19 Sep 2024 3:49 AM GMT
Summary
- ചെന്നൈ സാംസംഗ് ഫാക്ടറിയിലെ സമരം പത്തുദിവസം പിന്നിട്ടു
- തൊഴിലാളി സമരത്തിന് സിഐടിയു പിന്തുണ
- ഫാക്ടറിയുടെ 16 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നത്
ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് ഭീമനായ സാംസംഗിലെ ജീവനക്കാര്‍ നടത്തുന്ന സമരം പത്ത് ദിവസം പിന്നിട്ട സാഹചര്യത്തില്‍ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് തൊവിലാളി സംഘടനയായ സിഐടിയു ആവശ്യപ്പെട്ടു.
ചെന്നൈയിലെ സാംസംഗ് ഫാക്ടറി ജീവനക്കാരുടെ നതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിന് ബുധനാഴ്ച കൂടുതല്‍ പിന്തുണ ലഭിച്ചു. തൊഴിലാളികള്‍ നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് സിഐടിയുവില്‍ അഫിലിയേറ്റ് ചെയ്ത ട്രേഡ് യൂണിയനുകള്‍ പിന്തുണ നല്‍കി.
ഇതിനു സമീപം ശ്രീപെരുമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന സാംസംഗ് ഇന്ത്യ ഫാക്ടറിയിലെ ഒരു വിഭാഗം തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനം, തങ്ങളുടെ യൂണിയന്റെ അംഗീകാരം, മെച്ചപ്പെട്ട തൊഴില്‍ സൗകര്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് സെപ്റ്റംബര്‍ 9 മുതല്‍ അനിശ്ചിതകാല പണിമുടക്കിലാണ്.
ബുധനാഴ്ച സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ തൊഴിലാളി സമരത്തിന് നേതൃത്വം നല്‍കുന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സ് തമിഴ്‌നാട് സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടു.
'സാംസംഗ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയനെ അംഗീകരിക്കാന്‍ ഞങ്ങള്‍ തൊഴില്‍ വകുപ്പിന് കത്തെഴുതിയിട്ടുണ്ട്. ഞങ്ങള്‍ അപേക്ഷ നല്‍കിയിട്ട് 90 ദിവസമായി, പക്ഷേ ഇതുവരെ പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. നിയമപ്രകാരം, ഇത് 45 ദിവസത്തിനുള്ളില്‍ ചെയ്യണം. സിഐടിയു സംസ്ഥാന പ്രസിഡന്റ് എ സൗന്ദരരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീപെരുമ്പത്തൂരിലെ ഫാക്ടറിയുടെ 16 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇനിയും കാലതാമസം വരുത്താതെ യൂണിയന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തണമെന്നും പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണമെന്നും യൂണിയന്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടിലുടനീളം പ്രതിഷേധം സംഘടിപ്പിക്കുന്നതുള്‍പ്പെടെയുള്ള തുടര്‍നടപടികളെക്കുറിച്ച് സിഐടിയുവിന്റെ അഫിലിയേറ്റ് യൂണിയനുകള്‍ തീരുമാനിക്കുമെന്ന് ഒരു ചോദ്യത്തിന് അദ്ദേഹം പറഞ്ഞു.
തങ്ങളുടെ ജീവനക്കാരുടെ ക്ഷേമത്തിനാണ് 'മുന്‍ഗണന'യെന്നും ഏതെങ്കിലും പരാതികള്‍ പരിഹരിക്കുന്നതിന് തൊഴിലാളികളുമായി സജീവമായി ഇടപഴകുമെന്നും സാംസംഗ് നേരത്തെ സമരത്തോട് പ്രതികരിച്ചിരുന്നു.