19 Nov 2023 4:44 AM GMT
Summary
- തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ പിഴ ബസ് ഉടമ അടച്ചു
- കേരളം ചുമത്തിയ പിഴ അടയ്ക്കാന്‍ ബസ് ഉടമ തയാറായിരുന്നില്ല
മോട്ടോര്‍ വാഹന വകുപ്പുമായുള്ള നിരന്തര പോരാട്ടങ്ങളിലൂടെ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും 'താര'മായി മാറിയ റോബിന്‍ ബസിന് പിഴ ചുമത്തി തമിഴ്‌നാട് മോട്ടോര്‍ വാഹന വകുപ്പും. കേരളത്തില്‍ നിന്നുള്ള വാര്‍ത്തകളും പ്രചാരണങ്ങളും വ്യാപകമായതോടെയാണ് തമിഴ്‌നാട് എംവിഡിയും ബസ് നിരീക്ഷിക്കുകയും പരിശോധന നടത്തുകയും ചെയ്തത്.
കേരളത്തിലെ എംവിഡി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടിയ അതേ നിയമലംഘനങ്ങള്‍ തന്നെയാണ് തമിഴ്‌നാട് എംവിഡിയും കണ്ടെത്തിയിരിക്കുന്നത്. ചാവടി ചെക്ക്പോസ്റ്റില്‍ ഒരു മണിക്കൂറിലേറെ പരിശോധന നടത്തിയ തമിഴ്‌നാട് ഉദ്യോഗസ്ഥര്‍ 70410 രൂപ അടയ്ക്കാനാണ് ആവശ്യപ്പെട്ടത്. റോഡ് ടാക്സും നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയും ചേര്‍ന്നതാണ് ഈ തുക. തുക അടച്ചതിന്‍റെ അടിസ്ഥാനത്തില്‍ ബസിന് പോകാന്‍ അനുമതി നല്‍കി. ഒരാഴ്ച സര്‍വീസ് നടത്താനാകും എന്നതുകൊണ്ടാണ് ഈ തുക അടച്ചതെന്ന് ബസ് ഉടമ പറയുന്നു.
കേരളം ചുമത്തിയത് 37,500 രൂപ പിഴ
ഇന്നലെ പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് നടത്തിയ റോബിന്‍ ബസിനെ കേരള മോട്ടോര്‍ വാഹന വകുപ്പ് നാലിടങ്ങളില്‍ തടയുകയും മൊത്തം 37,500 രൂപ പിഴ ചുമത്തുകയും ചെയ്തു. ഓള്‍ ഇന്ത്യാ പെര്‍മിറ്റുള്ള ബസിന് ടൂറിസ്റ്റ് വാഹനം എന്ന നിലയില്‍ സര്‍വീസ് നടത്താമെങ്കിലും സ്റ്റോപ്പ് ക്യാരേജ് എന്ന നിലയില്‍ നിരവധി സ്റ്റാന്‍റുകളില്‍ കയറി ആളെ കയറ്റാനും ഇറക്കാനും അനുവാദമില്ലെന്നും ഇത് നിയമലംഘനമാണെന്നുമാണ് എംവിഡി നിലപാട്.
കേരള എംവിഡി ചുമത്തിയ പിഴ അടക്കാന്‍ തയാറാകാതിരുന്ന റോബിന്‍ ബസ് ഉടമ ഇക്കാര്യത്തില്‍ നിയമ പോരാട്ടം തുടരുമെന്ന നിലപാടിലാണ്. പത്തനംതിട്ട – കോയമ്പത്തൂർ യാത്രയ്ക്കിടെ റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്പാവൂർ, അങ്കമാലി, തൃശൂർ, പാലക്കാട് എന്നീ സ്റ്റോപ്പുകളിലെല്ലാം റോബിന്‍ ബസ് നിര്‍ത്തിയിടുന്നു.
പോര് തുടങ്ങിയത് ഇങ്ങനെ
ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നാണ് റോബിന്‍ ബസ് പത്തനംതിട്ടയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് സര്‍വീസ് തുടങ്ങിയത്. സെപ്റ്റംബര്‍ 1 ന് പരിശോധന നടത്തിയ മോട്ടോര്‍ വാഹന വകുപ്പ് ബസിന്‍റെ ഫിറ്റ്നസ് റദ്ദാക്കി. തുടര്‍ന്ന് ഫിറ്റ്നസ് ടെസ്റ്റ് പാസായ ബസ് ഒക്റ്റോബര്‍ 16ന് സർവീസ് തുടങ്ങി. എന്നാല്‍ വീണ്ടും എംവിഡി ഉദ്യോഗസ്ഥര്‍ ബസ് പിടികൂടിയതോടെ ഉടമ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ വിധി വരുന്നതു വരെ റോബിന്‍ ബസ് പിടിച്ചെടുക്കരുതെന്ന നിര്‍ദേശം ഹൈക്കോടതി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണ് വീണ്ടും റോബിന്‍ ബസ് നിരത്തിലിറങ്ങിയത്. റോബിന്‍ ബസിന്‍റെ ഫേസ്ബുക്ക് പേജ് പൂട്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും മോട്ടോര്‍വാഹന വകുപ്പിന്‍റെ ഏതു നടപടിയെയും നേരിടാന്‍ തയാറാണെന്നും പറഞ്ഞാണ് ഉടമ ബസ് നിരത്തില്‍ ഇറക്കിയത്. ഇതിനു പിന്നാലെ എംവിഡി നാലിടങ്ങളില്‍ പരിശോധന നടത്തിയത് പ്രതികാര നടപടിയായാണ് വിലയിരുത്തപ്പെട്ടത്.