27 Nov 2023 5:24 PM IST
രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന വിദേശ കറൻസി പണമിടപാട് സ്ഥാപനങ്ങളുടെയും ഓൺലൈൻ പോർട്ടലുകളുടെയും പട്ടിക പുറത്തുവിട്ട് റിസർവ് ബാങ്ക്.
എഫ്എക്‌സ് സ്മാര്‍ട്ട്ബുൾ, ജസ്റ്റ് മാര്‍ക്കെറ്റ്സ്, ഗോഡോ എഫ്എക്‌സ്, തുടങ്ങി 19 ഫോറെക്സ് ട്രേഡിങ്ങ് പ്ലാറ്റുഫോമുകൾ ഉൾപ്പെടെ വിദേശനാണ്യ വിനിമയ നിയമപ്രകാരം മതിയായ അംഗീകാരമില്ലാതെ വിദേശ കറൻസി ഇടപാട് നടത്തുന്ന 75 സ്ഥാപനങ്ങളുടെയും പോർട്ടലുകളുടെയും പട്ടികയാണ് ആർബിഐ പുറത്തുവിട്ടത്.
ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റ്, 1999 പ്രകാരം ഫോറെക്‌സ് ഇടപാടുകൾ നടത്താനോ ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ ഡയറക്ഷൻസ് 2018 പ്രകാരം ഫോറെക്‌സ് ഇടപാടുകൾക്കായി ഇലക്ട്രോണിക് ട്രേഡിംഗ് പ്ലാറ്റ്‌ഫോം പ്രവർത്തിപ്പിക്കാനോ ഈ കമ്പനികൾക്ക് അധികാരമില്ലെന്ന് ആർ ബി ഐ പറയുന്നു. മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങളെയാണ് റിസർവ് ബാങ്ക് ജാഗ്രത പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. -
അഡ്മിറൽ മാർക്കറ്റ്, ബ്ലാക്ക്ബുൾ, ഈസി മാർക്കറ്റ്സ്, എൻക്ലേവ് എഫ്എക്സ്, ഫിനോവിസ് ഫിൻടെക്, എഫ്എക്സ് സ്മാർട്ട്ബുൾ, എഫ്എക്സ് ട്രേ മാർക്കറ്റ്, ഫോറെക്സ് 4യൂ, ഗ്രോയിംഗ് ക്യാപിറ്റൽ സർവീസസ്, എച്ച്എഫ് മാർക്കറ്റുകൾ, എന്നിവയാണ് ആർബിഐ പട്ടികയിൽ ചേർത്തിട്ടുള്ള മറ്റ് സ്ഥാപനങ്ങൾ.
മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബാങ്ക് ഓഫ് ബറോഡ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സിറ്റി ബാങ്ക് എന്നിവക്ക് റിസർവ് ബാങ്ക് 10.34 കോടി രൂപ പിഴയും നൽകി. അനധികൃത സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വെബ്സൈറ്റുകൾ, പ്ലാറ്റുഫോമുകൾ എന്നിവയും പട്ടികയിലുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.