image

26 Oct 2024 11:47 AM GMT

News

യാത്രക്കാർ ഡബിൾ ഹാപ്പി! കിടിലൻ ലുക്കിൽ 'വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിൻ'

MyFin Desk

യാത്രക്കാർ ഡബിൾ ഹാപ്പി! കിടിലൻ ലുക്കിൽ വന്ദേ ഭാരത് സ്ലീപ്പര്‍  ട്രെയിൻ
X

വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ ചിത്രങ്ങൾ പുറത്തുവിട്ട് റെയിൽവേ. രാജധാനി ട്രെയിനുകളെ വെല്ലുന്ന സൗകര്യങ്ങളോടെയാണ് സ്ലീപ്പർ കോച്ചുകൾ നിർമ്മിച്ചിരിക്കുന്നത്. 800 മുതൽ 1,200 കിലോമീറ്റർ വരെയുള്ള ദീർഘദൂര രാത്രി യാത്രകൾക്കാണ് സ്ലീപ്പർ ട്രെയിനുകൾ പരിഗണിക്കുക. പൂര്‍ണമായും ശീതികരിച്ച, അത്യാധുനിക സൗകര്യങ്ങളുള്ള വന്ദേഭാരത് ട്രെയിന്‍ ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ സഹകരണത്തോടെ (ഐസിഎഫ്) ഭാരത് എര്‍ത് മൂവേഴ്‌സ് ലിമിറ്റഡ് (ബിഇഎംഎല്‍) ആണ് നിര്‍മിക്കുന്നത്.

ജിപിഎസ് അടിസ്ഥാനമാക്കിയുള്ള എല്‍ഇഡി ഡിസ്‌പ്ലേ, ഇന്റഗ്രേറ്റഡ് റീഡിങ് ലൈറ്റ്, വിശാലമായ ലഗേജ് റൂം, ചാര്‍ജിങ് സോക്കറ്റുകള്‍,കൂട്ടിയിടി ഒഴിവാക്കാന്‍ കവച് സംവിധാനം, ഡ്രൈവര്‍ ക്യാബിനിലേക്കുള്ള എമര്‍ജന്‍സി ടോക്ക് ബാക്ക് യൂണിറ്റ്, വിഷ്വല്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം തുടങ്ങിയ സൗകര്യങ്ങളെല്ലാം കോച്ചുകളിലുണ്ട്. ബയോ വാക്വം ടോയ്ലറ്റുകള്‍, ചൂടുവെള്ളത്തില്‍ കുളിക്കാനുള്ള സൗകര്യം, സിസിടിവി, പാസഞ്ചര്‍ അനൗണ്‍സ്‌മെന്റ് സംവിധാനം എന്നിവയും പ്രത്യേകതയാണ്. മുകളിലെ ബെര്‍ത്തില്‍ കയറാനായി പ്രത്യേകം രൂപകല്‍പന ചെയ്ത ഗോവണിയും ദിവ്യാംഗര്‍ക്ക് ഉപയോഗിക്കാനാകും വിധത്തിലുള്ള സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്.

പതിനാറ് സ്റ്റെയിൻലസ് സ്റ്റീൽ കോച്ചുകളാണ് വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഉണ്ടാകുക. 11 എസി ത്രീ ടയർ, നാല് എസി ടൂ ടയർ, ഒരു ഫസ്റ്റ്ക്ലാസ് എസി കോച്ച് എന്നിങ്ങനെ 823 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇവയുടെ നിര്‍മാണ ചെലവ് 12 കോടി രൂപയാണ്.