24 April 2023 9:16 AM
Summary
- 100 രൂപയുടെ നാണയം ഉടന്‍
- ദേവനാഗ്രി ലിപിയില്‍ എഴുതും
- മന്‍കിബാത്തിന് 100 എപ്പിസോഡ്
നൂറ് രൂപയുടെ നാണയം പുറത്തിറക്കുമെന്ന് കേന്ദ്രധനമന്ത്രാലയം. പ്രധാനമന്ത്രിയുടെ റേഡിയോ പ്രോഗ്രാം മന്‍കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ സ്മരണയ്ക്കായാണ് നൂറുരൂപയുടെ നാണയം പുറത്തിറക്കുന്നതെന്ന് ധനമന്ത്രാലയം അറിയിച്ചു. 44 മില്ലിമീറ്റര്‍ വ്യാസവും 200 സെറേഷനുമുള്ള നാണയം വൃത്താകൃതിയിലായിരിക്കും. നാണയത്തിന് 35 ഗ്രാം തൂക്കമുണ്ടായിരിക്കും. അമ്പത് ശതമാനം വെള്ളിയും നാല്‍പത് ശതമാനം ചെമ്പും അഞ്ച് ശതമാനം നിക്കലും അഞ്ച് ശതമാനം സിങ്കും ഉള്‍പ്പെടുത്തി ക്വാര്‍ട്ടനറി അലോയിലായിരിക്കും നാണയം നിര്‍മിക്കുക.
നാണയത്തിന്റെ ഒരുഭാഗത്ത് നടുവിലായി അശോകസ്തംഭത്തിലെ ലയണ്‍ കാപ്പിറ്റലും താഴെയായി 'സത്യമേവ് ജയതേ' എന്നും ഉണ്ടാകും. ഇതേ ഭാഗത്ത് ഇടതുവശത്തായി ദേവനാഗ്രി ലിപിയില്‍ ' ഭാരത് ' എന്നും വലതുവശത്ത് ഇംഗ്ലീഷില്‍ ' ഇന്ത്യ' എന്നും എഴുതിയിരിക്കും. മൂല്യം കാണിക്കാന്‍ '100' എന്ന് അക്കത്തില്‍ രേഖപ്പെടുത്തും. രൂപയുടെ ചിഹ്നവും ഉണ്ടായിരിക്കും.നാണയത്തിന്റെ മറുഭാഗത്ത് മന്‍കിബാത്തിന്റെ നൂറാം എപ്പിസോഡിന്റെ ലോഗോ രേഖപ്പെടുത്തും. ശബ്ദ തരംഗത്തിന്റെ സിംബലിനൊപ്പം മൈക്രോഫോണ്‍ ചിത്രവും വര്‍ഷം 2023 എന്നുകൂടി ആലേഖനം ചെയ്തിരിക്കും.
ദേവനാഗ്രി ലിപിയിലാണ് മൈക്രോഫോണിന്റെ ചിത്രത്തിന് മുകളിലായി 'മന്‍കി ബാത്ത് 100' എന്ന് ആലേഖനം ചെയ്യുക. പ്രധാനമന്ത്രി മോദിയുടെ റേഡിയോ ഷോ മന്‍കി ബാത്ത് 2014 ഒക്ടോബറിലാണ് ആദ്യമായി സംപ്രേക്ഷണം ചെയ്തത്. എല്ലാ മാസവും അവസാന ഞായറാഴ്ച രാവിലെ 11 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. റേഡിയോ പ്രോഗ്രാമിനായി 'മൈഗോവ്' എന്ന പ്രത്യേക ഓപ്പണ്‍ ഫോറവും ജനങ്ങള്‍ക്കായി നടത്തുന്നുണ്ട്. ഇതില്‍ ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പങ്കിടാം.
ഈ അഭിപ്രായങ്ങളും ചോദ്യങ്ങളുടെ ഉത്തരങ്ങളുമൊക്കെ റേഡിയോ പ്രോഗ്രാമില്‍ പ്രധാനമന്ത്രി പരാമര്‍ശിക്കാറുണ്ട്. ഈ പരിപാടിയുടെ ഓര്‍മ കാലങ്ങളോളം നിലനില്‍ക്കാന്‍ വേണ്ടിയാണ് നൂറ് രൂപയുടെ കോയിന്‍ ഇറക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.