31 Jan 2023 11:22 AM IST
പാക്ക് ചെയ്ത ജങ്ക് ഫുഡും മറ്റ് ഭക്ഷണ പദാര്‍ഥങ്ങളും വാങ്ങുമ്പോള്‍ അതില്‍ ചേര്‍ത്തിരിക്കുന്ന ഉപ്പും പഞ്ചസാരയും കൊഴുപ്പും എങ്ങിനെ ഉപഭോക്താവ് അറിയും? അത് അറിയാതെ കഴിക്കുന്നത് എത്ര മാത്രം ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും? ഈ പ്രശ്‌നത്തിന് പരിഹാരം കാണുകയാണ് രാജ്യത്തെ ഭക്ഷ്യ സുരക്ഷ റെഗുലേറ്ററായ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡാര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). ചട്ടം നടപ്പായാൽ ഭക്ഷ്യോത്പന്നത്തെ അറിഞ്ഞുകൊണ്ട് ഉത്പന്നങ്ങള്‍ വാങ്ങാന്‍ സാഹചര്യമൊരുങ്ങും.
പാക്ക് ചെയ്ത ഭക്ഷണങ്ങളുടെ പാക്കിംഗിന്റെ മുന്‍വശത്ത് ന്യൂട്രീഷന്‍ ലേബലിങ്ങിനായി (എഫ്ഒപിഎല്‍) നിയമങ്ങള്‍ രൂപീകരിക്കുന്ന പ്രക്രിയയിലാണ് എഫ്എസ്എസ്എഐ എന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബറില്‍ ഇത് സംബന്ധിച്ച കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഇതില്‍ ഭക്ഷണത്തില്‍ ചേര്‍ത്തിരിക്കുന്ന ചേരുവകളുടെ വിവരങ്ങള്‍ക്കൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരത്തിന് സ്റ്റാര്‍ റേറ്റിംഗും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മദ്യക്കുപ്പികളുടെ മുന്‍വശത്ത് നല്‍കിയിരിക്കുന്ന ജാഗ്രതാ മുന്നറിയിപ്പിന് സമാനമായി, ഒരു ദിവസം എത്രമാത്രം ഉത്പന്നം ഉപയോഗിക്കാമെന്ന് സൂചിപ്പിക്കാന്‍ എന്തെങ്കിലും തരത്തിലുള്ള ജാഗ്രതാ മുന്നറിയിപ്പ് ഉണ്ടായിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നു. ഒന്നു മുതല്‍ അഞ്ച് വരെയുള്ള സ്റ്റാര്‍ റേറ്റിംഗിലൂടെ ഭക്ഷ്യോത്പന്നത്തില്‍ അടങ്ങിയിരിക്കുന്ന ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയക്കനുസരിച്ച് ഭക്ഷ്യോത്പന്നം എത്രമാത്രം ആരോഗ്യകരമാണെന്ന് ഉപഭോക്താക്കള്‍ക്ക് മനസിലാക്കാം. എന്നാല്‍, തങ്ങളുടെ ബിസിനസിനെ ഈ നീക്കം ബാധിക്കും എന്നാണ് പാക്ക് ചെയ്ത ഭക്ഷ്യോത്പന്നങ്ങള്‍ തയ്യാറാക്കുന്നവരുടെ അഭിപ്രായം. അപകടം സൂചിപ്പിക്കുന്ന റെഡ്, പച്ച കളറുകള്‍ പോഷകാഹാരത്തിന്റെ നില, ഭക്ഷ്യോത്പന്നം എത്രമാത്രം ആരോഗ്യകരമാണെന്ന് തെളിയിക്കുന്ന സ്റ്റാര്‍ റേറ്റിംഗ്, മുന്നറിയിപ്പ് ചിഹ്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി തരം ലേബലുകള്‍ പരിഗണിക്കപ്പെട്ടിരുന്നു.