11 March 2025 9:13 PM IST
ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയര്‍ന്നു. 10 പൈസയുടെ നേട്ടത്തോടെ 87.21 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.
ഡോളർ സൂചിക നാല് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞതാണ് രൂപയുടെ നേട്ടത്തിന് കാരണമായത്. ഇന്‍റര്‍ ബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ രൂപയുടെ മൂല്യം 87.37 ലാണ് വ്യാപാരം ആരംഭിച്ചത്. ഇന്നലെ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 36 പൈസ ഇടിഞ്ഞ് 87.31 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്.
അതേസമയം, ആറ് കറൻസികളുടെ ഒരു ബാസ്കറ്റിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.58 ശതമാനം കുറഞ്ഞ് 103.35 എന്ന നിലയിലായിരുന്നു വ്യാപാരം നടന്നത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ്, ഫ്യൂച്ചേഴ്സ് വ്യാപാരത്തിൽ 0.71 ശതമാനം ഉയർന്ന് ബാരലിന് 69.77 എന്ന നിലയിലെത്തി,
ആഭ്യന്തര ഓഹരി വിപണി ഫ്ലാറ്റായാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 12.85 പോയിന്റ് അഥവാ 0.02 ശതമാനം ഇടിഞ്ഞ് 74,102.32 ലും നിഫ്റ്റി 37.60 പോയിന്റ് അഥവാ 0.17 ശതമാനം ഉയർന്ന് 22,497.90 ലും ക്ലോസ് ചെയ്തു.