31 March 2025 6:59 AM
സംസ്ഥാനത്ത് റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് നിരക്കുകൾ വർധിപ്പിക്കാൻ തീരുമാനിച്ചു. ഇരുപതു മുതൽ മുപ്പത് ശതമാനം വരെയാണ് വർധന. പുതിയ നിരക്കനുസരിച്ച് അടിസ്ഥാന നിരക്ക് ഇരുചക്രവാഹനങ്ങൾക്ക് രണ്ടു മണിക്കൂർ വരെ 10 രൂപയും രണ്ടു മുതൽ എട്ട് മണിക്കൂർ വരെ 20 രൂപയും എട്ട് മുതൽ ഇരുപത്തിനാല് മണിക്കൂർ വരെ 30 രൂപയുമാണ്. ഓട്ടോ, കാർ എന്നിവയ്ക്ക് ഇത് യഥാക്രമം 30, 50, 80 എന്നിങ്ങനെയാണ്. മാസാടിസ്ഥാനത്തിലാണെങ്കിൽ ഇരുചക്രവാഹനങ്ങൾക്ക് 600 രൂപയാകും. ഹെൽമെറ്റ് പ്രത്യേകം സൂക്ഷിക്കണമെങ്കിൽ 10 രൂപ ഈടാക്കാനും തീരുമാനമുണ്ട്.
2017ലാണ് അവസാനമായി റെയിൽവേ പാർക്കിങ് നിരക്കുകൾ പരിഷ്കരിച്ചത്. എട്ടു വർഷത്തിനു ശേഷമാണ് നിരക്കുകൾ കൂട്ടുന്നതെന്നും കാലോചിതമായ വർധന മാത്രമേ നടപ്പാക്കിയിട്ടുള്ളൂവെന്നും റെയിൽവേ അധികൃതർ പറഞ്ഞു. യാത്രക്കാർക്കായി മികച്ച സൗകര്യങ്ങൾ സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. അതേസമയം തിരുവനന്തപുരം കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ വർധന നടപ്പാക്കിക്കഴിഞ്ഞു. ഉടൻ തന്നെ വിവിധ സ്റ്റേഷനുകളിലും പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.