image

23 Aug 2023 8:21 AM

News

ബൈഡന്‍ വരുന്നു; ജി20ക്കായി

MyFin Desk

g20 biden will return to india on the 7th of next month
X

Summary

  • യുഎസ് പ്രസിഡന്‍റ് അടുത്തമാസംഏഴിന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും
  • ഇന്ത്യയില്‍ കൂടുതല്‍ ലോകനേതാക്കള്‍ പങ്കെടുക്കുന്ന ഏറ്റവും വലിയ സമ്മേളനം
  • ജി20 ഉച്ചകോടി സെപ്റ്റംബര്‍ ഒന്‍പതിനും പത്തിനും ന്യൂഡല്‍ഹിയില്‍


ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സെപ്റ്റംബര്‍ ഏഴിന് ഇന്ത്യയിലേക്ക് യാത്ര തിരിക്കും. പത്തുവരെ അദ്ദേഹം ഇന്ത്യയില്‍ തുടരും. യുക്രെയ്ന്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള ആഗോള പ്രശ്നങ്ങള്‍ മറ്റ് നേതാക്കളുമായി ബൈഡന്‍ ചര്‍ച്ച ചെയ്യുമെന്നും വൈറ്റ് ഹൗസ് അറിയിച്ചു.

ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിനും ദാരിദ്ര്യത്തിനെതിരെ പോരാടുന്നതിനും ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി ഉള്‍പ്പെടെയുള്ള ബഹുമുഖ വികസന ബാങ്കുകളുടെ പരിഷ്കരണത്തിനും ശേഷി വർധിപ്പിക്കുന്നതിനുമായി നിലകൊള്ളുമെന്നും പ്രസ്താവനയില്‍ പറയുന്നു.

ജി20 ലോക നേതാക്കളുടെ ഉച്ചകോടി സെപ്റ്റംബര്‍ 9, 10 തീയതികളിലാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്നത്. രാജ്യത്ത് സംഘടിപ്പിക്കുന്ന ലോക നേതാക്കളുടെ ഏറ്റവും വലിയ സമ്മേളനങ്ങളിലൊന്നായിരിക്കും ഈ ഉച്ചകോടി. 2022 ഡിസംബര്‍ ഒന്നിന് ഇന്തോനേഷ്യയില്‍ നിന്നാണ് ഇന്ത്യ ജി 20 അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

'പ്രസിഡന്റ് ബൈഡനും ജി 20 പങ്കാളികളും ആഗോള പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംയുക്ത ശ്രമങ്ങള്‍ ചര്‍ച്ച ചെയ്യും. 'ക്ലീന്‍ എനര്‍ജിയുടെ പരിവര്‍ത്തനം, കാലാവസ്ഥാ വ്യതിയാനം, യുക്രെയ് നിലെ യുദ്ധത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ആഘാതങ്ങള്‍ എന്നിവ ചര്‍ച്ചയാകും.' ,വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍-പിയറി പറഞ്ഞു.

ജി20 അല്ലെങ്കില്‍ ഗ്രൂപ്പ് ഓഫ് 20 എന്നത് ലോകത്തിലെ പ്രധാന വികസിതവും വികസ്വരവുമായ സമ്പദ് വ്യവസ്ഥകളുടെ ഔദ്യോഗികമായ ഒരു ഫോറമാണ്. ഇതിലെ അംഗരാജ്യങ്ങള്‍ ആഗോള ജിഡിപിയുടെ 85 ശതമാനവും ആഗോള വ്യാപാരത്തിന്റെ 75 ശതമാനവും കൈവശം വയ്ക്കുന്നു. ആഗോള ജനസംഖ്യയുടെ മൂന്നില്‍ രണ്ട് ഭാഗത്തേയും പ്രതിനിധീകരിക്കുന്നു. അര്‍ജന്റീന, ഓസ്ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി അറേബ്യ, സൗത്ത് ആഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ്, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഉള്‍പ്പടുന്നതാണ് ജി20 പ്ലാറ്റ്‌ഫോം.

സെപ്റ്റംബര്‍ നാലുമുതല്‍ ഏഴു വരെ, യുഎസ്-ആസിയാന്‍ ഉച്ചകോടിയിലും കിഴക്കന്‍ ഏഷ്യ ഉച്ചകോടിയിലും പങ്കെടുക്കാനും ഇന്തോ-പസഫിക്കിലെ നേതാക്കളുമായി ആശയവിനിമയത്തിനുമായി വൈസ് പ്രസിഡന്റ് കമല ഹാരിസ് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്ക് പോകുമെന്നും ജീന്‍-പിയറി പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ വൈസ് പ്രസിഡന്റിന്റെ തെക്കുകിഴക്കന്‍ ഏഷ്യയിലേക്കുള്ള മൂന്നാമത്തെ യാത്രയാണിത്.