20 Jan 2025 10:37 AM GMT
Summary
- റീല്‍സിന്റെ ദൈര്‍ഘ്യം മൂന്നുമിനിറ്റായി ഉയര്‍ത്തി
- ഷോര്‍ട്‌സിന് സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്
- പ്രൊഫൈല്‍ ഗ്രിഡുകളില്‍ മാറ്റവും കൊണ്ടുവന്നു
റീല്‍സ് കാണുമ്പോള്‍ അല്‍പ്പസമയം കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് ചിന്തിക്കാത്തവര്‍ ആരുമുണ്ടാകില്ല. ഇതിന് പരിഹാരവുമായി എത്തിയിരിക്കുകയാണ് ഇന്‍സ്റ്റഗ്രാം.
റീല്‍സ് വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിച്ചതുള്‍പ്പെടെയുള്ള പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോള്‍ പ്രഖ്യാച്ചിട്ടുള്ളത്. റീല്‍സിന്റെ ദൈര്‍ഘ്യം ഇനി മൂന്നുമിനിറ്റായി ഉയരും.ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസ്സെരിയാണ് പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്.
റീല്‍സ് ആരാധകരുടെയും ക്രിയേറ്റര്‍മാരുടെയും പ്രധാന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ഇന്‍സ്റ്റഗ്രാം. റീല്‍സുകളുടെ സമയ പരിമിതിയായിരുന്നു ക്രിയേറ്റര്‍മരുടെ പ്രധാന വെല്ലുവിളി. എന്നാല്‍ 90 സെക്കന്‍ഡ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകളുടെ ദൈര്‍ഘ്യം മൂന്ന് മിനിറ്റ് വരെ ഉയര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍.
യൂട്യൂബ് ഷോര്‍ട്‌സിന്റെ സമാനമായ വീഡിയോ ദൈര്‍ഘ്യമാണിത്. യുഎസില്‍ ടിക്ടോക് നിരോധനം ചര്‍ച്ചാവിഷയമാകുന്ന സാഹചര്യത്തിലാണ് ഇന്‍സ്റ്റഗ്രാം മേധാവി ആദം മോസ്സെരി ഈ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്്.
ഉപഭോക്താക്കളുടെ അഭിപ്രായങ്ങള്‍ മാനിച്ചാണ് റീല്‍സ് വീഡിയോകളുടെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത് എന്ന്് മോസ്സെരി പറഞ്ഞു. എന്നാല്‍ ടിക് ടോക്കില്‍ 60 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ്ലോഡ് ചെയ്യാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്.
ഇതിനൊപ്പം പ്രൊഫൈല്‍ ഗ്രിഡുകളില്‍ മാറ്റവും ഇന്‍സ്റ്റഗ്രാം കൊണ്ടുവന്നിട്ടുണ്ട്.
ഒരു ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍, പ്രൊഫൈല്‍ ഗ്രിഡുകള്‍ ഇപ്പോള്‍ ചതുരങ്ങള്‍ക്ക് പകരം ദീര്‍ഘചതുരങ്ങളായി ഉള്ളടക്കം പ്രദര്‍ശിപ്പിക്കുമെന്ന് മൊസേരി വെളിപ്പെടുത്തി.
ഫീഡിനുള്ളില്‍ നേരിട്ട് സംഭാഷണങ്ങളില്‍ ഏര്‍പ്പെടാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന, സുഹൃത്തുക്കള്‍ ഇഷ്ടപ്പെടുന്ന വീഡിയോകള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു പുതിയ വിഭാഗം റീല്‍സ് ടാബില്‍ ഉള്‍പ്പെടുത്തുമെന്നും മൊസേരി അറിയിച്ചു. ആഗോളതലത്തില്‍ വികസിപ്പിക്കുന്നതിന് മുമ്പ് തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ ഈ ഫീച്ചര്‍ ആദ്യം പുറത്തിറങ്ങും.
ക്രിയേറ്റീവ് ടൂളുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു വീഡിയോ എഡിറ്റിംഗ് ആപ്ലിക്കേഷനും ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചു.