3 Feb 2024 9:26 AM GMT
കെവൈസി അപ്ഡേറ്റിന്റെ പേരിലുള്ള തട്ടിപ്പുകള്‍ കൂടുന്നു, ജാഗ്രത പാലിക്കണമെന്ന് ആര്‍ബിഐ
MyFin Desk
Summary
- സാമ്പത്തിക സൈബര്‍ തട്ടിപ്പുകളില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ പരാതി നല്‍കണം
- ബാങ്കിന്റെ കോണ്‍ടാക്റ്റ് നമ്പര്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ മാത്രം എടുക്കുവാനും ശ്രദ്ധ നല്‍കണം
- തട്ടിപ്പുകാര്‍ അക്കൗണ്ട് മരവിപ്പിക്കുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയേക്കും
കെവൈസി അപ്ഡേറ്റിന്റെ മറവില്‍ നടപ്പിലാക്കുന്ന വഞ്ചനകളെക്കുറിച്ച് ജാഗ്രത പാലിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കെവൈസി അപ്ഡേറ്റ് എന്ന പേരില്‍ നടത്തുന്ന തട്ടിപ്പുകള്‍ക്ക് ഉപഭോക്താക്കള്‍ ഇരയാകുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ വര്‍ദ്ധിക്കുന്നതിനിടയിലാണ് ആര്‍ബിഐയുടെ ജാഗ്രതാ നിര്‍ദേശം.
സാമ്പത്തിക സൈബര്‍ തട്ടിപ്പുകളില്‍ നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലിലോ (www.cybercrime.gov.in) സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈന്‍ (1930) വഴിയോ പരാതി നല്‍കാന്‍ ആര്‍ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
കൂടാതെ, കെവൈസി അപ്ഡേറ്റിനായി ആവശ്യപ്പെട്ടാല്‍, സ്ഥിരീകരണത്തിനോ സഹായത്തിനോ വേണ്ടി ബാങ്കുമായോ ധനകാര്യ സ്ഥാപനവുമായോ നേരിട്ട് ബന്ധപ്പെടാനും കെവൈസി വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ലഭ്യമായ മോഡുകള്‍ അറിയാന്‍ അവരുടെ ബാങ്ക് ശാഖയുമായി അന്വേഷിക്കാനും ആര്‍ബിഐ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
ഈ കെവൈസി മാനദണ്ഡങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ അക്കൗണ്ട് മരവിപ്പിക്കുകയോ ബ്ലോക്ക് ചെയ്യുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി അനാവശ്യമായ കോളുകളും സന്ദേശങ്ങളും ലഭിച്ചേക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
വ്യക്തിഗത വിവരങ്ങള്‍, അക്കൗണ്ട് അല്ലെങ്കില്‍ ലോഗിന്‍ വിശദാംശങ്ങള്‍ എന്നിവ പോലുള്ള അവരുടെ സ്വകാര്യ വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് തട്ടിപ്പുകാര്‍ കൃത്രിമം കാണിക്കുന്നു. ഈ സന്ദേശങ്ങളില്‍ നല്‍കിയിരിക്കുന്ന വിവിധ ലിങ്കുകളിലൂടെ അനധികൃതമോ സ്ഥിരീകരിക്കാത്തതോ ആയ ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുന്നു. വ്യക്തിഗത വിവരങ്ങളിലേക്കുള്ള പ്രവേശനം തട്ടിപ്പുകാര്‍ വഞ്ചനാപരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് കാരണമാകുന്നുവെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി.
കെവൈസി അപ്ഡേറ്റിനായി എന്തെങ്കിലും അഭ്യര്‍ത്ഥന ലഭിക്കുന്ന സാഹചര്യത്തില്‍, സ്ഥിരീകരണത്തിനോ സഹായത്തിനോ ആയി അവരുടെ ബാങ്ക്/ധനകാര്യ സ്ഥാപനവുമായി നേരിട്ട് ബന്ധപ്പെടാന്‍ ആര്‍ബിഐ ആവശ്യപ്പെട്ടു. ബാങ്കിന്റെ/ധനകാര്യ സ്ഥാപനത്തിന്റെ കോണ്‍ടാക്റ്റ് നമ്പര്‍/കസ്റ്റമര്‍ കെയര്‍ ഫോണ്‍ നമ്പര്‍ അതിന്റെ ഔദ്യോഗിക വെബ്സൈറ്റ്/ഉറവിടങ്ങളിലൂടെ മാത്രം എടുക്കുവാനും ശ്രദ്ധ നല്‍കണം. എന്തെങ്കിലും സൈബര്‍ തട്ടിപ്പ് നേരിടേണ്ടി വന്നാല്‍ ഉടന്‍ ബാങ്കിനെ/ധനകാര്യ സ്ഥാപനത്തെ അറിയിക്കാനും വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള ഓപ്ഷനുകള്‍ അറിയാന്‍ ബാങ്ക് ശാഖയില്‍ മാത്രം അന്വേഷിക്കാനുമാണ് ആര്‍ബിഐ നിര്‍ദേശിച്ചിട്ടുള്ളത്.