24 Sept 2023 6:32 AM
Summary
ഗ്രാമീണ വികസന ഫണ്ടിൽ (ആര്‍ഡിഎഫ്) നിന്ന് സംസ്ഥാനത്തിന് കിട്ടാനുള്ള 5,637 കോടി രൂപ
ആം ആദ്മി സര്‍ക്കാരിനു കീഴില്‍ പഞ്ചാബിന്റെ കടത്തിലുണ്ടായ വര്‍ധന ചോദ്യം ചെയ്ത് ഗവര്‍ണര്‍. സംസ്ഥാനത്തെ കടം 50,000 കോടി രൂപ വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ ഭന്‍വാരിലാല്‍ പുരേഹിത് സര്‍ക്കാരിനോട് തുക ചെലവഴിച്ചതിന്റെ വിശദാംശങ്ങള്‍ തേടിയത്.
ഗ്രാമീണ വികസന ഫണ്ടിലെ (ആര്‍ഡിഎഫ്) കിട്ടാനുള്ള 5,637 കോടി രൂപ രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അയച്ച കത്തിന് മറുപടിയായാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ആര്‍ഡിഎഫ് ല്‍ നിന്നും ലഭിക്കാനുള്ള 5,637.40 കോടി രൂപ പോലും ഇതുവരെ കേന്ദ്രം തന്നിട്ടില്ലെന്നും. ഇക്കാര്യങ്ങള്‍ സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ അഭിപ്രായപ്പെട്ടു. പഞ്ചാബിലെ ആം ആദ്മി പാര്‍ട്ടിയും രാജ്ഭവനും തമ്മില്‍ സമീപകാലത്തായി വിവിധ വിഷയങ്ങളില് തര്‍ക്കം നിലനില്ക്കുന്നുണ്ട്.
ആര്‍ഡിഎഫ് വിഷയത്തില്‍ ജൂലൈയില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 'എന്നെ സമീപിക്കുന്നതിന് മുമ്പ് നിങ്ങള്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് മാധ്യമ റിപ്പോര്‍ട്ടുകളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കിയെന്ന് ഈ വിഷയത്തില്‍ എന്തെങ്കിലും പറയുന്നതിനു മുമ്പ് സുപ്രീം കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുന്നതാണ് ഉചിതമെന്നാണ്' ഗവര്‍ണറുടെ അഭിപ്രായം.
'നിങ്ങളുടെ ഭരണകാലത്ത് പഞ്ചാബിന്റെ കടം ഏകദേശം 50,000 കോടി രൂപ വര്‍ധിച്ചതായാണ് മനസിലാക്കാന്‍ സാധിച്ചത്. ഈ വലിയ തുകയുടെ വിനിയോഗത്തിന്റെ വിശദാംശങ്ങള്‍ നല്‍കിയാല്‍ അതുവഴി പണം ശരിയായി വിനിയോഗിച്ചുവെന്ന് പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നുമാണ് ഗവര്‍ണറുടെ വാദം.
ആര്‍ഡിഎഫ് പുറത്തുവിടാത്തതിനാല്‍ മണ്ഡി ബോര്‍ഡിന് നിലവിലുള്ള വായ്പകള്‍ തിരിച്ചടയ്ക്കാനും കര്‍ഷകര്‍ക്കായി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താനും കഴിയുന്നില്ലെന്നും മുഖ്യമന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേന്ദ്രത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാരാണ് ഭക്ഷ്യ ധാന്യങ്ങള്‍ സംഭരിക്കുന്നത്. എല്ലാ ഭക്ഷ്യധാന്യങ്ങളും കേന്ദ്രപൂളിന് കീഴിലാണ് സംഭരിക്കുന്നത്.