image

2 Feb 2025 9:20 AM GMT

News

3 വർഷത്തിനുള്ളിൽ 200 വന്ദേഭാരത്, 100 അമൃത് ഭാരത്, വമ്പന്‍ പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി

MyFin Desk

200 new vande bharat trains to be launched in the country in three years
X

മൂന്നു വർഷത്തിനുള്ളിൽ രാജ്യത്ത് 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കുമെന്ന് കേന്ദ്ര റയിൽവെമന്ത്രി അശ്വിനി വൈഷ്ണവ്. ഇതിനായുളള തുക ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്ന്‌ മന്ത്രി പറഞ്ഞു. ലോക്‌സഭയിൽ കേന്ദ്ര ബജറ്റ് അവതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു റയിൽവെ മന്ത്രി.

പുതിയ വന്ദേ ഭാരതിന് പുറമേ രാജ്യത്ത് 100 അമൃത് ഭാരത് ട്രെയിനുകളും 50 നമോ ഭാരത് റാപ്പിഡ് റെയിലും നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മൂന്നു വർഷത്തിനിടെ 17,500 ജനറൽ നോൺ എസി കോച്ചുകൾ നിർമ്മിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ ട്രെയിനുകളും ആധുനിക കോച്ചുകളും അനുവദിക്കുന്നത് സാധാരണക്കാരുടെയും, മധ്യവർ​ഗത്തിൽപ്പെടുന്ന ആളുകളുടെയും യാത്ര കൂടുതൽ സൂ​ഗമമാക്കും.

2025-26 സാമ്പത്തിക വർഷത്തെ ബജറ്റിൽ 2,52,000 കോടി രൂപയാണ് റെയിൽവേ മന്ത്രാലയത്തിന് വകയിരുത്തിയിരിക്കുന്നത്. റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 4,60,000 കോടി രൂപയാണ് ഈ ബജറ്റിൽ പ്രഖ്യാപിച്ചിട്ടുളളത്. സുരക്ഷയ്ക്ക് ഊന്നൽ നൽകിക്കൊണ്ട്, ഇന്ത്യൻ റെയിൽവേയുടെ സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ചെലവുകൾക്കായി 1,16,000 കോടി രൂപ ബജറ്റിൽ വകയിരുത്തി.