image

25 Oct 2024 4:08 PM GMT

News

കരുതൽ ! രത്തൻ ടാറ്റയുടെ സ്വത്തില്‍ ഒരു പങ്ക് നായ ടിറ്റോയ്ക്ക്

MyFin Desk

കരുതൽ ! രത്തൻ ടാറ്റയുടെ സ്വത്തില്‍ ഒരു പങ്ക് നായ ടിറ്റോയ്ക്ക്
X

രത്തൻ ടാറ്റയുടെ വിയോഗത്തിനു ശേഷം അദ്ദേഹത്തിന്റെ സ്വത്തുക്കളെക്കുറിച്ചും അത് ആർക്കു ലഭിക്കുമെന്നുമായിരുന്നു ചർച്ചകൾ. എന്നാൽ ആർക്കെല്ലാം എന്തൊക്കെ നൽകണമെന്നു കൃത്യമായ തീരുമാനം മുൻകൂട്ടി തന്നെ അദ്ദേഹം ഉറപ്പിച്ചിട്ടുണ്ടായിരുന്നു. മരിക്കും മുൻപ് തന്നെ വിൽപത്രം തയ്യാറാക്കുകയും ചെയ്തിരുന്നു. ആലി ബാഗിലെ 2000 ചതുരശ്രയടി വിസ്തൃതിയുള്ള ബീച്ച് ബംഗ്ലാവ്, ജൂഹു താര റോഡിലെ ഇരുനില കെട്ടിടം, 350 കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപം, ടാറ്റ സൺസിലെ 0.83 ശതമാനം ഓഹരി എന്നിവയാണ് സ്വത്തുക്കൾ.

സ്വത്തിന്‍റെ ഒരു ഭാഗം അദ്ദേഹത്തിന്‍റെ ടിറ്റോ എന്ന നായയ്ക്ക് മികച്ച പരിചരണം ഉറപ്പാക്കാനായി നീക്കി വച്ചിട്ടുണ്ട്. രാജൻ ഷാ എന്നയാൾക്കാണ് നായയെ സംരക്ഷിക്കാനുള്ള ചുമതല. നായയ്ക്ക് സ്വത്തിന്‍റെ പങ്ക് എഴുതി വയ്ക്കുന്നത് വിദേശ രാജ്യങ്ങളിൽ സാധാരണമാണെങ്കിലും ഇന്ത്യയിൽ അപൂർവമാണ്.

10,000 കോടി രൂപയിലധികം വരുന്ന ആസ്തിയുള്ള രത്തന്‍ ടാറ്റ സഹോദരന്‍ ജിമ്മി ടാറ്റ, സഹോദരിമാരായ ഷിറിന്‍, ഡീന ജെജീബോയ്, ഏതാനും സ്റ്റാഫുകള്‍ എന്നിവര്‍ക്കായും സ്വത്ത് വീതം വച്ചിട്ടുണ്ട്. രത്തൻ ടാറ്റയുടെ പാചകക്കാരനായ സുബ്ബയ്യക്കാണ് സ്വത്തിലെ ഒരു പങ്ക്. 30 വർഷത്തിലധികമായി അദ്ദേഹത്തിൻറെ പചകക്കാരനാണ് സുബ്ബയ്യ. ഉറ്റ സുഹൃത്തും സന്തത സഹചാരിയുമായ ശന്തനു നായിഡുവിനോടും രത്തന്‍റെ കരുതലുണ്ട്. വിദേശ പഠനത്തിനായി ശന്തനുവെടുത്ത വായ്പ എഴുതി തള്ളമെന്ന് അദ്ദേഹം നിർദ്ദേശിച്ചിട്ടുണ്ട്.

രത്തന്‍ ടാറ്റ മരിക്കുന്നത് വരെ താമസിച്ചിരുന്ന കൊളാബയിലെ ഹലേകായ് വീട് ടാറ്റ സണ്‍സിന്‍റെ അനുബന്ധ സ്ഥാപനമായ എവാര്‍ട്ട് ഇന്‍വെസ്റ്റ്മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ളതാണ്. എവാര്‍ട്ട് ഇന്‍വെസ്റ്റ്മെന്‍റിനെ പറ്റി തീരുമാനം എടുക്കുക എവാര്‍ട്ട് ആയിരിക്കും. ടാറ്റ സൺസിലെ അദ്ദേഹത്തിന്‍റെ ഓഹരികൾ രത്തൻ ടാറ്റ എൻ‍ഡോവ്മെൻറ് ഫൗണ്ടേഷനിലേക്കു മാറ്റും. ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ക്ക് ഓഹരികള്‍ കൈമാറുന്ന ടാറ്റ ഗ്രൂപ്പിന്‍റെ പാരമ്പര്യം അനുസരിച്ച്, ടാറ്റ സണ്‍സിലെ അദ്ദേഹത്തിന്‍റെ ഓഹരികള്‍ എന്‍ഡോവ്മെന്‍റ് ഫൗണ്ടേഷന് (ആര്‍ടിഇഎഫ്) കൈമാറും.

ആഡംബര കാറുകൾ ഉൾപ്പെടെ 30ഓളം കാറുകളുടെ ശേഖരമുണ്ട് രത്തന്. ഇതെല്ലാം കൊളാബയിലെ വീട്ടിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇവ ലേലത്തിൽ വിൽക്കാനോ, പുനെയിലെ മ്യൂസിയത്തിലേക്കോ മാറ്റും. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളും മ്യൂസിയത്തിലേക്ക് സംഭാവന നൽകും. രത്തന്‍ ടാറ്റയുടെ വില്‍പത്രം മുംബൈ ഹൈക്കോടതി പരിശോധിച്ച ശേഷമായിരിക്കും പ്രാബല്യത്തില്‍ വരുത്തുക.