14 Nov 2023 10:04 AM GMT
റഷ്യൻ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആയുധ കയറ്റുമതി കമ്പനി, ഇന്ത്യയിലെ പൊതു-സ്വകാര്യ മേഖലകളിലെ കമ്പനികളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനങ്ങളിൽ ഉപോയോഗിക്കുന്ന ആയുധങ്ങൾ സംയുക്തമായി നിർമ്മിക്കുന്നതിന് ചർച്ചകൾ നടത്തുന്നതായി റഷ്യൻ ന്യൂസ് ഏജൻസി ആയ ആർ ഐ എ റിപ്പോർട്ട് ചെയ്യുന്നു..
റഷ്യൻ കമ്പനിയായ റൊസോബോറോൺ എക്സ്സ്പോർട്സ്ന്റെ ജനറൽ ഡയറക്ടർ അലക്സാണ്ടർ മിഖേവിനെ ഉദ്ധരിച്ചാണ് ആർ ഐ എ യുടെ റിപ്പോർട്ട്.
ഏതെല്ലാം ഇന്ത്യൻ കമ്പനികളുമായാണ് ചർച്ചകൾ നടക്കുന്നതെന്നും, എന്ന് ആയുധങ്ങളുടെ ഉൽപ്പാദനം തുടങ്ങുമെന്നോ ഏജൻസി പറയുന്നില്ല.
മോഡി സർക്കാർ റഷ്യയുമായി പ്രത്യക്ഷത്തിൽ ഒരു അകലം പാലിക്കുന്നുണ്ടങ്കിലും, ഇപ്പോഴും റഷ്യയിൽ നിന്നാണ് ഇന്ത്യ കൂടുതലും ആയുധങ്ങൾ ഇറക്കുമതി ചെയ്യുന്നത്.സ്റ്റോക്ക്ഹോം പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്ന്റെ റിപ്പോർട്ട് അനുസരിച്ചു 2022 ൽ, ഇന്ത്യ ഇറക്കുമതി ചെയ്ത ആയുധങ്ങളിൽ 45 ശതമാനവും റഷ്യയിൽ നിന്നായിരുന്നു.
റോസോബോറോൺഎക്സ്പോർട്സ് അതിന്റെ ഇന്ത്യൻ പങ്കാളികളുമായി ചേർന്ന് ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് സുഖോയ് - 30 എം കെ യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, കവചിത വാഹനങ്ങൾ, ഷെൽ തുടങ്ങിയവ നല്കിയിട്ടുണ്ടന്നു മിഖേവ് ന്യൂസ് ഏജൻസിയോട് പറഞ്ഞു.