image

2 Nov 2023 7:53 PM IST

News

ഉയരുന്ന എണ്ണ വില ബ്രിട്ടാനിയ ഓഹരികളുടെ മധുരം കുറയ്ക്കുമോ?

MyFin Desk

will rising oil prices sweeten britannia shares
X

Summary

ചെലവുകളുടെ മേൽ പിടിമുറുക്കി, വരുമാനം പരമാവധി കൂട്ടി, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തെ മറികടന്നു ലാഭമുണ്ടാക്കി



വിപണി പ്രതീക്ഷക്കപ്പുറം രണ്ടാം പാദത്തിൽ ഓഹരി ഉടമകൾക്ക് മധുരം സമ്മാനിച്ച ബ്രിട്ടാനിയ ഇൻഡസ്ട്രീസ് ഇന്ന് ( നവംബർ 2 ) അവരുടെ ഓഹരികൾക്ക് 2 .95 ശതമാനം ലാഭം നൽകി 4528 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

കുതിച്ചുയരുന്ന അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തിൽ രാജ്യത്തെ മറ്റു ബിസ്കറ്റ് നിർമ്മാതാക്കൾ വരവും, ചെലവും തമ്മിൽ കൂട്ടിമുട്ടിക്കാൻ വിയർപ്പൊഴുക്കുമ്പാൾ, ജിന്നയുടെ ചെറുമകൻ നുസ്ലി വാടിയ നയിക്കുന്ന 1892 ൽ കൽക്കട്ട (ഇന്നത്തെ കൊൽക്കൊത്ത)യിൽ സ്ഥാപിച്ച രാജ്യത്തെ ഏറ്റവും പഴയ കമ്പനികളിൽ ഒന്നായ ബ്രിട്ടാനിയക്കു ഈ പ്രകടനം കാഴ്ചവെക്കാൻ പറ്റിയതിന്റെ രഹസ്യം എന്താണ് ? വലുതായിട്ടൊന്നുമില്ല, ചെലവുകളുടെ മേൽ പിടിമുറുക്കി, വരുമാനം പരമാവധി കൂട്ടി, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റത്തെ മറികടന്നു ലാഭമുണ്ടാക്കി. അത്ര തന്നെ.

ലിറ്റിൽ ഹെർട്സിന്റെ നിർമാതാക്കൾ അതിനുവേണ്ടി അവർക്കു ചെയ്യാവുന്നതെല്ലാം ചെയ്തു. ഉൽപന്നങ്ങൾ ഫാക്ടറികളിൽ നിന്ന് വിതരണത്തിനായി കൊണ്ടുപോകുമ്പോൾ പൊടിഞ്ഞു പോകാതിരിക്കാൻ ട്രക്കുകൾ ഫുൾ ലോഡായി അയക്കും. പിന്നെ വിപണികളിൽ ഒരു ഉൽപന്നത്തിനും ക്ഷാമമുണ്ടാകാതിരിക്കാൻ കൂടുതൽ ഫാക്ടറികൾ സ്ഥാപിച്ചു.

`` ബിസ്കറ്റ് നിർമ്മാണത്തിലെ പാം ഓയിൽ, അവ പൊതിയാൻ ഉപയോഗിക്കുന്ന വർണക്കടലാസുകൾ, പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന കോറുഗേറ്റഡ് പെട്ടികൾ തുടങ്ങി മിക്ക അസംസ്കൃത വസ്തുക്കളുടെയും വില ഉയർന്നു നിൽക്കുന്നു. അത് കൊണ്ടുതന്നെ ``മാർജിൻ'' കഴിയുന്നത്ര കൂട്ടാൻ അവർ തീരുമാനിച്ചു . . അതിനു അത്ഭുതപ്പെടുത്തുന്ന ഫലവും ഉണ്ടായി,'' ജെ എം ഫിനാൻഷ്യൽ അനലിസ്റ്റ് റിച്ചാർഡ് ലിയു പറഞ്ഞു.

