25 April 2024 10:55 AM
Summary
- തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയിൽ തൊഴിലില്ലായ്മ രൂക്ഷമാകുമെന്ന് റോയിട്ടേഴ്‌സ് സർവെ.
- പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷമായി രാജ്യം ഭരിച്ച മോദി സർക്കാർ പരാജയപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഇന്ത്യയെ കാത്തിരിക്കുന്നത് കടുത്ത തൊഴിലില്ലായ്മയെന്ന് റോയിട്ടേഴ്‌സ് സർവെ. യുവജനങ്ങൾക്ക് വേണ്ടി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടുവെന്നും സർവെ പറയുന്നു. തെരഞ്ഞെടുപ്പിന് പിന്നാലെ അധികാരത്തിലെത്തുന്ന സർക്കാരിനു മുമ്പിലുള്ള ഏറ്റവും വലിയ വെല്ലുവിളി തൊഴിലില്ലായ്മയെ അഭിമുഖീകരിക്കുക എന്നതാവുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.
ഏപ്രിൽ 16 മുതൽ 23 വരെ റോയിട്ടേഴ്‌സ് നടത്തിയ സർവേയിൽ പങ്കെടുത്ത 26ൽ 15 സാമ്പത്തിക വിദഗ്ദരും ഇന്ത്യയിൽ തൊഴിലില്ലായമ വർധിക്കുമെന്ന് അഭിപ്രായപ്പെട്ടു. 8 പേർ ഗ്രാമീണ ഉപഭോഗവും, രണ്ട് പേർ വിലക്കയറ്റവും, ഒരാൾ പട്ടിണിയും വർധിക്കുമെന്നും അഭിപ്രായപ്പെട്ടു. പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ കഴിഞ്ഞ പത്തുവർഷമായി രാജ്യം ഭരിച്ച മോദി സർക്കാർ പരാജയപ്പെട്ടു.
2013-14 വർഷത്തിൽ 3.4 ശതമാനമായിരുന്ന തൊഴിലില്ലായ്മ നിരക്ക് 2022-23 ലെത്തിയപ്പോൾ വെറും 3.2 ശതമാനം മാത്രമാണ് കുറഞ്ഞതെന്ന് പീരിയോഡിക്ക് ലേബർ ഫോഴ്‌സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമിയുടെ കണക്കനുസരിച്ച് തൊഴിലില്ലായ്മ നിരക്ക് മാർച്ചിൽ 7.6% ആയിരുന്നു. തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാതിരിക്കുന്നത് ഇന്ത്യയെ പിടിച്ചുലക്കുമെന്നും സർവെ ചൂണ്ടിക്കാട്ടുന്നു.