image

10 April 2023 5:30 AM

News

ഖത്തറിന്റെ ക്ലീന്‍ എനര്‍ജി ലക്ഷ്യം ഫലം കാണുന്നു; രണ്ട് സോളാര്‍ എനര്‍ജി പ്ലാന്റുകള്‍ കൂടി തുറക്കും

MyFin Desk

ഖത്തറിന്റെ ക്ലീന്‍ എനര്‍ജി ലക്ഷ്യം ഫലം കാണുന്നു; രണ്ട് സോളാര്‍ എനര്‍ജി പ്ലാന്റുകള്‍ കൂടി തുറക്കും
X

Summary

  • 880 മെഗാവാട്ട് പ്ലാന്റിന്റെ ശേഷിയായി കണക്കാക്കുന്നു
  • രണ്ട് വര്‍ഷത്തിനകം തന്നെ പദ്ധതി പൂര്‍ത്തിയാകും


എല്ലാ മേഖലയിലും മുന്നിലെത്താന്‍ ശ്രമിക്കുന്ന ഖത്തര്‍ വികസനങ്ങളുടെ അടിസ്ഥാന മേഖലയായ ഊര്‍ജ മേഖലയിലും നേട്ടം കൊയ്യുന്നു. ഈ മേഖലയിലെ ക്ലീന്‍ എനര്‍ജി ദൗത്യവുമായി ഖത്തര്‍ മുന്നോട്ട് കുതിക്കുകയാണ്.

രാജ്യത്ത് രണ്ട് വര്‍ഷത്തിനകം രണ്ട് സോളാര്‍ എനര്‍ജി പ്ലാന്റുകള്‍ കൂടി സ്ഥാപിക്കാനാണ് ഖത്തറിന്റെ പദ്ധതി. 880 മെഗാവാട്ട് വൈദ്യുതിയാണ് പ്ലാന്റിന്റെ ശേഷിയായി കണക്കാക്കിയിരിക്കുന്നത്.

മിസഈദിലും റാസ് ലഫാനിലുമായാണ് രണ്ട് പുതിയ സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മിസഈദില്‍ നിന്ന് 410 മെഗാവാട്ട് വൈദ്യുതിയും റാസ് ലഫാനില്‍ നിന്ന് 470 മെഗാവാട്ട് വൈദ്യുതിയും ഉല്‍പ്പാദിപ്പിക്കുമെന്നും കണക്കുകള്‍ പറയുന്നു.

രണ്ട് വര്‍ഷത്തിനകം തന്നെ പദ്ധതി പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസുകള്‍ പരമാവധി പ്രയോജനപ്പെടുത്താനുള്ള ഖത്തര്‍ എനര്‍ജിയുടെ നയത്തിന്റെ ഭാഗമായാണ് പുതിയ പ്ലാന്റുകള്‍ കൂടി സ്ഥാപിക്കാനൊരുങ്ങുന്നത്.മാത്രമല്ല, ഇതിനോടൊപ്പം കാര്‍ബണ്‍ പുറന്തള്ളല്‍ കുറച്ച് ക്ലീന്‍ എനര്‍ജിക്ക് പ്രാധാന്യം നല്‍കുക എന്ന ഖത്തറിന്റെ പ്രഖ്യാപിത ലക്ഷ്യവും ഇതിലൂടെ ഫലം കാണുന്നുണ്ട്.

അറേബ്യന്‍ മേഖലയിലെ തന്നെ ഏറ്റവും വലിയ സോളാര്‍ പദ്ധതിയും നിലവില്‍ ഖത്തറിലാണ് സ്ഥിതി ചെയ്യുന്നത്. 10 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയിലുള്ള നിലവിലെ അല്‍കര്‍സാ പദ്ധതിയുടെ ശേഷി 800 മെഗാവാട്ട് ആണെന്നാണ് കണക്കുകള്‍ പറയുന്നത്.