന്ത്യ ഇലക്ട്രോണിക്‌സ് ലിമിറ്റഡിലെ 1,100 ഓളം ജീവനക്കാര്‍ വേതന പരിഷ്‌കരണവും മെച്ചപ്പെട്ട തൊഴില്‍ സാഹചര്യങ്ങളും ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്റ്റംബര്‍ 9 മുതല്‍ പണിമുടക്കിലാണ്.

തൊഴില്‍ വകുപ്പിന്റെയും കമ്പനി അധികൃതരുടെയും സാന്നിധ്യത്തില്‍ പലവട്ടം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെങ്കിലും അടുത്തയാഴ്ച മറ്റൊരു ത്രികക്ഷി യോഗം നടത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്ന് സിഐടിയു വൃത്തങ്ങള്‍ അറിയിച്ചു.

'സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വന്ന് പ്രശ്‌നം വേഗത്തില്‍ പരിഹരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. സാംസംഗ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയനെ തൊഴില്‍ വകുപ്പ് എത്രയും വേഗം അംഗീകരിക്കുക എന്നതാണ് ഞങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം' സമരനേതാക്കള്‍ പറഞ്ഞു.

'താത്കാലിക തൊഴിലാളികള്‍ക്ക് സ്ഥിരം ജീവനക്കാരെപ്പോലെ പരിശീലനം ലഭിച്ചിട്ടില്ല. അതില്‍ കൂടുതല്‍ ബുദ്ധിമുട്ടേറിയ ജോലികള്‍ അവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. ഞങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ ഫാക്ടറി ഡയറക്ടര്‍ക്ക് പരാതി നല്‍കും.'സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് പറയുന്നു.

എയര്‍ കണ്ടീഷനറുകള്‍, റഫ്രിജറേറ്ററുകള്‍, ടെലിവിഷന്‍ സെറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപഭോക്തൃ ഡ്യൂറബിള്‍സ് ഫാക്ടറിയില്‍ സാംസംഗ് ഉത്പാദിപ്പിക്കുന്നു.

പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അടുത്തിടെ കേന്ദ്രമന്ത്രി മന്‍സുഖ് മാണ്ഡവ്യ തമിഴ്നാട് സര്‍ക്കാരിന് കത്തയച്ചിരുന്നു. സാംസംഗ് ഇന്ത്യ തൊഴിലാളികള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച സിഐടിയു അംഗങ്ങള്‍ ചില ജില്ലകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് വിട്ടയച്ചു.

കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ നിരവധി പ്രക്ഷോഭകാരികള്‍ ജോലിയില്‍ തിരിച്ചെത്തിയതായി സാംസംഗ് ഇന്ത്യ അടുത്തിടെ പറഞ്ഞു. 'എല്ലാ പ്രശ്നങ്ങളും ചര്‍ച്ചകളിലൂടെ പരിഹരിക്കാമെന്ന് മാനേജ്മെന്റ് ഇതിനകം സൂചിപ്പിച്ചിട്ടുണ്ട്, അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും നിങ്ങളുടെ ഡ്യൂട്ടിക്ക് റിപ്പോര്‍ട്ട് ചെയ്യാനും നിരവധി യോജിപ്പുള്ള ശ്രമങ്ങള്‍ നടത്തി,' സാംസംഗ് പറഞ്ഞു.