24 Dec 2023 7:00 AM
Summary
- 82,000 രൂപയാണ് ബസ് വിട്ടുകിട്ടുന്നതിന് പിഴയടച്ചത്
- റോബിന്‍ ബസ് തുടര്‍ച്ചയായി നിയമം ലംഘിച്ചെന്ന് എംവിഡി
- നവംബര്‍ 24നാണ് എംവിഡി റോബിന്‍ ബസ് പിടിച്ചെടുത്തത്
അനധികൃതമായി സര്‍വീസ് നടത്തിയതിന് മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) പിടിച്ചെടുത്ത റോബിന്‍ ബസ് പിഴയടച്ചതിന്‍റെ അടിസ്ഥാനത്തില്‍ വിട്ടുനല്‍കാന്‍ പത്തനംതിട്ട ജുഡീഷ്യല്‍ ഫസ്‍റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഉത്തരവിട്ടു. കേരളത്തിലെ എംവിഡി ചുമത്തുന്ന പിഴ അടയ്ക്കില്ലെന്നും, ഓള്‍ ഇന്ത്യാ ടൂറിസ്‍റ്റ് പെര്‍മിറ്റ് ലഭിച്ചിട്ടുള്ളതിന്‍റെ അടിസ്ഥാനത്തിലുള്ള സര്‍വീസ് നടത്തുന്നതിന് എംവിഡി തടസം സൃഷ്ടിക്കുകയാണ് എന്നുമാണ് നേരത്തേ റോബിന്‍ ബസ് അധികൃതര്‍ വാദിച്ചിരുന്നത്. ഇതേ തുടര്‍ന്ന് റോബിന്‍ ബസ് വലിയ വാര്‍ത്താ പ്രാധാന്യം നേടുകയും വലിയ പിന്തുണ സമൂഹമാധ്യങ്ങളില്‍ ലഭിക്കുകയും ചെയ്തിരുന്നു.
82,000 രൂപയാണ് ബസ് വിട്ടുകിട്ടുന്നതിന് റോബിന്‍ ബസ് ഉടമകള്‍ പിഴയായി അടയ്ക്കുന്നത്. ബസ് വിട്ടുംനല്‍കുന്നതിന് മുമ്പ് ബസിലുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കണമെന്ന് പത്തനംതിട്ട സ്‍റ്റേഷന്‍ ഹൌസ് ഓഫിസറോട് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. തുടര്‍ച്ചയായി നിയമലംഘനങ്ങള്‍ നടത്തിയെന്ന് കാണിച്ചാണ് നവംബര്‍ 24ന് പുലര്‍ച്ചെ എംവിഡി റോബിന്‍ ബസ് പിടിച്ചെടുത്തത്.
മുന്‍കൂട്ടി ബുക്ക് ചെയ്ത യാത്രികരുമായി നിശ്ചിത സ്ഥലത്തു നിന്ന് നിശ്ചിത സ്ഥലത്തേക്ക് സര്‍വീസ് നടത്തുന്നതിന് മാത്രമാണ് ടൂറിസ്റ്റ് പെര്‍മിറ്റുകളുടെ വാഹനങ്ങള്‍ക്ക് അനുമതിയുള്ളതെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. എന്നാല്‍ പുതിയ നിയമ പ്രകാരം സ്‍റ്റേജ് ക്യാരേജ് വാഹനങ്ങള്‍ക്കായുള്ള ബസ്‍ സ്‍റ്റോപ്പുകളില്‍ കയറി ആളെ എടുക്കാനും ഇറക്കാനും തങ്ങള്‍ക്ക് അവകാശമുണ്ടെന്നാണ് റോബിന്‍ ബസ് വാദിക്കുന്നത്.
ഓള്‍ ഇന്ത്യ ടൂറിസ്‍റ്റ് പെര്‍മിറ്റുള്ള വാഹനങ്ങള്‍ക്ക് സ്‍റ്റേജ് ക്യാരേജായി പ്രവര്‍ത്തിക്കാനാകില്ലെന്ന് അടുത്തിടെ മറ്റൊരു കേസില്‍ ഹൈക്കോടതി വിധിച്ചിരുന്നു. റോബിന്‍ ബസുടമകള്‍ എംവിഡിക്കെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി ജനുവരി 5ന് പരിഗണിക്കുന്നുണ്ട്.