image

13 April 2024 5:11 PM IST

News

മലയാള സിനിമക്ക് ' കട്ട് ' പറഞ്ഞ പിവിആറിനോട് ' ഡബിള്‍ കട്ട് ' പറഞ്ഞ് മലയാള സിനിമ

MyFin Desk

മലയാള സിനിമക്ക്  കട്ട്  പറഞ്ഞ പിവിആറിനോട്  ഡബിള്‍ കട്ട്  പറഞ്ഞ് മലയാള സിനിമ
X

Summary

  • കേരളത്തില്‍ പിവിആര്‍-ഐനോക്‌സിന് 44 സ്‌ക്രീനുകളാണ് ഉള്ളത്
  • കൊച്ചി മരട് കുണ്ടന്നൂരിലെ ഫോറം മാളിലെ 9 സ്‌ക്രീനുകളില്‍ ഏപ്രില്‍ 10 ബുധനാഴ്ചയാണ് പിവിആര്‍-ഐനോക്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്
  • വെര്‍ച്വല്‍ പ്രിന്റ് ഫീസുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്


പ്രമുഖ മള്‍ട്ടിപ്ലക്‌സ് ശൃംഖലയായ പിവിആറും മലയാള സിനിമ നിര്‍മാതാക്കളുടെ സംഘടനയുമായി രൂപപ്പെട്ട തര്‍ക്കം പുതിയ തലത്തിലേക്ക്.

വെര്‍ച്വല്‍ പ്രിന്റ് ഫീസുമായി ബന്ധപ്പെട്ടാണ് തര്‍ക്കം ഉടലെടുത്തത്. ഇതേ തുടര്‍ന്ന് പിവിആര്‍ ഏപ്രില്‍ 11 മുതല്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത് നിര്‍ത്തിവച്ചിരുന്നു. ഏപ്രില്‍ 10ന് വിഷു റിലീസായി മൂന്ന് മലയാള ചിത്രങ്ങളാണ് പുറത്തിറങ്ങിയത്. അവയുടെ കളക്ഷനെ ഈ പ്രശ്‌നം ബാധിച്ചു. മാത്രമല്ല, മുന്‍ മാസങ്ങളില്‍ റിലീസ് ചെയ്ത പ്രേമലു, മഞ്ഞുമ്മല്‍ ബോയ്‌സ്, ആട്ജീവിതം തുടങ്ങിയ ചിത്രങ്ങള്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നുണ്ടായിരുന്നു. എന്നാല്‍ പ്രശ്‌നം വന്നതോടെ ഈ ചിത്രങ്ങളെല്ലാം പിവിആര്‍ തിയറ്ററുകളില്‍ നിന്ന് ഒഴിവാക്കി.

ഇതേ തുടര്‍ന്നുണ്ടായ നഷ്ടം നികത്താതെ ഇനി പിവിആര്‍ തിയറ്ററുകളില്‍ മലയാള സിനിമ പ്രദര്‍ശിപ്പിക്കില്ലെന്നാണ് മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക അറിയിച്ചത്. ഫെഫ്കയുടെ നിലപാടിനു മലയാള സിനിമ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ സഹകരണം അറിയിച്ചിട്ടുണ്ട്.

കേരളത്തില്‍ പിവിആര്‍-ഐനോക്‌സിന് 44 സ്‌ക്രീനുകളാണ് ഉള്ളത്. കൊച്ചിയില്‍ ലുലു മാള്‍, ഒബ്‌റോണ്‍ മാള്‍, ഫോറം മാള്‍ ഉള്‍പ്പെടെ 22 സ്‌ക്രീനുകളുണ്ട്.

കൊച്ചി മരട് കുണ്ടന്നൂരിലെ ഫോറം മാളിലെ 9 സ്‌ക്രീനുകളില്‍ ഏപ്രില്‍ 10 ബുധനാഴ്ചയാണ് പിവിആര്‍-ഐനോക്‌സ് പ്രവര്‍ത്തനം ആരംഭിച്ചത്.