image

2 Jan 2025 7:20 AM GMT

News

2025–ലെ പിഎസ്‌സി പരീക്ഷ കലണ്ടർ തയ്യാർ; ബിരുദതല പരീക്ഷ മെയ് മുതല്‍, സിലബസ് ജനുവരി പതിനഞ്ചിന്

MyFin Desk

kerala psc exam calender 2025
X

2025ലെ വാര്‍ഷിക പരീക്ഷാ കലണ്ടര്‍ പിഎസ്സി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 2024 ഡിസംബര്‍ 31 വരെ വിജ്ഞാപനം ചെയ്തതും ഇതിനകം പരീക്ഷകള്‍ നിശ്ചയിക്കാത്തതുമായ തസ്തികളുടെ സാധ്യതാ പരീക്ഷാ കലണ്ടറാണ് പിഎസ് സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. പൊതുപ്രാഥമിക പരീക്ഷകള്‍, ഒറ്റത്തവണ പരീക്ഷകള്‍, മുഖ്യപരീക്ഷകള്‍ എന്നിവയുടെ സമയക്രമമാണ് പ്രസിദ്ധീകരിച്ചത്.

പരീക്ഷാ കലണ്ടറില്‍ ഉള്‍പ്പെട്ട എല്ലാ തസ്തികകളുടേയും പരീക്ഷാ സിലബസ് ജനുവരി പതിനഞ്ചോടുകൂടി പ്രസിദ്ധീകരിക്കും. 2025 മെയ് - ജൂലൈ മാസങ്ങളിലായി നടക്കുന്ന ബിരുദതല പൊതുപ്രാഥമിക പരീക്ഷയില്‍ സെക്രട്ടേറിയറ്റ്/പിഎസ്സി. അസിസ്റ്റന്റ് തസ്തികയും ഉള്‍പ്പെടും. നൂറ് മാര്‍ക്ക് വീതമുള്ള രണ്ടു പേപ്പറുകള്‍ ഉള്‍പ്പെടുന്നതായിരിക്കും അസിസ്റ്റന്റ് തസ്തികയുടെ മുഖ്യപരീക്ഷ. മുഖ്യപരീക്ഷ ഓഗസ്റ്റ് - ഡിസംബര്‍ കാലയളവില്‍ നടക്കും. പ്രാഥമിക പരീക്ഷയുടേയും മുഖ്യപരീക്ഷയുടെയും സിലബസ് പരീക്ഷാ കലണ്ടറിനൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ബിരുദതല പൊതുപ്രാഥമിക പരീക്ഷയില്‍ എസ്‌ഐ, എപിഎസ്‌ഐ, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയ തസ്തികകളും ഉള്‍പ്പെടും. ഇവയുടെ മുഖ്യപരീക്ഷയും ഓഗസ്റ്റ് - ഡിസംബര്‍ കാലയളവില്‍ നടക്കും. വിവിധ യൂണിഫോംഡ് തസ്തികകളിലേക്ക് പരീക്ഷകള്‍ക്ക് ശേഷം നടക്കുന്ന കായികക്ഷമതാ പരീക്ഷകളുടെ സമയക്രമം ജനുവരി 15 ന് പ്രസിദ്ധീകരിക്കുന്നതാണ്. കേരള ജനറല്‍ സര്‍വീസില്‍ ഡിവിഷണല്‍ അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷ 2025 മെയ് - ജൂലൈ മാസങ്ങളിലായി നടക്കും. മുഖ്യപരീക്ഷ 2025 ഓഗസ്റ്റ് -ഒക്ടോബര്‍ മാസങ്ങളിലായിരിക്കും. ഈ തസ്തികയുടെ പൊതു പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും വിജ്ഞാപനത്തില്‍ പറയുന്ന സിലബസ് അനുസരിച്ചായിരിക്കും. പ്രാഥമിക പരീക്ഷ ഒരു മണിക്കൂര്‍ പതിനഞ്ച് മിനുട്ട് ദൈര്‍ഘ്യമുള്ളതായിരിക്കും. മുഖ്യപരീക്ഷയ്ക്ക് വിജ്ഞാപനത്തില്‍ പറഞ്ഞതുപ്രകാരം സബ്ജക്റ്റ് മിനിമം നിര്‍ബന്ധമാണ്. എന്നാല്‍ പ്രാഥമിക പരീക്ഷയ്ക്ക് ഈ നിബന്ധനയില്ല.

മറ്റ് പ്രധാന പരീക്ഷകളുടെ സാധ്യതാസമയക്രമം

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍: ഏപ്രില്‍ - ജൂണ്‍

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്: ഏപ്രില്‍ - ജൂണ്‍

ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്): ഏപ്രില്‍ - ജൂണ്‍

സിവില്‍ എക്‌സൈസ് ഓഫീസര്‍: മെയ് - ജൂലായ്

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍: ജൂണ്‍ - ആഗസ്ത്

സിവില്‍ പോലീസ് ഓഫീസര്‍: ജൂണ്‍ - ആഗസ്ത്

അസിസ്റ്റന്റ് പ്രൊഫസര്‍ മെഡിക്കല്‍ വിദ്യാഭ്യാസം: ജൂണ്‍ - ആഗസ്ത്

അഗ്രികള്‍ച്ചറല്‍ ഓഫീസര്‍: ജൂലൈ - സെപ്തംബര്‍

സ്റ്റാഫ് നഴ്‌സ്: ജൂലൈ - സെപ്തംബര്‍

ഡ്രൈവര്‍: ആഗസ്ത് - ഒക്ടോബര്‍

ഹൈസ്‌കൂള്‍ ടീച്ചര്‍: ആഗസ്ത് - ഒക്ടോബര്‍

അസിസ്റ്റന്റ് സെയില്‍സ്മാന്‍: ആഗസ്ത് - ഒക്ടോബര്‍

അസിസ്റ്റന്റ് ഡെന്റല്‍ സര്‍ജന്‍: സെപ്തംബര്‍ - നവംബര്‍

ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍: ഒക്ടോബര്‍ - ഡിസംബര്‍