image

15 Nov 2022 4:00 AM GMT

News

'ധന പാഠങ്ങള്‍' ഇനി സ്‌കൂള്‍ പാഠ്യപദ്ധതിയിലും: സാമ്പത്തിക സാക്ഷരതയ്ക്ക് ആര്‍ബിഐ

Thomas Cherian K

ധന പാഠങ്ങള്‍ ഇനി സ്‌കൂള്‍ പാഠ്യപദ്ധതിയിലും: സാമ്പത്തിക സാക്ഷരതയ്ക്ക് ആര്‍ബിഐ
X


ഡെല്‍ഹി: സമ്പദ് വ്യവസ്ഥയിലെ ചലനങ്ങള്‍ സാധാരണക്കാരന്റെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നത് സംബന്ധിച്ച ധാരണയില്ലായ്മ യ്ക്ക് അറുതി വരുത്താന്‍ ആര്‍ബിഐ. രാജ്യത്തെ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ധനപാഠങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സാമ്പത്തിക സാക്ഷരതാ പദ്ധതി അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രബാങ്ക്.. സാമ്പത്തിക രംഗത്തെ അടിസ്ഥാന കാര്യങ്ങളെ പറ്റി ലളിതമായ ഭാഷയില്‍ ലഭ്യമാകാത്ത അവസ്ഥ മാറ്റുകയാണ് ഇതിന്റെ ലക്ഷ്യം. ധന പാഠങ്ങള്‍ സ്‌കൂള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിനോട്് സംസ്ഥാനങ്ങള്‍ അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ആര്‍ബി ഐ വ്യക്തമാക്കി. രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങള്‍ ഒഴികെ ബാക്കിയെല്ലാം പദ്ധതിയുമായി സഹകരിക്കാന്‍ സന്നദ്ധത അറിയിച്ചുവെന്നും ആര്‍ബിഐ ഇറക്കിയ പ്രസ്താവനയിലുണ്ട്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ സ്കൂൾ സിലബസിൽ ഇത് ഉൾപ്പെടുത്തും.

സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട അടിസ്ഥാന കാര്യങ്ങള്‍ ഉള്‍പ്പെടുന്ന പാഠ്യപദ്ധതി വഴി രാജ്യത്തെ ഓരോ വിദ്യാര്‍ത്ഥിയിലും സാമ്പത്തികമായ അറിവ് വര്‍ധിപ്പിക്കുവാന്‍ സാധിക്കുമെന്ന് ആര്‍ബിഐ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അനില്‍ കുമാര്‍ ശര്‍മ്മ പറഞ്ഞു. പാഠ്യപദ്ധതിയ്ക്ക് വേണ്ട ഉള്ളടക്കം തയാറാക്കുന്നതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട് സെബി ഉള്‍പ്പടെയുള്ള മറ്റ് റെഗുലേറ്റര്‍മാരായും ചര്‍ച്ച നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആറാം ക്ലാസ് മുതല്‍

ആറാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടാണ് പാഠ്യപദ്ധതി നടപ്പിലാക്കുക. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ബിസിനസ് കറസ്പോണ്ടന്റ് ചട്ടക്കൂട് നേരത്തെ നിര്‍മ്മിച്ചിരുന്നുവെങ്കിലും ഇത് പ്രതീക്ഷയ്ക്കൊത്ത് നില്‍ക്കുന്നതായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പദ്ധതിയില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ആര്‍ബിഐ. പദ്ധതി നടപ്പിലാകുന്നതോടെ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ ഉള്‍പ്പടെ വലിയ ആയാസമില്ലാതെ മനസിലാക്കിയെടുക്കുവാനും സമ്പദ് വ്യവസ്ഥയിലെ ചലനങ്ങള്‍ സ്വന്തം ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കുന്നതിനും വിദ്യാര്‍ത്ഥികളെ സഹായിക്കും.

ചെറുപ്രായത്തിലെ സമ്പാദ്യശീലം

മുതിര്‍ന്നവരിലേക്കുള്‍പ്പടെ ഈ അറിവുകള്‍ അവര്‍ക്ക് പകര്‍ന്നു നല്‍കുവാനും സാധിക്കും. ഇതിന് പുറമേ ചെറു പ്രായം തൊട്ടുള്ള സമ്പാദ്യ ശീലം വികസിക്കും. സര്‍ക്കാര്‍ തലത്തിലും സ്വകാര്യ മേഖലയിലും നിലനില്‍ക്കുന്ന നിക്ഷേപ മാര്‍ഗങ്ങളിലേക്ക് നേരത്തെ തന്നെ എത്തുന്നതിനും പാഠ്യപദ്ധതി വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കും. മൂന്ന് സംസ്ഥാനങ്ങള്‍ ആര്‍ബിഐയുടെ നീക്കത്തോട് യോജിച്ചിട്ടില്ല. ഈ സംസ്ഥാനങ്ങള്‍ ഏതാണെന്നും ഇവ പിന്നീട് തീരുമാനം മാറ്റിയേക്കുമോ എന്നതിലും വ്യക്തതയില്ല. സെബി ഏതാനും മാസം മുന്‍പ് നടത്തിയ സര്‍വേ പ്രകാരം രാജ്യത്തെ സാമ്പത്തിക സാക്ഷരതാ നിരക്ക് വെറും 27 ശതമാനമാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ പിന്നിലാണ്.

യുഎസ് പിന്നില്‍

ആഗോളതലത്തില്‍ നോക്കിയാല്‍ നോര്‍വേയും ഡെല്‍മാര്‍ക്കും സ്വീഡനുമാണ് ഏറ്റവുമധികം സാമ്പത്തിക സാക്ഷരതയുള്ള രാജ്യങ്ങള്‍. ഈ മൂന്നിലും 71 ശതമാനമാണ് സാമ്പത്തിക സാക്ഷരതാ നിരക്കെന്ന് ഈ വര്‍ഷം സര്‍വേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കാനഡയിലും ഇസ്രായേലിലും 68 ശതമാനമാണ് സാമ്പത്തിക സാക്ഷരതാ നിരക്ക്. യുകെയില്‍ ഇത് 67 ശതമാനമാണ്. ആഗോള സാമ്പത്തിക ശക്തിയില്‍ മുന്‍നിരയിലുള്ള അമേരിക്കയ്ക്ക് ഏറ്റവുമധികം സാമ്പത്തിക സാക്ഷരതയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യപത്തില്‍ എത്താന്‍ സാധിച്ചിട്ടില്ലെന്നും ഓര്‍ക്കണം. 57 ശതമാനമാണ് യുഎസിലെ സാമ്പത്തിക സാക്ഷരതാ നിരക്ക് (യുഎസിലെ റിസര്‍ച്ച് സ്ഥാപനമായ മില്‍ക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം).