image

5 Jan 2023 12:18 PM IST

News

എന്‍ബിഎഫ്‌സികളെ ആര്‍ബിഐ ഓഡിറ്റ് ചെയ്യുന്നു, വായ്പാ ആപ്പുകള്‍ ഉള്‍പ്പടെയുള്ളവ കുടുങ്ങിയേക്കും

MyFin Desk

loan apps
X

Summary

  • 2014 മുതല്‍ 2022 വരെയുള്ള കാലയളനവിനിടയില്‍ 3,110 എന്‍ബിഎഫ്സികളുടെ രജിസ്ട്രേഷനാണ് (സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷന്‍) ആര്‍ബിഐ റദ്ദാക്കിയത്.


ഡെല്‍ഹി: കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വന്‍ തോതില്‍ പെരുകിയ ഓണ്‍ലൈന്‍ വായ്പാ പ്ലാറ്റ്‌ഫോമുകളുള്‍പ്പടെ ആര്‍ബിഐ നിയന്ത്രണങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്ക് (എന്‍ബിഎഫ്‌സി) മൂക്കുകയറിടും. ഇതിനായി എക്‌സ്റ്റേണല്‍ ഓഡിറ്റര്‍മാരുടെ സേവനം തേടുമെന്നും ആര്‍ബിഐ ഇറക്കിയ അറിയിപ്പിലുണ്ട്. നിലവില്‍ ആര്‍ബിഐ ചട്ടങ്ങള്‍ പാലിക്കാതെ ഏകദേശം 9,500 ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആര്‍ബിഐയുടെ പ്രസ്താവനയിലുണ്ട്.

പല സ്ഥാപനങ്ങളുടേയും പ്രവര്‍ത്തനങ്ങള്‍ ആര്‍ബിഐ നിഷ്‌കര്‍ഷിക്കുന്നതിന് അനുസൃതമായല്ല. മാത്രമല്ല ഉപഭോക്താവിനെ ധരിപ്പിക്കുന്ന വിവരങ്ങളിലും കൃത്രമിമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ കമ്പനിയുടെ രജിസ്റ്റേഡ് ഓഫീസ് രേഖകളില്‍ കൊടുത്തിരിക്കുന്ന ഇടത്തായിരിക്കില്ല എന്നതുള്‍പ്പടെയുള്ള തട്ടിപ്പുകളുണ്ട്. ഇക്കാര്യങ്ങളില്‍ കൃത്യമായ ഓഡിറ്റ് വഴി വ്യക്തത വരുത്തുകയാണ് ആര്‍ബിഐയുടെ ലക്ഷ്യം.

ഇത്തരത്തിലുള്ള ധനകാര്യസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, രജിസ്ട്രേഷന്‍ അപേക്ഷയില്‍ നല്‍കിയിരിക്കുന്ന സ്ഥലത്താണോ രജിസ്റ്റേഡ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് എന്നിവ ഉറപ്പാക്കാനാണ് ഈ ഓഡിറ്റ്. ചില ബാങ്കേതര ധനകാര്യ സ്ഥാപനങ്ങള്‍ പരാജയപ്പെടാനിടയായ പ്രത്യേക ഘടകങ്ങള്‍, നിലവിലെ ചട്ടങ്ങള്‍- ഔട്ട്സോഴ്സിംഗ്് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തത്, കാര്യക്ഷമതയോടെയും സത്യസന്ധതയോടെയും കാര്യങ്ങള്‍ ചെയ്യുന്നതിലെ വീഴ്ച്ച എന്നിവയെല്ലാം ഈ ഓഡിറ്റിന് കാരണമായേക്കും.

