2 Nov 2023 6:06 PM IST
Summary
- ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ തത്സമയ പട്ടികയില്‍ ഡല്‍ഹിയും പാകിസ്ഥാനിലെ ലാഹോറുമാണ് ഇന്ന് ഒന്നാമത്.
ഡല്‍ഹിയില്‍ വീണ്ടും വായു മലിനീകരണം രൂക്ഷമാകുന്നു. അതുകൊണ്ട് തന്നെ പൊതുജനാരോഗ്യത്തെ പരിഗണിച്ച് അടിയന്തരാവസ്ഥയ്ക്കുള്ള ആശങ്കകളും ഉയരുന്നുണ്ട്. സര്‍ക്കാര്‍ തലസ്ഥാനത്തെ മലനീകരണ തോത് കുറയ്ക്കാനുള്ള ശ്രമങ്ങളിലായിരുന്നു. ഇതിനിടയിലാണ് സര്‍ക്കാര്‍ ഏജന്‍സികള്‍ മലനീകരണതോത് വഷളാകുന്നു എന്ന് മുന്നറിയിപ്പ് നല്‍കിയത്.
തലസ്ഥാനത്തെ ആനന്ദ് വിഹാര്‍ പ്രദേശത്ത് വ്യാഴാഴ്ച വായു ഗുണനിലവാര സൂചിക (എക്യുഐ) 500 സ്‌കെയിലില്‍ 415 ആയിരുന്നു, ഇത് ആരോഗ്യമുള്ള ആളുകളെയും നിലവില്‍ രോഗങ്ങളുള്ളവരെയും ബാധിക്കുന്ന തരത്തിലുള്ള 'കടുത്ത' മലിനീകരണ തോതിനെയാണ് സൂചിപ്പിക്കുന്നത്. മലിനീകരണ തോത് 0-50 വരെയുള്ള എക്യുഐ ആരോഗ്യകരമായി കണക്കാക്കപ്പെടുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഗ്രൗണ്ടുകളില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങള്‍ കാണാനുള്ള ആളുകളുടെ ഒഴുക്ക് വായു മലിനീകരണത്തിന് ഇടയാക്കിയെന്ന അഭിപ്രായങ്ങള്‍ ലോകകപ്പിനുമേല്‍ നിഴല്‍ വീഴ്ത്തുന്നുണ്ട്.
സ്വിസ് ഗ്രൂപ്പായ ഐക്യു എയറിന്റെ വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ തത്സമയ പട്ടികയില്‍ ഡല്‍ഹിയും പാകിസ്ഥാനിലെ ലാഹോറുമാണ് ഇന്ന് ഒന്നാമത്. ലോകത്തിലെ ഏറ്റവും മലിനമായ 15 നഗരങ്ങളുടെ പട്ടികയില്‍ മുംബൈയും ഉള്‍പ്പെടുന്നുണ്ട്.
ഇന്ന് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി മുംബൈയിലെ വായുവിന്റെ ഗുണനിലവാരം 200 ന് അടുത്തെത്തി. നവംബര്‍ 15 ന് ടൂര്‍ണമെന്റിന്റെ സെമിഫൈനലിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍ അന്നും നഗരത്തില്‍ വലിയ ജനക്കൂട്ടമുണ്ടാകും.
മലിനീകരണം തടയുന്നതിന്റെ ഭാഗമായി ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ വെടിക്കെട്ടിന് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബിസിസിഐ) ഈ ആഴ്ച നിരോധനം പ്രഖ്യാപിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഇന്ത്യയുടെ രോഹിത് ശര്‍മ്മയും കളിയ്ക്കിടെ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പരാതിപ്പെട്ടതോടെ മറ്റു താരങ്ങളും വിഷവായുവിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
ഈ സാഹചര്യം തുടരുകയാണെങ്കില്‍ ഡീസല്‍ ബസുകളുടെ പ്രവേശനം നിരോധിക്കുമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുമെന്നും ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ശൈത്യകാലത്ത് ഈ പ്രദേശത്തെ വായുവിന്റെ ഗുണനിലവാരം കുറയുന്നത് പലപ്പോഴും ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ വര്‍ധിക്കുന്നതിനൊപ്പം സ്‌കൂളുകളും ഫാക്ടറികളും അടച്ചുപൂട്ടാന്‍ കാരണമാകാറുണ്ട്.