image

13 Jan 2025 11:07 AM GMT

News

റോഡപകടങ്ങളില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചാല്‍ 25,000 രൂപ പാരിതോഷികം, ചെയ്യേണ്ടത് ഇങ്ങനെ!

MyFin Desk

rs 25,000 reward for those who take accident victims to hospital
X

റോഡപകടങ്ങളില്‍ പരുക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പൂനെയില്‍ നടന്ന റോഡ് സേഫ്റ്റി ക്യാമ്പെയ്ൻ പരിപാടിയില്‍ കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ പാതകളിലും സംസ്ഥാന പാതകളിലും അപകടത്തില്‍പ്പെടുന്നവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി അറിയിച്ചു.

2021 ഒക്ടോബര്‍ മുതലാണ് കേന്ദ്ര സര്‍ക്കാര്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചാല്‍ പാരിതോഷികം നല്‍കുന്ന പദ്ധതി ആരംഭിച്ചത്. നിലവിൽ ഈ തുക 5,000 രൂപയാണ്. പുതിയ പദ്ധതി പ്രകാരം റോഡപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കുന്ന വ്യക്തിക്ക് സമ്മാനത്തുകയ്‌ക്കൊപ്പം സർട്ടിഫിക്കറ്റും ലഭിക്കും. സമ്മാനത്തുക യഥാർത്ഥ വ്യക്തികൾക്കാണെന്ന് ഉറപ്പാക്കാൻ വെരിഫിക്കേഷനും നടത്തും.

റോഡ് അപകടങ്ങളില്‍ പരിക്കേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി കഴിഞ്ഞ ദിവസം കേന്ദ്ര റോഡ് ഗതാഗത മന്ത്രി പ്രഖ്യാപിച്ചിരുന്നു. അപകടം നടന്ന് 24 മണിക്കൂറിനുള്ളില്‍ പൊലീസിനെ വിവരം അറിയിച്ചാല്‍ പരിക്കേറ്റയാൾക്ക് ഏഴ് ദിവസം വരെ സൗജന്യ ചികിത്സ ലഭിക്കുന്നതാണ് പദ്ധതി. 1.5 ലക്ഷം രൂപ വരെയുള്ള ക്യാഷ്ലെസ് ചികിത്സയാണ് ഇതിലൂടെ ലഭ്യമാക്കുക. വാഹനാപകടങ്ങളിൽ പെടുന്നവർക്ക് സാമ്പത്തിക പ്രശ്നം കാരണം ഉടനടി നൽകേണ്ട ചികിത്സ മുടങ്ങുന്നത് ഒഴിവാക്കാൻ ഇതു വഴി സാധിക്കും. കൂടാതെ വാഹനമിടിച്ച് നിർത്താതെ പോകുന്ന കേസുകളിൽ (ഹിറ്റ് ആൻഡ് റൺ) മരണപ്പെടുന്ന ആളുടെ കുടുംബത്തിന് 2 ലക്ഷം രൂപയും പദ്ധതി പ്രകാരം നൽകും.