3 Dec 2022 11:10 AM IST
യാത്രക്കാരുടെ എണ്ണം കൂടുന്നു: 8 മാസം കൊണ്ട് 43,324 കോടി രൂപയുടെ വരുമാനവുമായി ഇന്ത്യന്‍ റെയില്‍വേ
MyFin Desk
Summary
ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനം വര്‍ധിച്ചതായി റെയില്‍വേ ഇറക്കിയ അറിയിപ്പിലുണ്ട്.
ഡെല്‍ഹി: കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്ന് ഏകദേശം ഒരു വര്‍ഷം പിന്നിടുമ്പോള്‍ വരുമാനത്തില്‍ മികച്ച വര്‍ധന നേടി ഇന്ത്യന്‍ റെയില്‍വേ. പാസഞ്ചര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 76 ശതമാനം വര്‍ധിച്ചതായി റെയില്‍വേ ഇറക്കിയ അറിയിപ്പിലുണ്ട്.
ഈ കാലയളവില്‍ 43,324 കോടി രൂപയായിരുന്നു മൊത്ത വരുമാനമായി (പാസഞ്ചര്‍ വിഭാഗത്തില്‍) റെയില്‍വേയ്ക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 24,631 കോടി രൂപയായിരുന്നു.
റിസേര്‍വ്ഡ് പാസഞ്ചര്‍ വിഭാഗത്തില്‍, ആകെ ബുക്ക് ചെയ്ത യാത്രക്കാരുടെ എണ്ണം 53.65 കോടിയായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 48.60 കോടിയായിരുന്നു. 10 ശതമാനത്തിന്റെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
റിസേര്‍വ്ഡ് പാസഞ്ചര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്ത 22,904 കോടി രൂപയില്‍ നിന്ന് 50 ശതമാനം വര്‍ധിച്ച് 34,303 കോടി രൂപയായി.
അണ്‍ റിസേര്‍വ്ഡ് പാസഞ്ചര്‍ വിഭാഗത്തില്‍ യാത്രകരുടെ എണ്ണം ഈ കാലയളവില്‍ 138.13 കോടിയില്‍ നിന്നും 155 ശതമാനം വര്‍ധിച്ച് 352.73 കോടിയായി. ഈ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 1,728 കോടി രൂപയില്‍ നിന്നും 9,021 കോടി രൂപയായി എന്നും റെയില്‍വേ ഇറക്കിയ അറിയിപ്പിലുണ്ട്.