image

24 Jan 2025 6:34 AM GMT

News

പോയാൽ 400 രൂപ, കിട്ടിയാൽ 20 കോടി ! ക്രിസ്തുമസ് - നവവത്സര ബമ്പറിന് റെക്കോഡ് വില്പന

MyFin Desk

record sales for christmas and new year bumper
X

Summary

ക്രിസ്തുമസ് - നവവത്സര ബമ്പറിന് റെക്കോഡ് വില്പന


നറുക്കെടുപ്പിന് കേവലം 13 ദിനങ്ങൾ മാത്രം ബാക്കി നിൽക്കേ സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റ് റെക്കോഡ് വില്പന തുടരുന്നു. വിതരണത്തിനു നൽകിയ 40 ലക്ഷം ടിക്കറ്റുകളിൽ ഇന്നലെ (ജനുവരി - 23) വരെ 33,78,990 ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ ക്രിസ്തുമസ് - നവവത്സര ബമ്പർ ടിക്കറ്റു വില്പനയുമായി താരതമ്യം ചെയ്യുമ്പോൾ 11 ലക്ഷത്തോളം ടിക്കറ്റുകൾ ഇത്തവണ അധികമായിട്ടാണ് വിറ്റു പോയിട്ടുള്ളത്.

ബമ്പർ ടിക്കറ്റു വില്പനയിൽ നിലവിൽ ഒന്നാം സ്ഥാനത്ത് 6,95,650 ടിക്കറ്റുകൾ വിറ്റഴിച്ച പാലക്കാട് ജില്ലയാണ്. 3,92,290 ടിക്കറ്റുകൾ വിറ്റു കൊണ്ട് തിരുവനന്തപുരം ജില്ല രണ്ടാം സ്ഥാനത്തുണ്ട്. വില്പനയിൽ മൂന്നാം സ്ഥാനത്ത് 3,60,280 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ലയുമാണുള്ളത്. 400 രൂപ ടിക്കറ്റു വിലയുള്ള ക്രിസ്തുമസ് - നവവത്സര ബമ്പറിന് ഒന്നാം സമ്മാനം 20 കോടി രൂപയാണ് നൽകുന്നത്.

20 പേർക്ക് ഒരു കോടി രൂപ വീതമാണ് രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനം 10 ലക്ഷം വീതം ഓരോ പരമ്പരക്കും 3 വീതം ആകെ 30 പേർക്കും നൽകും. നാലാം സമ്മാനമായി 3 ലക്ഷം വീതം ഓരോ പരമ്പരക്കും 2 വീതം 20 പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം ഓരോ പരമ്പരയ്ക്കും രണ്ടു വീതം 20 പേർക്കും നൽകുന്നുണ്ട്. ഫെബ്രുവരി 5 ന് ഉച്ചതിരിഞ്ഞ് രണ്ടു മണിക്കാണ് നറുക്കെടുപ്പ്.