18 Feb 2025 5:32 AM GMT
Summary
- പണിമുടക്ക് കൂടുതല്‍ ശക്തമാക്കാന്‍ യൂണിയന്‍
- ബുധനാഴ്ച കമ്പനി മാനേജ്‌മെന്റുമായി തൊഴിലാളികള്‍ ചര്‍ച്ച നടത്തും
- സമരം മറ്റ് കമ്പനികളുടെ മുന്നിലേക്കും വ്യാപിപ്പിക്കാന്‍ നീക്കം
സാംസംഗിന്റെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റിലെ തൊഴിലാളി സമരം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത. ഈ മാസം 20,21 തീയതികളില്‍ പണിമുടക്കിന് നേതൃത്വം നല്‍കുന്ന സിഐടിയു പുതിയ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് സമീപത്തുള്ള വ്യവസായ കേന്ദ്രങ്ങളിലേക്കും വ്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
സിഐടിയുവിന്റെ പിന്തുണയുള്ള സാംസംഗ് ഇന്ത്യ വര്‍ക്കേഴ്‌സ് യൂണിയന്‍ (എസ്‌ഐഡബ്ല്യുയു) ബുധനാഴ്ച തമിഴ്‌നാട് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കമ്പനി മാനേജ്‌മെന്റുമായി മറ്റൊരു റൗണ്ട് ചര്‍ച്ച നടത്തും. പരിഹാരമുണ്ടായില്ലെങ്കില്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്ന് സിഐടിയു കാഞ്ചീപുരം സെക്രട്ടറിയും എസ്‌ഐഡബ്ല്യുയു പ്രസിഡന്റുമായ ഇ മുത്തുകുമാര്‍ പറഞ്ഞു.
ഫെബ്രുവരി 20 ന് ശ്രീപെരുമ്പത്തൂരിലെ ഡയറക്ടറേറ്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ സേഫ്റ്റി ആന്‍ഡ് ഹെല്‍ത്ത് (ഡിഷ്) ഓഫീസിന് പുറത്ത് ലോക്ക് ഡൗണ്‍ പ്രതിഷേധം സിഐടിയു ആസൂത്രണം ചെയ്തിട്ടുണ്ട്. ഫെബ്രുവരി 21 ന് തമിഴ്നാട് സ്റ്റേറ്റ് ഇന്‍ഡസ്ട്രീസ് പ്രൊമോഷന്‍ കോര്‍പ്പറേഷന്‍ (സിപ്കോട്ട്) ലൊക്കേഷനുകളിലും ഒറഗഡത്തിലും ട്രേഡ് യൂണിയന്‍ പ്രകടനങ്ങള്‍ക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഈ വ്യാവസായിക ക്ലസ്റ്ററുകളില്‍ ഫോക്സ്‌കോണ്‍, ഹ്യുണ്ടായ് മോട്ടോര്‍, റെനോ നിസാന്‍ ഓട്ടോമോട്ടീവ്, യമഹ ഇന്ത്യ എന്നിവയുള്‍പ്പെടെ പ്രമുഖ ഓട്ടോമൊബൈല്‍, ഇലക്ട്രോണിക്‌സ് നിര്‍മ്മാതാക്കള്‍ ഉണ്ട്.
ഫെബ്രുവരി 5 മുതല്‍ മൂന്ന് തൊഴിലാളി നേതാക്കളെ സസ്‌പെന്‍ഡ് ചെയ്തതുമായി ബന്ധപ്പെട്ടാണ് പണിമുടക്ക് ആരംഭിച്ചത്. ഫാക്ടറിയില്‍ 500-ലധികം തൊഴിലാളികള്‍ കുത്തിയിരിപ്പ് സമരം നടത്തിവരികയാണ്. തമിഴ്നാട് തൊഴില്‍ ഉദ്യോഗസ്ഥരുടെ മധ്യസ്ഥതയില്‍ പലവട്ടം ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രതിസന്ധി പരിഹരിക്കാനായില്ല.
അതേസമയം ഫാക്ടറി വളപ്പിനുള്ളില്‍ ഒരു വിഭാഗം തൊഴിലാളികള്‍ നടത്തുന്ന സമരം 'നിയമവിരുദ്ധമാണ്' എന്ന് സാംസംഗ് മാനേജ്‌മെന്റ് വാദിക്കുന്നു. സമരം ഇപ്പോള്‍ രണ്ടാം വാരത്തിലേക്ക് കടന്നത് ഉല്‍പാദനക്ഷമതയെ ബാധിച്ചു. റഫ്രിജറേറ്ററുകള്‍, ടെലിവിഷനുകള്‍, വാഷിംഗ് മെഷീനുകള്‍ എന്നിവ നിര്‍മ്മിക്കുന്ന പ്ലാന്റ് 2022-23 ലെ സാംസംഗിന്റെ 12 ബില്യണ്‍ ഡോളറിന്റെ ഇന്ത്യയിലെ വില്‍പ്പനയുടെ അഞ്ചിലൊന്ന് സംഭാവന ചെയ്തിരുന്നു.