6 Dec 2023 12:07 PM
Summary
ചെന്നൈയിലുടനീളം കുടിവെള്ളം പോലും അമിത വിലയ്ക്കാണ് വില്‍ക്കുന്നത്
മിഷോങ് ചുഴലിക്കാറ്റ് വീശുന്നതിനു മുന്നോടിയായി തമിഴ്‌നാട്ടില്‍ പെയ്ത കനത്ത മഴ ഡിസംബര്‍ അഞ്ചാം തീയതിയോടെ ശമിച്ചെങ്കിലും മഴ സൃഷ്ടിച്ച ആഘാതം ചെറുതല്ല. ചെന്നൈയില്‍ പലയിടങ്ങളിലും വൈദ്യുതി വിതരണം തടസപ്പെട്ടത് കുടിവെള്ള വിതരണത്തെയും ബാധിച്ചു. വീടുകളില്‍ വാട്ടര്‍ പ്യൂരിഫയര്‍ ഉപയോഗിക്കുന്നവര്‍ക്കും വൈദ്യുതിയില്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിച്ചു.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും പ്രൊവിഷന്‍ സ്റ്റോറുകളിലും പച്ചക്കറികളും, പലച്ചരക്കുകളും, പാലും, കുടിവെള്ളവും വാങ്ങാന്‍ ആളുകളുടെ നീണ്ട നിരയായിരുന്നു. മിക്ക കടകളിലും ഇവയെല്ലാം നിമിഷ നേരം കൊണ്ടു തന്നെ വിറ്റു തീരുകയും ചെയ്തു.
ചില സ്ഥലങ്ങളില്‍ കരിഞ്ചന്തയില്‍ അവശ്യ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബര്‍ 5 ന് രാവിലെ നങ്ങനല്ലൂര്‍ മാര്‍ക്കറ്റ് റോഡില്‍ സ്വകാര്യ കമ്പനി അര ലിറ്ററിന്റെ പാല്‍ സാഷെ വിറ്റത് 35 രൂപയ്ക്കാണ്. അമിത വിലയാണെങ്കിലും പാല്‍ പാക്കറ്റുകള്‍ ക്ഷണനേരം കൊണ്ടു വിറ്റു തീര്‍ന്നു.
പുളിയന്തോപ്പില്‍ 25 രൂപയില്‍ താഴെ വിലയുള്ള അരലിറ്റര്‍ ആവിന്‍ പാല്‍ പാക്കറ്റ് 75 രൂപയ്ക്കാണ് വിറ്റത്.
ഒരു കിലോ അരി 100 രൂപയ്ക്കും 35 മുതല്‍ 40 രൂപ വരെ വിലയുള്ള തക്കാളി 100 രൂപയ്ക്കും ഒരു കിലോ ഉള്ളി 120 രൂപയ്ക്കും വിറ്റു.
ചെന്നൈയിലുടനീളം കുടിവെള്ളം പോലും അമിത വിലയ്ക്കാണ് വില്‍ക്കുന്നത്. അക്കരയില്‍ ഒരു ലിറ്റര്‍ വെള്ളം 10 രൂപയ്ക്കാണു വിറ്റത്. സാധാരണ 20 ലിറ്റര്‍ വെള്ളത്തിന് 40 രൂപയാണ് വില ഈടാക്കിയിരുന്നത്.