1 Aug 2024 2:14 PM IST
Summary
- പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കാനുള്ള സാധ്യതയേറി
- ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗത്തിലാണ് ആക്രമണ നിര്‍ദ്ദേശം
പശ്ചിമേഷ്യയില്‍ യുദ്ധം വ്യാപിക്കാനുള്ള സാധ്യതയേറി. ടെഹ്റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ കൊല്ലപ്പെട്ടതിനു പിന്നാലെ ഇസ്രയേലിനെ ആക്രമിക്കാന്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി ഉത്തരവിട്ടു. ഇറാനിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടത്. ഹമാസ് നേതാവിനെ കൊലപ്പെടുത്തിയതിനുപിന്നില്‍ ഇസ്രയേലാണെന്ന ഇറാന്റെ ആരോപണത്തെ തുടര്‍ന്നാണ് നീക്കം.
ഹനിയയുടെ മരണം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ഇറാന്‍ രാജ്യത്തിന്റെ പരമോന്നത ദേശീയ സുരക്ഷാ സമിതിയുടെ അടിയന്തര യോഗം വിളിച്ചു. യോഗത്തില്‍ ഖമേനി ആക്രമണത്തിന് ഉത്തരവിട്ടതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അസാധാരണമായ സാഹചര്യങ്ങളില്‍ മാത്രമേ അത്തരമൊരു കൂടിക്കാഴ്ച ഉണ്ടാകൂ. നേരത്തെ ഏപ്രിലില്‍, സിറിയയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഉന്നത ഇറാനിയന്‍ സൈനിക കമാന്‍ഡര്‍മാര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സമാനമായ യോഗം വിളിച്ചിരുന്നു.
നേരത്തെ, ഗാസ യുദ്ധത്തിന്റെ തുടക്കത്തില്‍, ഇസ്മായില്‍ ഹനിയയെയും മറ്റ് ഹമാസ് നേതാക്കളെയും വധിക്കുമെന്ന് ഇസ്രയേല്‍ പ്രതിജ്ഞയെടുത്തിരുന്നു. ചടങ്ങില്‍ പങ്കെടുത്ത ശേഷം ഖമേനിയുമായി ഹനിയ കൂടിക്കാഴ്ച നടത്തി. അതിനുശേഷം പുലര്‍ച്ചെ രണ്ടുമണിയോടെഉയര്‍ന്ന സുരക്ഷയുള്ള റെവല്യൂഷണറി ഗാര്‍ഡ്സ് ഗസ്റ്റ്ഹൗസില്‍ വെച്ചാണ് ഹനിയ വധിക്കപ്പെടുന്നത്. ഇത് ഇറാനെ നടുക്കിയിരുന്നു.