24 Oct 2023 6:10 AM
Summary
- റിലയന്‍സ് ഏറ്റെടുക്കുന്ന കാര്യം ഇരു കമ്പനികളും ചേര്‍ന്ന് നവംബറില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്
- റിലയന്‍സ് വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യന്‍ ബിസിനസിന് കണക്കാക്കുന്നത് 700 കോടി മുതല്‍ 800 കോടി ഡോളര്‍ വരെയുള്ള മൂല്യമാണ്
- റിലയന്‍സ് ഏറ്റെടുത്താലും ന്യൂനപക്ഷ ഓഹരി വിഹിതം ഡിസ്‌നി സ്റ്റാറില്‍ നിലനിര്‍ത്തിയേക്കും
ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യവസായി മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, യുഎസ് വിനോദവ്യവസായത്തിലെ ഭീമനായ വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ ബിസിനസായ ഡിസ്‌നി സ്റ്റാര്‍ ബിസിനസ് ഏറ്റെടുക്കുമെന്നു സൂചന.
ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.
റിലയന്‍സ് ഏറ്റെടുത്താലും ന്യൂനപക്ഷ ഓഹരി വിഹിതം ഡിസ്‌നി സ്റ്റാറില്‍ നിലനിര്‍ത്തിയേക്കും.
വാള്‍ട്ട് ഡിസ്‌നിക്കു നിയന്ത്രണമുള്ള ഡിസ്‌നി സ്റ്റാര്‍ ബിസിനസിന്റെ ഓഹരിയാണ് റിലയന്‍സിന് വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഈ ഓഹരികള്‍ക്ക് 1000 കോടി ഡോളര്‍ മൂല്യം കണക്കാക്കുന്നുണ്ട്. എന്നാല്‍ റിലയന്‍സ് ഇതിനു കണക്കാക്കുന്നത് 700 കോടി മുതല്‍ 800 കോടി ഡോളര്‍ വരെയുള്ള മൂല്യമാണ്.
വാള്‍ട്ട് ഡിസ്‌നിയുടെ ഇന്ത്യന്‍ ബിസിനസ് വിഭാഗത്തെ റിലയന്‍സ് ഏറ്റെടുക്കുന്ന കാര്യം ഇരു കമ്പനികളും ചേര്‍ന്ന് നവംബറില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റെടുക്കലിന്റെ ഭാഗമായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചില മാധ്യമ യൂണിറ്റുകള്‍ ഡിസ്‌നി സ്റ്റാറില്‍ ലയിപ്പിക്കാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഡിസ്‌നി സ്റ്റാറിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ ഞായറാഴ്ച (22-10-2023) ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം വീക്ഷിച്ചത് 43 ദശലക്ഷം പേരാണ്.