20 Aug 2024 3:05 AM
Summary
- രണ്ടുദിവസത്തെ പോളണ്ട് സന്ദര്‍ശനത്തിനുശേഷമാണ് മോദി ഉക്രെയ്‌നിലെത്തുക
- ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി 45 വര്‍ഷങ്ങള്‍ക്കുശേഷമാണ് പോളണ്ട് സന്ദര്‍ശിക്കുന്നത്
- പ്രധാനമന്ത്രിയുടെ ഉക്രെയ്ന്‍ സന്ദര്‍ശനം ലോകനേതാക്കള്‍ പ്രാധാന്യത്തോടെ കാണുന്നു
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉക്രെയ്ന്‍ സന്ദര്‍ശനത്തിന്. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് ഏകദേശം ഒരു മാസത്തിന് ശേഷമാണ് പ്രധാനമന്ത്രി ഉക്രെയ്‌നിലേക്ക് പോകുന്നത്.
ഉക്രെയ്ന്‍പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയുടെ ക്ഷണപ്രകാരം ഈമാസം 23നാണ് ഔദ്യോഗിക സന്ദര്‍ശനം എന്ന് വിദേശകാര്യമന്ത്രാലയം പറയുന്നു. ഇത് മൂന്നു പതിറ്റാണ്ടുകള്‍ക്കുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉക്രെയ്‌നിലേക്ക് പോകുന്നത്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ നിരവധി കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പിടുമെന്ന് ഉക്രേനിയന്‍ പ്രസിഡന്‍സി പ്രസ്താവനയില്‍ പറഞ്ഞു.
പോളണ്ട് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി അതിനുശേഷമാണ് ഉക്രെയ്‌നിലേക്ക് പോകുക. ഓഗസ്റ്റ് 21, 22 തീയതികളിലാണ് അദ്ദേഹത്തിന്റെ പോളണ്ട് സന്ദര്‍ശനം. പ്രധാനമന്ത്രി ഡൊണാള്‍ഡ് ടസ്‌കിന്റെ ക്ഷണപ്രകാരമാണ് മോദി പോളണ്ടിലെത്തുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി 45 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഈ രാജ്യം സന്ദര്‍ശിക്കുന്നത്. കൂടാതെ രു രാജ്യങ്ങളും നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയുമാണിത്.
പ്രധാനമന്ത്രി പോളണ്ടില്‍നിന്ന് കീവിലേക്ക് ട്രെയിനിലാണ് യാത്ര ചെയ്യുക. ഇതിന് 10 മണിക്കൂര്‍ എടുക്കും. തിരികെയും ട്രെയിനില്‍തന്നെയാണ് മടങ്ങുന്നത്.
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ നിരവധി ലോക നേതാക്കളും ഉക്രേനിയന്‍ അതിര്‍ത്തിക്കടുത്തുള്ള പോളിഷ് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ട്രെയിനിലാണ് യാത്ര ചെയ്തിട്ടുള്ളത്.
ജൂണില്‍ ഇറ്റലിയില്‍ നടന്ന ജി സെവന്‍ ഉച്ചകോടിക്കിടെ മോദി സെലന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും വ്യാപാര ബന്ധങ്ങള്‍ വിപുലീകരിക്കുകയും ചെയ്തു. 2022 ഫെബ്രുവരിയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം ഇരു നേതാക്കളും നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.