image

12 Oct 2023 3:04 PM GMT

News

സെപ്റ്റംബറിലെ റീട്ടെയില്‍ പണപ്പെരുപ്പം 5.02%, ആര്‍ബിഐയുടെ സഹന പരിധിയിലേക്ക്

MyFin Desk

September retail inflation at 5.02%
X

പച്ചക്കറി വിലയിലുണ്ടായ ഗണ്യമായ കുറവിനെത്തുടര്‍ന്ന് റീട്ടെയില്‍ പണപ്പെരുപ്പം സെപ്റ്റംബറില്‍ 5.02 ശതമാനത്തിലേക്ക് താഴ്ന്നു. ഓഗസ്റ്റിലെ 6.83 ശതമാനത്തേക്കാള്‍ 1.81 ശതമാനം കുറവാണിത്. വാര്‍ഷികാടിസ്ഥാനത്തില്‍ 5.4 ശതമാനമായിരിക്കും സെപ്റ്റംബറിലെ റീട്ടെയില്‍ പണപ്പെരുപ്പമെന്നായിരുന്നു സാമ്പത്തിക വിദഗ്ധരുടെ അനുമാനം. ഒക്ടോബര്‍ ആറിലെ ആര്‍ബിഐയുടെ പണപ്പെരുപ്പ അനുമാനം സെപ്റ്റംബറില്‍ 4.8 മുതല്‍ അഞ്ച് ശതമാനമായിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു.

ഭക്ഷ്യോത്പന്നങ്ങളുടെ വിലയിലുണ്ടായ വര്‍ധന സെപ്റ്റംബറില്‍ 6.56 ശതമാനമാണ്. ഓഗസ്റ്റില്‍ ഇത് 9.94 ശതമാനമായിരുന്നു. ഗ്രാമ-നഗരങ്ങളിലെ പണപ്പെരുപ്പം സെപ്റ്റംബറില്‍ യഥാക്രമം 5.33 ശതമാനവും 4.65 ശതമാനവുമാണ്.

പച്ചക്കറികളുടെ വിലയിലുണ്ടായ വര്‍ധന ഓഗസ്റ്റിലെ 26.14 ശതമാനത്തില്‍ നിന്നും 3.39 ശതമാനമായി കുറഞ്ഞു. ധാന്യങ്ങളുടെ വിലക്കയറ്റം സെപ്റ്റംബറില്‍ 10.95 ശതമാനമാണ്. പയര്‍ വര്‍ഗങ്ങളുടേത് 16.38 ശതമാനം, പഴ വര്‍ഗങ്ങളുടേത് 7.30 ശതമാനം, വസ്ത്രം, പാദരക്ഷ 4.61 ശതമാനം, മത്സ്യം-മാംസം 4.11 ശതമാനം, എണ്ണ -14.04 ശതമാനം, ഇന്ധനം -0.11 ശതമാനം എന്നിങ്ങനെയാണ് പണപ്പെരുപ്പ കണക്കുകള്‍.

പ്രധാന പണപ്പെരുപ്പം ആര്‍ബിഐയുടെ സഹന പരിധിയായ രണ്ട് മുതല്‍ ആറ് ശതമാനത്തിലേക്ക് എത്തിയിട്ടുണ്ടെങ്കിലും ഇടക്കാല ലക്ഷ്യമായ നാല് ശതമാനത്തിനു മുകളിലാണ് നാല് വര്‍ഷമായിട്ട്.

അമേരക്കയിലെയും ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ കണക്കുകളും പുറത്തു വന്നിട്ടുണ്ട്. സെപ്റ്റംബറിലെ പണപ്പെരുപ്പം 3.7 ശതമാനമാണ്. ഇത് സാമ്പത്തിക വിദഗ്ധരുടെ അനുമാനമായ 3.6 ശതമാനത്തെക്കാള്‍ അല്‍പ്പം കൂടുതലാണ്. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറില്‍ 0.4 ശതമാനം വിലവര്‍ധനയുണ്ടായിട്ടുണ്ട്.

യൂസ്ഡ് കാറുകളുടെയും വസ്ത്രങ്ങളുടെയും വിലയില്‍ കുറവുണ്ടായി. എന്നാല്‍ ഗ്യാസ് വിലയിലും, ഹോട്ടല്‍ വിലയിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. അടുത്തിടെയുണ്ടായ കുറവിനു ശേഷം വീടുകളുടെ വിലയിലും വാഹന ഇന്‍ഷുറന്‍സ് ചെലവിലും കാര്യമായ വര്‍ധനയുണ്ടായിട്ടുണ്ട്.