image

16 April 2023 11:22 AM GMT

Premium

യുവാക്കള്‍ ചോദിക്കുന്നു, സംരംഭം തുടങ്ങാനുള്ള സര്‍ക്കാര്‍ പിന്തുണ വെറുംവാക്കാണോ ? അറിയണം ഇവരുടെ കഥകൾ

MyFin Desk

യുവാക്കള്‍ ചോദിക്കുന്നു, സംരംഭം തുടങ്ങാനുള്ള  സര്‍ക്കാര്‍ പിന്തുണ വെറുംവാക്കാണോ ? അറിയണം ഇവരുടെ കഥകൾ
X

Summary

  • നാലു യുവാക്കള്‍ അധ്വാനിച്ചും കടം വാങ്ങിയും ഒരു സംരംഭം ആരംഭിച്ചപ്പോള്‍ ഇടംകോലിട്ട് തകര്‍ക്കാന്‍ ശ്രമിക്കുന്നത് സൗകര്യങ്ങള്‍ ചെയ്തുകൊടുക്കേണ്ട നഗരസഭയാണ്.
  • സി.പി.എം നേതൃത്വത്തിലുള്ള ആന്തൂര്‍ നഗരസഭ തന്റെ സംരംഭക സ്വപ്‌നം തച്ചുതകര്‍ത്തപ്പോഴാണ് സാജന്‍ ജീവനൊടുക്കിയത്
  • 25000 രൂപ ചെലവായ ഷീറ്റിന് നാലു ലക്ഷത്തി പതിനേഴായിരം രൂപ ഫൈനിട്ടു
  • പിരിവ് നല്‍കാത്തതിന്റെ പേരിൽ സ്ഥാപനം പൂട്ടിച്ചു
  • 15 കോടി മുടക്കി കൺവൻഷൻ സെന്റർ പണിതതിന് ലൈസൻസു നൽകാതെയാണ് അന്നു നഗരസഭ ഇടങ്കോലിട്ടതും സാജൻ മരിച്ചതും


സംസ്ഥാന വ്യവസായ വകുപ്പ് കേരളത്തിന്റെ സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കാൻ 2022-23 സാമ്പത്തികവർഷം സംരംഭകവർഷമായി പ്രഖ്യാപിച്ചിരുന്നു....


സംസ്ഥാന വ്യവസായ വകുപ്പ് കേരളത്തിന്റെ സാമ്പത്തികവളർച്ചയെ ഉത്തേജിപ്പിക്കാൻ 2022-23 സാമ്പത്തികവർഷം സംരംഭകവർഷമായി പ്രഖ്യാപിച്ചിരുന്നു. പുതിയ സാമ്പത്തിക വർഷവും സംരംഭകർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്നാണ് സർക്കാർ ഉറപ്പുനൽകുന്നത്. എന്നാൽ ഇതേ സമയം തന്നെ സംസ്ഥാനത്ത് യുവാക്കളെ സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും തുടങ്ങുന്നതിൽ നിന്ന് പിന്തിരിപ്പിക്കുന്ന നിലപാടുകളും മറുഭാഗത്ത് നടക്കുന്നു. പലപ്പോഴും രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും കൈമടക്ക് യഥാവിധം ലഭിക്കാത്തതിന്റെ പേരിലായിരിക്കും ഇത്.

മാനന്തവാടിയിലെ യുവാക്കൾക്ക് സംഭവിച്ചത്

മാനന്തവാടി ചെറ്റപ്പാലം റോഡിൽ നാലു യുവാക്കൾ ചേർന്ന് ആധുനികരീതിയിൽ ഒരു മത്സ്യമാർക്കറ്റ് പണികഴിപ്പിച്ചു. 40 ലക്ഷം രൂപയാണ് ഇതിനുവേണ്ടി ചെലവഴിച്ചത്. ഒടുവിൽ ലൈസൻസിന് വേണ്ടി മാനന്തവാടി നഗരസഭക്ക് അപേക്ഷ കൊടുത്തപ്പോൾ നഗരസഭാ അധികൃതർ അപേക്ഷ നിരസിച്ചു.

