image

12 Sep 2023 12:58 PM GMT

News

വിലക്കയറ്റത്തില്‍ ആശ്വാസം; ഓഗസ്റ്റില്‍ 6.83 ശതമാനം

റ്റി.സി. മാത്യു

വിലക്കയറ്റത്തില്‍ ആശ്വാസം; ഓഗസ്റ്റില്‍ 6.83 ശതമാനം
X

Summary

  • ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റം 6.83 ശതമാനം, നിരീക്ഷകരുടെ നിഗമനത്തേക്കാള്‍ കുറവ്
  • ജൂലൈയില്‍ വ്യവസായ ഉല്‍പാദനം 5.7 ശതമാനം


ഓഗസ്റ്റിലെ ചില്ലറ വിലക്കയറ്റം 6.83 ശതമാനമായി കുറഞ്ഞു. നിരീക്ഷകരുടെ നിഗമനത്തേക്കാള്‍ കുറവാണിത്.

ജൂണില്‍ 4.81 ശതമാനവും ജൂലൈയില്‍ 7.44 ശതമാനവും ആയിരുന്നു ചില്ലറ വിലക്കയറ്റം.ഉപഭാേക്തൃ വിലസൂചിക അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം താഴ്ന്നത് ഭക്ഷ്യവിലക്കയറ്റത്തിന്റെ കുറവു മൂലമാണ്. ഓഗസ്റ്റില്‍ ഭക്ഷ്യവിലക്കയറ്റം 9.94 ശതമാനമാണ്. ജൂലൈയില്‍ 11.51 ശതമാനം ആയിരുന്നു. പച്ചക്കറി വിലക്കയറ്റം 37.4 ല്‍ നിന്ന് 26.3 ശതമാനമായി കുറഞ്ഞു.

ഭക്ഷ്യ, ഇന്ധന വിലകള്‍ ഒഴിവാക്കിയുള്ള കാതല്‍ വിലക്കയറ്റം 4.9 ല്‍ നിന്ന് 4.8 ശതമാനമായി കുറഞ്ഞു.

വിലക്കയറ്റം റിസര്‍വ് ബാങ്കിന്റെ സഹനപരിധിയായ ആറു ശതമാനത്തിനു മുകളിലാണെങ്കിലും പലിശ കൂട്ടലിലേക്ക് റിസര്‍വ് ബാങ്ക് നീങ്ങാനിടയില്ല. ഭക്ഷ്യവിലകളുടെ കയറ്റം താല്‍ക്കാലികമാണെന്നും സെപ്റ്റംബറില്‍ വിലകള്‍ വീണ്ടും കുറയുമെന്നും ആണു സര്‍ക്കാര്‍ പറയുന്നത്.

ചില്ലറ വിലക്കയറ്റം ഓഗസ്റ്റില്‍ ആറു ശതമാനത്തിനടുത്തേക്കു കുറയുമെന്ന് ഗവണ്മെന്റും ചില റേറ്റിംഗ് ഏജന്‍സികളും നിഗമിച്ചിരുന്നെങ്കിലും അങ്ങനെ സംഭവിച്ചില്ല.

45 ധനശാസ്ത്രജ്ഞര്‍ക്കിടയില്‍ റോയിട്ടേഴ്‌സ് നടത്തിയ സര്‍വേയിലെ നിഗമനം ഏഴു ശതമാനം വിലക്കയറ്റമായിരുന്നു. മൂന്നില്‍ രണ്ടു ഭാഗം വിദഗ്ധരും ഏഴാേ അതിലധികമോ ശതമാനം വിലക്കയറ്റമാണു പ്രതീക്ഷിച്ചത്.

വ്യവസായ ഉല്‍പാദനം ജൂലൈയില്‍ 5.7 ശതമാനം വര്‍ധിച്ചു.

ജൂലൈയില്‍ വ്യവസായ ഉത്പാദനം 5 . 7 ശതമാനമായി ഉയർന്നു. ജൂണില്‍ 3.7 ഉം മേയില്‍ 5.2 ഉം ശതമാനം വ്യവസായ ഉല്‍പാദനവളര്‍ച്ചയാണ് ഉണ്ടായിരുന്നത്.

ഫാക്ടറി ഉല്‍പാദനത്തിലെ വളര്‍ച്ച 4.6 ശതമാനത്തിലേക്കു കൂടി. ജൂണിലെ വളര്‍ച്ച 3.1 ശതമാനം മാത്രമായിരുന്നു. മേയില്‍ 5.7 ശതമാനം ഉണ്ടായിരുന്നു.

വൈദ്യുതി ഉല്‍പാദനം എട്ടു ശതമാനം വര്‍ധിച്ചു. തലേ മാസം 4.2 ശതമാനമായിരുന്നു. കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് ഉല്‍പാദനം 2.7 ശതമാനം കുറഞ്ഞു. എഫ്എംസിജി ഉല്‍പാദനം 7.4 ശതമാനം വര്‍ധിച്ചു.