image

7 Jan 2025 5:59 AM GMT

News

ജാഗ്രത പുലര്‍ത്തണം; എച്ച്എംപിവി പടരുന്നു

MyFin Desk

hmpv is reported to be spreading, authorities urge caution
X

Summary

  • അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, മുതിര്‍ന്നവര്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് അപകടസാധ്യത
  • വിവിധ സര്‍ക്കാരുകള്‍ കോവിഡ്കാലത്തിന് സമാനമായ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു
  • മഹാകുംഭമേള ആരംഭിക്കാനിരിക്കെയാണ് രോഗം ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ടത് എന്നത് ആശങ്ക ഉയര്‍ത്തുന്നു


രാജ്യത്ത് 'ചൈനീസ് വൈറസായ' ഹ്യൂമന്‍ മെറ്റാപ്ന്യൂമോവൈറസ് (എച്ച്എംപിവി) പടരുന്നതായി റിപ്പോര്‍ട്ട്. ഇന്നലെത്തന്നെ അഞ്ച് രോഗബാധകള്‍ സ്ഥിരീകരിക്കപ്പെട്ടിരുന്നു.

ബെംഗളൂരുവില്‍ ഡിസ്ചാര്‍ജ് ചെയ്ത മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനും ആശുപത്രിയില്‍ സുഖം പ്രാപിക്കുന്ന എട്ട് മാസം പ്രായമുള്ള കുട്ടിക്കുമാണ് രോഗം ആദ്യം സ്ഥിരീകരിക്കപ്പെട്ടത്. എന്നാല്‍ ഇപ്പോള്‍ തമിഴ്‌നാട്ടിലും ഗുജറാത്തിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ചെന്നൈയിലും സേലത്തും ഓരോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അഹമ്മദാബാദിലും ഒരു ശിശുവിന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവിലെയും അഹമ്മദാബാദിലെയും രോഗം ബാധിച്ച ശിശുക്കള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമീപകാല യാത്രാ ചരിത്രമൊന്നുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. തമിഴ്നാട്ടിലെ കേസുകളില്‍ കൂടുതല്‍ വിശദാംശങ്ങള്‍ അറിവായിട്ടില്ല. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ശ്വാസകോശ സംബന്ധമായ വൈറസാണ് എച്ച്എംപിവി. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് ശേഷമാണ് ഇത് ശ്രദ്ധ നേടിയത്.

ലഭ്യമായ എല്ലാ ചാനലുകളിലൂടെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐഎംസിആര്‍) വര്‍ഷം മുഴുവനും എച്ച്എംപിവി സര്‍ക്കുലേഷനിലെ ട്രെന്‍ഡുകള്‍ ട്രാക്കുചെയ്യുന്നത് തുടരും.

എച്ച്എംപിവിയുമായി ബന്ധപ്പെട്ട ആരോഗ്യ വെല്ലുവിളികള്‍ക്കുള്ള തയ്യാറെടുപ്പ് ഉറപ്പാക്കാന്‍ കര്‍ണാടക, മഹാരാഷ്ട്ര, ഡല്‍ഹി എന്നിവിടങ്ങളിലെ ഗവണ്‍മെന്റുകള്‍ കോവിഡ് -19 കാലത്തിന് സമാനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്.

2001-ല്‍ ആദ്യമായി തിരിച്ചറിഞ്ഞ എച്ച്എംപിവി, ഫ്‌ളൂ പോലുള്ള ലക്ഷണങ്ങളുണ്ടാക്കുന്ന ഒരു ശ്വാസകോശ അണുബാധയാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ഇത് ബാധിക്കാം. എന്നിരുന്നാലും അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍, മുതിര്‍ന്നവര്‍, ദുര്‍ബലമായ പ്രതിരോധശേഷി ഉള്ളവര്‍ എന്നിവര്‍ക്ക് അപകടസാധ്യത വളരെ കൂടുതലാണ്.

ഉത്തര്‍ പ്രദേശില്‍ മഹാകുംഭമേള ആരംഭിക്കാനിരിക്കെയാണ് രോഗം ഇന്ത്യയിലും സ്ഥിരീകരിക്കപ്പെട്ടത് എന്ന് ആശങ്ക ഉയര്‍ത്തുന്നു. കുംഭമേളയില്‍ ഏകദേശം മുന്നു മുതല്‍ നാലുകോടി സന്ദര്‍ശകര്‍ എത്തുമെന്നാണ് ഏകദേശ കണക്ക്. ഈ സാഹചര്യത്തില്‍ എച്ച്എംപിവി പടര്‍ന്നാല്‍ അത് രാജ്യമാകെയെത്താന്‍ അധിക ദിവസം വേണ്ടിവരില്ല.