2014 മുതല്‍ 2022 വരെയുള്ള കാലയളനവിനിടയില്‍ 3,110 എന്‍ബിഎഫ്സികളുടെ രജിസ്ട്രേഷനാണ് (സര്‍ട്ടിഫിക്കറ്റ് ഓഫ് രജിസ്ട്രേഷന്‍) ആര്‍ബിഐ റദ്ദാക്കിയത്. ഏറ്റവും കൂടുതല്‍ റദ്ദാക്കലുകള്‍ നടന്നത് 2019-20 കാലയളവിലാണ്. ആ വര്‍ഷം 1,851 രജിസ്ട്രേഷനുകളാണ് റദ്ദാക്കിയത്. 2022 ഒക്ടോബര്‍ ഒന്നു വരെ, 5,451 എന്‍ബിഎഫ്സികളുടെ രജിസ്ട്രേഷനുകള്‍ ആര്‍ബിഐ റദ്ദാക്കി. ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഓഡിറ്റോടെ 2024 സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ ബാങ്കേതര ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുന്നതിലേക്ക് നയിച്ചേക്കാം.

ഇത്തരം സ്ഥാപനങ്ങളെ നിരീക്ഷിക്കുന്നതിന് ആര്‍ബിഐയുടെ സൂപ്പര്‍വൈസറി സ്റ്റാഫ് സ്ട്രെങ്ത് പര്യാപ്തമല്ല. ആര്‍ബിഐയ്ക്ക് ഏകദേശം 1,500 സൂപ്പര്‍വൈസറി സ്റ്റാഫ് മാത്രമാണുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍, എന്‍ബിഎഫ്‌സികള്‍ സമര്‍പ്പിച്ച ഓഫ്‌സൈറ്റ് റിട്ടേണുകള്‍ പരിശോധിക്കുന്നതിനു പുറമേ, ചെറുകിട, ഇടത്തരം എന്‍ബിഎഫ്‌സികളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഴത്തിലുള്ള വിലയിരുത്തല്‍ നടത്തുന്നതിനും എക്സ്റ്റേണല്‍ ഓഡിറ്റര്‍മാരുടെ സേവനത്തിലൂടെ മാത്രമേ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സാധിക്കൂ.

കോവിഡ് വ്യാപന സമയത്ത് രാജ്യത്ത് ഓണ്‍ലൈന്‍ വായ്പാ പ്ലാറ്റ്‌ഫോമുകളുടെ എണ്ണമടക്കം വര്‍ധിച്ചിരുന്നു. ഇവയുമായി ഇടപാട് നടത്തി തട്ടിപ്പിനിരയായെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികളാണ് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വന്നത്. നിക്ഷേപങ്ങള്‍ സ്വീകരിക്കാത്ത 1,000 കോടി രൂപയില്‍ താഴെ ആസ്തിയുള്ള എന്‍ബിഎഫ്‌സികളും പിയര്‍-ടു-പിയര്‍ ലെന്‍ഡിംഗ് (പ്ലാറ്റ്ഫോം) പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന എന്‍ബിഎഫ്‌സികളും ഉള്‍പ്പെടുന്ന അടിസ്ഥാന എന്‍ബിഎഫ്‌സികളിലാണ് നിര്‍ദ്ദിഷ്ട ഓഡിറ്റ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അപ്പര്‍- മിഡില്‍ ലെവല്‍ വിഭാഗങ്ങളില്‍പ്പെടുന്ന എന്‍ബിഎഫ്‌സികള്‍ക്കായി കര്‍ശനമായ നിയന്ത്രണ സംവിധാനങ്ങള്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ക്രെഡിറ്റ് കമ്പനി, ഇന്‍ഫ്രാസ്ട്രക്ചര്‍ ഫിനാന്‍സ് കമ്പനി, കോര്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, മൈക്രോ ഫിനാന്‍സ് സ്ഥാപനം, അക്കൗണ്ട് അഗ്രഗേറ്റര്‍, പിയര്‍ ടു പിയര്‍ ലെന്‍ഡിംഗ് പ്ലാറ്റ്‌ഫോം, ഹൗസിംഗ് ഫിനാന്‍സ് കമ്പനി എന്നിവയുള്‍പ്പെടെ 11 തരം എന്‍ബിഎഫ്‌സികളാണുള്ളത്.