image

17 May 2023 10:36 AM GMT

News

ഐടി ഹാര്‍ഡ്‍വെയര്‍ മേഖലയ്ക്ക് 17 ,000 കോടിയുടെ പിഎല്‍ഐ 2.0

MyFin Desk

pli scheme for it hardware sector
X

Summary

  • പിഎല്‍ഐ 2.0-യുടെ കാലാവധി 6 വര്‍ഷം
  • പ്രതീക്ഷിക്കുന്നത് ഉല്‍പ്പാദനത്തില്‍ 3.35 ലക്ഷം കോടി രൂപയുടെ വര്‍ധന
  • നേരത്തേ ഐടി ഹാര്‍ഡ്‍വെയറിന് 7,350 കോടി രൂപയുടെ പിഎല്‍ഐ പ്രഖ്യാപിച്ചിരുന്നു


ഐടി ഹാർഡ്‌വെയര്‍ മേഖലയ്ക്കാളുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്‍കീമിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. പിഎല്‍ഐ 2 .0 എന്ന് വിശേഷണത്തോടെയാണ് സർക്കാര്‍ ഇത് അവതരിപ്പിക്കുന്നത്. 17,000 കോടി രൂപ ബജറ്റിൽ ഇതിനായി വകയിരുത്തും.

കഴിഞ്ഞ 8 വർഷത്തിനിടയിൽ ശരാശരി 17 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്കോടെ (സിഎജിആർ) ഇന്ത്യയിലെ ഇലക്ട്രോണിക്‌സ് ഉൽപ്പാദനം സുസ്ഥിര വളര്‍ച്ച പ്രകടമാക്കിയിട്ടുണ്ട്. ഈ വർഷം ഉൽപ്പാദനത്തിലെ പ്രധാന മാനദണ്ഡം --105 ബില്യൺ ഡോളർ (ഏകദേശം 9 ലക്ഷം കോടി രൂപ) എന്ന നാഴികക്കല്ല് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്..

"ഐടി പിഎൽഐയുടെ കാലാവധി 6 വർഷമാണ്. ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ, അൾട്രാ-സ്മോൾ ഫോം ഫാക്ടർ ഉപകരണങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് ഐടി ഹാർഡ്‌വെയറിനായുള്ള പിഎല്‍ഐ സ്‍കീം 2.0, ." കേന്ദ്ര ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. പദ്ധതി കാലയളവിൽ 3.35 ലക്ഷം കോടി രൂപയുടെ വർദ്ധന ഉൽപ്പാദനത്തിലും 2,430 കോടി രൂപയുടെ വർദ്ധന നിക്ഷേപത്തിലും ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍, 75,000 പേർക്ക് നേരിട്ടുള്ള തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി വഴിയൊരുക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, ഓൾ-ഇൻ-വൺ പിസികൾ, സെർവറുകൾ എന്നിവയുടെ ഉല്‍പ്പാദനം ഉൾക്കൊള്ളിച്ചുകൊണ്ട് ഐടി ഹാർഡ്‌വെയറിനായുള്ള 7,350 കോടി രൂപയുടെ പിഎൽഐ പദ്ധതിക്ക് 2021 ഫെബ്രുവരിയിൽ സർക്കാർ അംഗീകാരം നൽകിയിരുന്നു. എന്നാല്‍ ഈ മേഖലയ്ക്ക് അനുവദിക്കുന്ന തുക പരിമിതമാണെന്നും ഇത് ഉയർത്തണമെന്നും ഈ മേഖലയിലെ വ്യാവസായിക പ്രതിനിധികള്‍ സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

മൊബൈൽ ഫോൺ ഉൽപ്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 2020 ഏപ്രിലിൽ ആരംഭിച്ച പിഎൽഐ സ്കീം രാജ്യത്തെ ഇലക്ട്രോണിക്സ് മാനുഫാക്ചറിംഗിനെ പ്രോല്‍സാഹിപ്പിക്കുന്നു. മൊബൈൽ ഫോണുകളുടെ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മാനുഫാക്ചറിംഗ് കേന്ദ്രമായി ഇന്ത്യ മാറി.മൊബൈൽ ഫോണുകളുടെ കയറ്റുമതി മാർച്ചിൽ 11 ബില്യൺ യുഎസ് ഡോളര്‍ (ഏകദേശം 90,000 കോടി രൂപ) എന്ന പ്രധാന നാഴികക്കല്ല് പിന്നിട്ടു.മൊബൈൽ ഫോണുകൾക്കായുള്ള പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമിന്റെ (പിഎൽഐ) വിജയത്തെ അടിസ്ഥാനമാക്കിയാണ് ഐടി ഹാർഡ്‌വെയറിനായുള്ള പിഎൽഐ സ്കീം 2.0-ന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയിട്ടുള്ളത്.