image

17 Dec 2024 4:08 PM GMT

News

ശബരി റെയില്‍ പദ്ധതി: രണ്ട് ഘട്ടമായി നടപ്പാക്കും, ആദ്യഘട്ടത്തില്‍ സിംഗിള്‍ ലൈന്‍

MyFin Desk

ശബരി റെയില്‍ പദ്ധതി: രണ്ട് ഘട്ടമായി നടപ്പാക്കും, ആദ്യഘട്ടത്തില്‍ സിംഗിള്‍ ലൈന്‍
X

ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി - എരുമേലി - നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. നിലവിൽ സിം​ഗിൾ ലൈനുമായി മുന്നോട്ട് പോകും. വികസന ഘട്ടത്തിൽ പാത ഇരട്ടിപ്പിക്കല്‍ പരി​ഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അങ്കമാലി മുതൽ എരുമേലി വരെ 110 കിലോമീറ്റർ ദൈർഘ്യമുള്ള ശബരി റെയിൽവേ ലൈൻ 1997-98ലെ റെയിൽവേ ബജറ്റിലെ നിർദ്ദേശമാണ്. ഈ പദ്ധതിയ്ക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂർത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള 7 കിലോമീറ്റർ പാതയുടെ നിർമ്മാണം വളരെ മുമ്പുത്തന്നെ പൂർത്തീകരിച്ചതാണ്. ഈ ഭാഗത്ത് രണ്ട് മേൽപ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിർമ്മാണം വിഭാവനം ചെയ്‌തിരുന്നു. അടുത്ത 70 കിലോമീറ്റർ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ 2019 സെപ്‌റ്റംബര്‍ 26ന് പദ്ധതി മരവിപ്പിക്കുകയാണെന്നറിയിച്ച് കൊണ്ട് റെയില്‍വേ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ഇതോടെ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കുകയുമായിരുന്നു