2 Jan 2025 5:51 AM GMT
23ാംമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ ഉള്‍പ്പടെ ചടങ്ങില്‍ സംബന്ധിച്ചു.
സത്യാപ്രതിജ്ഞാ ചടങ്ങിന് ശേഷം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പുതിയ ഗവര്‍ണറെ അഭിനന്ദിച്ചു. ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസും ഗവര്‍ണറുടെ സത്യാപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.
ദീര്‍ഘകാലം ആര്‍എസ്എസ് ചുമതലകള്‍ വഹിച്ച ശേഷം 1989ലാണ് രാജേന്ദ്ര അര്‍ലേകര്‍ ബിജെപിയില്‍ അംഗത്വമെടുക്കുന്നത്. ഗോവയില്‍ സ്പീക്കര്‍,മന്ത്രി എന്നീ നിലകളില്‍ പ്രവർത്തിച്ചു.രാജേന്ദ്ര അര്‍ലേകര്‍ സ്പീക്കറായിരുന്ന വേളയിലാണ് രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത്.
ജനുവരി 17 മുതൽ നിയമസഭാ സമ്മേളനം ചേരാൻ ഗവർണറോട് ശുപാർശചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതിയ ഗവർണർ രാജേന്ദ്ര ആർലേകറുടെ നയപ്രഖ്യാപനത്തോടെ സമ്മേളനത്തിന് തുടക്കമാകും. നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെ തീരുമാനിച്ചിരുന്നു. കെ എൻ ബാലഗോപാൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവരാണ് അംഗങ്ങൾ. നയപ്രഖ്യാപന പ്രസംഗം തയ്യാറാക്കുന്നതിനായി വിവരങ്ങൾ വകുപ്പുകളിൽ നിന്നും ശേഖരിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചുമതലപ്പെടുത്തി.