നഗരസഭക്ക് കീഴിൽ ഒരു മത്സ്യ മാർക്കറ്റുണ്ട് എന്ന കാരണം ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. മാനന്തവാടിക്ക് രണ്ട് കിലോമീറ്റർ ചുറ്റളവിൽ വേറെ മത്സ്യ മാർക്കറ്റ് പാടില്ല എന്ന് നഗരസഭ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇത് നഗരസഭാ കൗൺസിൽ യോഗം ചേർന്ന് മൂന്നു കിലോമീറ്റർ എന്നാക്കി ഉയർത്തുകയും ചെയ്തു. യുവസംരംഭകരോടുള്ള ഒരു നഗരസഭയുടെ സമീപനമാണിത്.

ഏതായാലും യുവാക്കൾ പിന്തിരിയാൻ തയാറായില്ല. അവർ കോടതിയെ സമീപിച്ചു. കോടതി യുവാക്കൾക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്പോൾ ആ വിധിക്കെതിരെ അപ്പീൽ പോയിരിക്കുകയാണ്

മാനന്തവാടി നഗരസഭാ അധികാരികൾ. നാലു യുവാക്കൾ അധ്വാനിച്ചും കടം വാങ്ങിയും ഒരു ബിസിനസ് സംരംഭം ആരംഭിച്ചപ്പോൾ ഇടംകോലിട്ട് തകർക്കാൻ ശ്രമിക്കുന്നത് ബിസിനസ് തുടങ്ങാൻ സൗകര്യങ്ങൾ ചെയ്തുകൊടുക്കേണ്ട നഗരസഭയാണ്. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കേസ് നടത്തുന്നത് നഗരസഭയിലെ ഏതാനും ചെറുപ്പക്കാരുടെ ബിസിനസ് സ്വപ്‌നം തല്ലിത്തകർക്കാൻ.

റെജി ഭാസ്‌കറിന്റെ അനുഭവം

പ്രവാസി സംരംഭകരോടുള്ള ഭരിക്കുന്ന പാര്ട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് പാർട്ടി ചാനൽ കുവൈത്ത് ബ്യൂറോയിലെ മാധ്യമ പ്രവർത്തകനായ റെജി ഭാസ്‌കർ തൽസ്ഥാനം രാജിവച്ചത് 2019ലാണ്. മാസങ്ങൾക്ക് മുമ്പ് ഇദ്ദേഹം നാട്ടിൽ ആരംഭിച്ച സംരംഭത്തിനെതിരെ ചിലര് രംഗത്ത് വന്നതിനെ തുടർന്ന് പാർട്ടിയുടെ ഉന്നത നേതൃത്വത്തിനു പരാതി നൽകിയിരുന്നു. ഇതിൽ നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചായിരുന്നു രാജി.

മാസങ്ങൾക്ക് മുമ്പ് റെജി ഭാസ്‌കർ 45 ലക്ഷം രൂപ ലോണെടുത്ത് കോഴിക്കോട് വെങ്ങേരിയിൽ വാട്ടർ സർവ്വീസ് സെന്റർ ആരംഭിക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കിയിരുന്നു. സ്വന്തമായി വാങ്ങിയ 7 സെന്റ് സ്ഥലത്തായിരുന്നു ഇതിനുള്ള ഷെഡ്ഡ് നിർമിച്ചത്. എന്നാൽ സമീപത്തുള്ള പുഴയിൽ മലിനീകരണം സംഭവിക്കുമെന്ന കാരണം പറഞ്ഞ് സംരംഭത്തിന് എതിരെ പ്രാദേശിക പാർട്ടി നേതാക്കൾ രംഗത്തുവന്നു.