രണ്ടാം പാദത്തിൽ കമ്പനിയുടെ മാർജിൻ, ആദ്യ പാദത്തിലെ 41 .9 ശതമാനത്തിൽ നിന്ന് ഉയർന്നു 42 . 9 ശതമാനമായി. ഇത് കഴിഞ്ഞ വർഷത്തെ രണ്ടാം പാദത്തിൽ 38 .9 ശതമായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വിശകലന വിദഗ്ധരുമായി നടന്ന സംവാദത്തിൽ കമ്പനി മാനേജിങ് ഡയറക്ടർ വരുൺ ബെറി മൂന്നാം പാദത്തിലെ മാർജിനെ കുറിച്ച് എന്തെങ്കിലും പ്രവചനം നടത്താൻ തയ്യാറായില്ല

``മിഡിൽ ഈസ്റ്റിൽ തീ ആളുന്ന, റഷ്യയും, ഉക്രൈനും പരസ്പ്പരം കടിച്ചു കീറുന്നു, എവിടേക്കാണ് ഇത് നമ്മളെ എത്തിക്കുന്നതിന്നു പറയാൻ കഴിയില്ല, '' ബെറി പറഞ്ഞു.

ഇസ്രായേൽ -ഹമാസ് സംഘർഷം തുടങ്ങിയതിനു ശേഷം എണ്ണ വില 6 ശതമാനം കൂടിയതോടു കൂടി വികസ്വര രാജ്യങ്ങളിൽ പണപ്പെരുപ്പം കൂടും. അത് നേരിടാൻ ആ രാജ്യങ്ങളിലെ നയരൂപീകരണത്തിനു നേതൃത്വ൦ വഹിക്കുന്നവർ നടപടികൾ സ്വീകരിക്കണം, ലോക ബാങ്ക് ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു.

ഈ സഹചര്യത്തിലും ബ്രിട്ടാനിയ അതിന്റെ ചെലവുചുരുക്കൽ തന്ത്രങ്ങൾ കൊണ്ട് വിലക്കയറ്റത്തെ മറികടക്കും എന്നാണ് വിപണി പറയുന്നത്.

രണ്ടാം പാദത്തിൽ പുതിയതായി വിപണിയിൽ ഇറക്കിയ ബിസ്കറ്റുകൾ കമ്പനിയുടെ വരുമാനത്തിലേക്കു നല്ല സംഭാവനകൾ നൽകി. ഇനിയും ഗ്രാമപ്രദേശങ്ങളിൽ ഉൾപ്പെടെ കമ്പനി അതിന്റെ വിതരണ ശൃംഖല ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ്.

വിപണിയിൽ വീണ്ടും സജീവമായ ചെറു കമ്പനികളെ എങ്ങനെ നേരിടും എന്നുള്ളത് ബ്രിട്ടാനിയായിക്ക് ഒരു പ്രശ്നം തന്നെ ആണെന്നാണ് വിശകലന വിശാരദർ പറയുന്നത്.

മൂന്നു സെഷനുകളിൽ തുടർച്ചയായ നഷ്ടത്തിന് ശേഷം, ബ്രിട്ടാനിയ ഓഹരികൾ അതിന്റെ മുകളിലോട്ടുള്ള യാത്രയുടെ തയ്യാറെടുപ്പിലാണ്. ഈ വര്ഷം കമ്പനിയുടെ ഓഹരികൾ 5 ശതമാനം നേട്ടമുണ്ടാക്കി. എന്നാൽ നിഫ്റ്റിയുടെ ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് സൂചിക 16 ശതമാനം വളർന്നപ്പോൾ, അതിൽ വലിയ സംഭാവനയൊന്നും നൽകാൻ ബ്രിട്ടാനിയ ഓഹരികൾക്ക് കഴിഞ്ഞില്ല.