14 Aug 2023 11:08 AM GMT
Summary
- ബാക്കിയുള്ളത് 2 വിഷയങ്ങളിലെ അനേഷണം
- 22 വിഷയങ്ങളിലെ അനേഷണം പൂര്‍ത്തിയാക്കിയിട്ടുണ്ട്
- ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് -4 % ഇടിവ്
അദാനി ഗ്രൂപ്പിനെതിരായി ഷോര്‍ട്ട് സെല്ലിംഗ് സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ 15 ദിവസം കൂടി നല്‍കണമെന്ന് ഓഹരി വിപണി നിയന്ത്രണ സ്ഥാപനമായ സെബി സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് 24 കാര്യങ്ങളില്‍ അന്വേഷണം നടത്തിയെന്നും ഇതില്‍ 17 എണ്ണം പൂര്‍ത്തിയാക്കി അധികൃതരുടെ അംഗീകാരം നേടിയെന്നും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഇന്ന് സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. ഓഗസ്റ്റ് 14നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്
"ബാക്കിയുള്ള ആറ് അന്വേഷണങ്ങളിൽ നാലെണ്ണത്തില്‍ കണ്ടെത്തലുകൾ ക്രോഡീകരിച്ച് തയാറാക്കിയ റിപ്പോർട്ടുകൾ കോംപിറ്റന്റ് അതോറിറ്റിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിരിക്കുകയാണ്," അപേക്ഷയില്‍ പറഞ്ഞു. ശേഷിക്കുന്ന രണ്ട് കാര്യങ്ങളിലെ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്തിമ ഘട്ടത്തിലെത്തിയെന്നും സെബി അറിയിച്ചു.
ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് കമ്പനികള്‍ ഓഹരി വില ഉയര്‍ത്തുന്നതിന് കൃത്രിമത്വം നടത്തിയെന്നും അക്കൗണ്ടിംഗ് തട്ടിപ്പ് നടത്തിയെന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപിച്ചത്. ജനുവരിയില്‍ ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലകള്‍ വലിയ തോതില്‍ ഇടിഞ്ഞിരുന്നു. ഇതേത്തുടര്‍ന്നു വിവിധ ഹര്‍ജികളുടെ അടിസ്ഥാനത്തില്‍ സമഗ്ര അന്വേഷണം നടത്താന്‍ സുപ്രീം കോടതി മാര്‍ച്ച് രണ്ടിനാണ് ഉത്തരവിട്ടത്.
തുടര്‍ന്ന് അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുകയായിരുന്നു. മുന്‍ സുപ്രീം കോടതി ജഡ്ജ് ജസ്റ്റിസ് എ.എം. സാപ്രെയാണ് അധ്യക്ഷനായ സമിതിയില്‍ ആറംഗങ്ങളാണുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി സെബി, അദാനി ഗ്രൂപ്പ് കമ്പനികളില്‍ നിന്ന് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റുകള്‍, ബോര്‍ഡ് / ഓഡിറ്റ് മീറ്റിംഗുകളുടെ മിനിറ്റ്‌സ്, വായ്പ സംബന്ധിച്ച വിവരങ്ങള്‍, ഷെയര്‍ ഹോള്‍ഡിങ് / പ്രമോട്ടര്‍ വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടെ 20 ഓളം വിവരങ്ങള്‍ ശേഖരിച്ചിരുന്നു.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലുള്ള ആശങ്കകളുടെ അടിസ്ഥാനത്തില്‍ അദാനി ഗ്രൂപ്പിന്‍റെ ഓഡിറ്റര്‍ സ്ഥാനം കഴിഞ്ഞദിവസം ഡെലോയ്റ്റ് രാജിവെച്ചു. രാജി സ്ഥിരീകരിച്ച അദാനി ഗ്രൂപ്പ് എംഎസ്കെഎ & അസോസിയേറ്റ്സിനെ പുതിയ ഓഡിറ്ററായി നിയോഗിച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ പുതിയ സംഭവ വികാസങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് 2-4 ശതമാനം ഇടിവ് ഗ്രൂപ്പിന്‍റെ ഓഹരികളില്‍ ഉണ്ടായിട്ടുണ്ട്.