പുഴയുടെ തീരത്ത് നിന്നും 15 മീറ്ററിനകത്തു നിർമാണം പാടില്ലെന്നതാണു ചട്ടം. എന്നാൽ 75 മീറ്റർ ദൂരപരിധിയിലാണു ഷെഡ് നിർമിച്ചത്. മാത്രവുമല്ല കോഴിക്കോട് കോർപ്പറേഷൻ, ടൗൺ പ്ലാനിങ് സമിതി മുതലായ ഏജൻസികളിൽ നിന്ന് സംരംഭത്തിനുള്ള അനുമതി ലഭിക്കുകയും ചെയ്തിരുന്നു. എന്നിട്ടും പാർട്ടിക്കാർ സംരംഭത്തിനെതിരെ ഉറച്ചുനിൽക്കുകയും ഷെഡ്ഡിൽ അതിക്രമിച്ചു കടന്ന് ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു.

ഇതിനെതിരെ കുവൈത്തിലെ പാർട്ടി നേതാക്കൾ മുഖേന മുഖ്യമന്ത്രി, സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ സെക്രട്ടറി എന്നിവർക്ക് പരാതി നൽകിയെങ്കിലും പ്രാദേശിക നേതാക്കൾ പിന്മാറിയില്ല. മുഖ്യമന്ത്രി തന്നെ നേരിട്ട് പറഞ്ഞാലും സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് പ്രാദേശിക നേതാക്കൾ റെജിയെ ഭീഷണി സ്വരത്തിൽ അറിയിക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഒരു വർഷമായിട്ടും സർവീസ് സെന്റർ തുറക്കാൻ സാധിച്ചില്ല. മാത്രമല്ല സ്ഥാപനത്തിൽ സ്ഥാപിച്ച വൻ വിലയുള്ള ഉപകരണങ്ങൾ തുരുമ്പെടുത്ത് നശിക്കുകയും ചെയ്തു.

ആന്തൂരിലെ പ്രവാസി സംരംഭകന്റെ ആത്മഹത്യ

2019 ജൂൺ 18നാണ് കണ്ണൂർ ജില്ലയിലെ ആന്തൂരിലെ വ്യവസായ സംരംഭകൻ സാജൻ പാറയിൽ ആത്മഹത്യ ചെയ്തത്. സി.പി.എം നേതൃത്വത്തിലുള്ള ആന്തൂർ നഗരസഭ തന്റെ സംരംഭക സ്വപ്‌നം തച്ചുതകർത്തപ്പോഴാണ് സാജൻ ജീവനൊടുക്കിയത്. 15 കോടി മുടക്കി കൺവൻഷൻ സെന്റർ പണിതതിന് ലൈസൻസു നൽകാതെയാണ് അന്നു നഗരസഭ ഇടങ്കോലിട്ടതും സാജൻ മരിച്ചതും. എന്തായാലും വിധവ സീനക്ക് ലൈസൻസ് വൈകാതെ നൽകി സി.പി.എം തടിയൂരി.

25,000 രൂപയുടെ ഷീറ്റിട്ടതിന് നാലുലക്ഷം രൂപ പിഴ!

വർഷങ്ങൾക്കു മുമ്പ് പ്രശസ്ത എഴുത്തുകാരൻ കെ. തായാട്ടിന്റെ മകൻ രാജ് കബീറും ഭാര്യയും കൂടി തലശ്ശേരി കണ്ടിക്കലെ വ്യവസായ പാർക്കിൽ ഒരു ഫർണിച്ചർ നിർമാണ സംരംഭം തുടങ്ങി. ഫാൻസി ഫൺ എന്ന പേരിൽ. ഫർണിച്ചർ മഴ നനയാതിരിക്കാൻ മുൻവശത്തേക്കൽപ്പം ഷീറ്റിട്ടു. 25000 രൂപ ചെലവായ ഷീറ്റിന് നാലു ലക്ഷത്തി പതിനേഴായിരം രൂപ ഫൈനിട്ടു നഗരസഭ. അതടക്കാൻ കഴിയാതെ വലഞ്ഞ രാജ് കബീറിന്റെ സ്ഥാപനം നഗരസഭ പൂട്ടി സീൽവച്ചു.

രാജ് കബീർ ഹൈക്കോടതിയിൽ നിന്നു സ്‌റ്റേ കൊണ്ടുവന്നു. സെക്രട്ടറി വിധി സ്വീകരിച്ച് ആദ്യ ഗഡു വാങ്ങി തുറക്കാനുള്ള അനുമതിയും നൽകി.

പക്ഷെ കോടതി വിധി നടപ്പായില്ല. രാജ് കബീറും ഭാര്യയും സഹികെട്ട് കത്തുമെഴുതിവച്ചു നാടുവിട്ടു. അതിനു മുമ്പ് അദ്ദേഹം വ്യവസായ മന്ത്രി യെ വരെ പലതവണ ബന്ധപ്പെട്ടതാണ്. പ്രയോജനമില്ലാതായപ്പോഴായിരുന്നു നാടുവിടൽ. ഡിപ്പോസിറ്റ് കുടിശികയൊക്കെ അടച്ചശേഷമായിരുന്നു 4 ലക്ഷത്തിന്റെ ഫൈൻ എന്നോർക്കണം. കൊവിഡ് കാലമെന്നു പോലും അധികാരികൾ ഓർത്തില്ല. 12 ജീവനക്കാർ വഴിയാധാരമായതു മിച്ചം.

ഭിന്നശേഷി സംരംഭകർക്കും രക്ഷയില്ല

2022 ഓഗസ്റ്റിൽ വടകരയിൽ പാർട്ടി സെക്രട്ടറിയുടെ വീടിന് മുന്നിൽ അംഗപരിമിതനായ സംരംഭകൻ ആത്മഹത്യാ ശ്രമം നടത്തുകയുണ്ടായി. വടകര തട്ടോളിക്കരയിൽ സംരംഭം നടത്തുന്ന പ്രശാന്താണ് പെട്രോൾ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചത്.

തന്റെ സ്ഥാപനം പൂട്ടിക്കാൻ പ്രാദേശിക നേതാക്കൾ ഇടപെട്ടു എന്നാരോപിച്ചായിരുന്നു പ്രശാന്തിന്റെ ആത്മഹത്യാ ശ്രമം. പിരിവ് നൽകാത്തതിന്റെ പേരിലാണ് സ്ഥാപനം പൂട്ടിക്കാൻ ശ്രമിച്ചതെന്ന് പ്രശാന്ത് ആരോപിച്ചു. രണ്ട് വർഷം മുമ്പ് തന്റെ ഫാം പൂട്ടിക്കാൻ പാർട്ടി പ്രവർത്തകർ ഇടപെട്ടിരുന്നതായും പ്രശാന്ത് പറയുന്നു.

നാട്ടിൽ ഡയറി ഫാം തുടങ്ങിയ പ്രവാസി യുവസംരംഭകന്റെ കഥ

ഗൾഫിൽ നിന്നെത്തി നാട്ടിൽ ഡയറി ഫാം തുടങ്ങിയ സുരേഷ് എന്ന യുവസംരംഭകൻ ഇന്നും കേരളത്തിൽ ഒരു സംരംഭം തുടങ്ങുന്നതിന്റെ ബുദ്ധിമുട്ടിനെക്കുറിച്ച് തുറന്നു പറയുന്നു. കഴിഞ്ഞ ഒരുകൊല്ലമായി ഡയറി ഫാം തുടങ്ങാനായി നടന്നു ധാരാളം പണവും സമയവും അധ്വാനവും ചിലവഴിച്ചു ഒന്നും നടക്കാതെ അപമാനവും ധനനഷ്ടവും ഏറ്റുവാങ്ങിയ അനുഭവമാണ് സുരേഷിനുള്ളത്.

കേരളത്തിൽ പാലിന് ഡിമാന്റുണ്ട്. വിലയുമുണ്ട്. അതിനു പക്ഷെ പാള്ളാച്ചിയിലോ നാഗർകോവിലിലോ ഒരു ഫക്കയാണ് പണ്ട് ആശാൻ കൈകാര്യം ചെയ്തിരുന്നത്. അതിനിടയിൽ ചേട്ടത്തി കൈകാര്യം ചെയ്തിരുന്ന ചില ചെറിയ പ്രശ്‌നങ്ങളുമുണ്ട്.

പൊള്ളാച്ചിയിൽ നിന്നോ നാഗർകോവിലിൽ നിന്നോ കേരളത്തിൽ പാലെത്തിക്കാൻ ഒരു ടാങ്കറോ മാക്‌സിമം ഒരു റീഫർ വാനോ മതി. മണിക്കൂറുകൾക്കുള്ളിൽ കൊച്ചിയിലും തിരുവനന്തപുരത്തുമൊക്കെ പാലും തൈരുമൊക്കെ എത്തിക്കാം. കേരളത്തിലുള്ളവർ അറുപതോ എഴുപതോ രൂപ കൊടുത്തു വാങ്ങിച്ചോളും സുരേഷ് നിരാശയോടെ പറയുന്നു.

കേരളത്തിൽ ഒരു ഫാം, അല്ലെങ്കിൽ ഒരു സംരംഭം തുടങ്ങിയാൽ പഞ്ചായത്തിലെ എൽ.ഡി ക്ലർക്ക്, ആരോഗ്യവകുപ്പിലെ ഡ്രൈവർ, മലിനീകരണ നിയന്ത്രണ ബോർഡിലെ പ്യൂൺ, പഞ്ചായത്ത് മെമ്പറുടെ ഭർത്താവ് ഇവരൊക്കെയാണ് കയറിവന്നു നിങ്ങളെ വിരട്ടാൻ പോകുന്നത്. കച്ചോടം പൂട്ടിക്കാനും ഇവർക്ക് പറ്റും. ഇവിടെ നിയമമൊന്നുമില്ല.

നിങ്ങളുടെ സ്ഥലം സന്ദർശിക്കുക പോലും ചെയ്യാതെ ഓഫീസിൽ ഇരുന്നു ഒരു ഉദ്യോഗസ്ഥൻ എഴുതുന്ന റിപ്പോർട്ടിന് മേലെ പരുന്തും പറക്കില്ല. വെറുതെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ടൊന്നും കാര്യമില്ല. ഞങ്ങളുടെ കേസിൽ അതൊക്കെ എട്ടു മാസം മുൻപേ കൊടുത്തതാണ്. മുഖ്യമന്ത്രിക്ക് മാത്രമല്ല,

സകല മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും അപേക്ഷയും പരാതിയും ഒക്കെ അയച്ചതാണ്. ഇവിടെ അഞ്ചുകൊല്ലം തുടർച്ചയായി ഒരു ഫാം ആരെങ്കിലും നടത്തുന്നുണ്ടെങ്കിൽ അത് സെലിബ്രിറ്റികൾ, ബാർ മുതലാളിമാർ, സ്വർണ്ണക്കാർ ഇങ്ങനെയുള്ള ആളുകൾ ആയിരിക്കും. സംശയമുണ്ടെങ്കിൽ ഫാക്റ്റ് ചെക്ക് നടത്താം.

എന്ത് കാരണം കൊണ്ട് എന്ന് ദയവായി ചോദിക്കരുത്, അതാണ് ഞങ്ങളും കഴിഞ്ഞ കുറച്ചു ദിവസമായി ചോദിച്ചുകൊണ്ടിരിക്കുന്നത് ഫേസ്ബുക് പോസ്റ്റിൽ സുരേഷ് പറയുന്നു.