17 Feb 2025 8:51 AM GMT
Summary
- ചൈനയില്‍ നിന്നുള്ള ഭീഷണി തനിക്ക് മനസിലാകുന്നില്ലെന്ന് സാം പിത്രോദ
- കോണ്‍ഗ്രസ് നേതാവിന്റെ അഭിപ്രായം വന്‍ വിവാദങ്ങള്‍ക്ക് വഴിതുറന്നു
ചൈനയോടുള്ള ഇന്ത്യയുടെ നിലപാടിനെ ചോദ്യം ചെയ്തുകൊണ്ട് കോണ്‍ഗ്രസിന്റെ വിദേശ കാര്യ മേധാവി സാം പിത്രോദ. തുടക്കം മുതല്‍ തന്നെ ബെയ്ജിംഗുമായി ശത്രുത പുലര്‍ത്തുന്നത് അന്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അഭിപ്രായപ്രകടനം ഒരു വിവാദത്തിന് വഴിതെളിച്ചു.
'ചൈനയില്‍ നിന്നുള്ള ഭീഷണി എനിക്ക് മനസ്സിലാകുന്നില്ല. ഒരു ശത്രുവിനെ നിര്‍വചിക്കുന്ന പ്രവണത അമേരിക്കയ്ക്ക് ഉള്ളതിനാല്‍ ഈ വിഷയം പലപ്പോഴും പെരുപ്പിച്ചു കാണിക്കുന്നു. സഹകരിക്കേണ്ട സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു,' ഡൊണാള്‍ഡ് ട്രംപിനും നരേന്ദ്ര മോദിക്കും ബെയ്ജിംഗില്‍ നിന്നുള്ള വെല്ലുവിളി കൈകാര്യം ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ പിത്രോദ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ആദ്യ ദിവസം മുതല്‍ തന്നെ ചൈന ശത്രുവാണെന്ന് കരുതുന്നത് അവസാനിപ്പിക്കേണ്ടതുണ്ടെന്നാണ് പിത്രോദയുടെ അഭിപ്രായം. ഇത് ചൈനയോട് മാത്രമല്ല, മറ്റ് രാജ്യങ്ങള്‍ക്കും ബാധകമാണ്-അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ബിജെപിയില്‍ നിന്ന് രൂക്ഷമായ പ്രതികരണങ്ങള്‍ക്ക് കാരണമായി. പാര്‍ട്ടി വക്താവ് തുഹിന്‍ സിന്‍ഹ പിത്രോദയുടെ എക്‌സ് പോസ്റ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നു. 'നമ്മുടെ ഭൂമിയുടെ 40,000 ചതുരശ്ര കിലോമീറ്റര്‍ ചൈനയ്ക്ക് വിട്ടുകൊടുത്തവര്‍ക്ക് ഇപ്പോഴും ബെയ്ജിംഗില്‍നിന്നുള്ള ഒരു ഭീഷണിയും കാണുന്നില്ല' എന്ന് എഴുതി.
കോണ്‍ഗ്രസ് ചൈനയുമായി സഖ്യത്തിലാണെന്ന് ബിജെപി വക്താവ് പ്രദീപ് ഭണ്ഡാരി ആരോപിച്ചു.
ഇന്ത്യ-ചൈന ബന്ധങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ സംഘര്‍ഷഭരിതമായി തുടരുന്നതിനിടെയാണ് പിത്രോദയുടെ പരാമര്‍ശം. മോദിയുടെ സമീപകാല യുഎസ് സന്ദര്‍ശന വേളയില്‍, അതിര്‍ത്തിയില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ട്രംപ് അംഗീകരിക്കുകയും മധ്യസ്ഥത വഹിക്കാന്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു