2 March 2023 1:45 PM IST
സ്വന്തമായി അഞ്ചേക്കര്‍ ഭൂമിയുണ്ടോ? നിങ്ങള്‍ക്കും തുടങ്ങാം സ്വകാര്യ വ്യവസായ എസ്റ്റേറ്റ്
MyFin Bureau
Summary
- സ്വകാര്യ വ്യവസായ എസ്റ്റേറ്റ് അല്ലെങ്കില്‍ ബഹുനില വ്യവസായ സമുച്ചയങ്ങള്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുമ്പില്‍ വിലങ്ങുതടിയായി ഉണ്ടായിരുന്നത് വേണ്ടത്ര ഭൂമിയുടെയും മറ്റും അഭാവമാണ്
അഞ്ച് ഏക്കര്‍ ഭൂമി സ്വന്തമായി ഉള്ളവരാണോ നിങ്ങള്‍? എങ്കില്‍ സ്വകാര്യ എസ്റ്റേറ്റ് ആരംഭിക്കാന്‍ സാമ്പത്തിക ആനുകൂല്യം നേടാന്‍ സാധിക്കും. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് അല്ലെങ്കില്‍ ബഹുനില വ്യവസായ സമുച്ചയങ്ങള്‍ പടുത്തുയര്‍ത്താന്‍ ആഗ്രഹിക്കുന്നവര്‍ക്കു മുമ്പില്‍ വിലങ്ങുതടിയായി ഉണ്ടായിരുന്നത് വേണ്ടത്ര ഭൂമിയുടെയും മറ്റും അഭാവമാണ്. കേരളത്തിലെ സംരംഭകരെ സംബന്ധിച്ചിടത്തോളം ഒരു പ്രധാന പ്രശ്നവും ഇതുതന്നെയായിരുന്നു. വ്യവസായങ്ങള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുകയും അതിനൊത്ത കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നത് കേരളത്തില്‍ കുറച്ച് പ്രയാസകരമായ കാര്യമാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പുതിയ തീരുമാനങ്ങള്‍ സംരംഭകര്‍ക്ക് കരുത്തുപകരുകയാണ്.
ഇനി സ്വകാര്യ മേഖലയില്‍ മള്‍ട്ടിസ്റ്റോറിയുടെ ഗാലുകള്‍ക്ക് വേഗത്തില്‍ അനുമതി നല്‍കുകയും നടപടി ക്രമങ്ങള്‍ ലളിതവും സുഗമവുമാക്കുകയും ചെയ്യാനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനൊക്കെ പുറമെ സാമ്പത്തിക സഹായവും ഒട്ടെറെ ഇളവുകളും പ്രഖ്യാപിച്ചിട്ടുമുണ്ട്.
അഞ്ച് ഏക്കര്‍ ഉണ്ടെങ്കില്‍ തുടങ്ങാം ഇവര്‍ക്കൊക്കെ
ഗ്രാമമോ നഗരമോ ഏതുമായിക്കോട്ടെ, അഞ്ച് ഏക്കര്‍ സ്ഥലം കൈവശം ഉണ്ടെങ്കില്‍ പല സ്ഥാപനങ്ങള്‍ക്കും സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കാം. ലിമിറ്റഡ് കമ്പനികള്‍, സഹകരണസംഘങ്ങള്‍, ചാരിറ്റബിള്‍ സൊസൈറ്റികള്‍, എംഎസ്എംഇ കണ്‍സോര്‍ഷ്യങ്ങള്‍ എന്നിവര്‍ക്ക് ഇത്തരത്തില്‍ എസ്റ്റേറ്റ് തുടങ്ങാം.
ഭൂമി പരിഗണിക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍
അഞ്ച് ഏക്കര്‍ സ്ഥലപരിമിതിയില്‍ സ്റ്റാന്റേഡ് ഡിസൈന്‍ ഫാക്ടറികള്‍ നിര്‍മ്മിക്കാവുന്നതാണ്. ഇതിനുവേണ്ടി ഭൂമി കണ്ടെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
1. സ്ഥലത്തിന്റെ പ്രത്യേകത
ഒരു സംരംഭം തുടങ്ങാന്‍ ആരംഭിക്കുമ്പോള്‍ അതിനു വേണ്ടി ഉപയോഗിക്കുന്ന ഭൂമി എങ്ങനെയുള്ളതാണെന്ന് നോക്കി വേണം തെരഞ്ഞെടുക്കാന്‍. സ്ഥലവുമായി ബന്ധപ്പെട്ട് ഒരുതരത്തിലുള്ള നിയന്ത്രണവും ഉണ്ടാകാന്‍ പാടില്ല. പരിസ്ഥിതി ലോല പ്രദേശങ്ങള്‍, നെല്‍വയല്‍, തണ്ണീര്‍ത്തടങ്ങള്‍, തീരദേശമേഖലകള്‍, മറ്റേതെങ്കിലും നിയന്ത്രണങ്ങള്‍ ഉള്ള ഭൂമി എന്നിവ ഇതിനു വേണ്ടി തെരഞ്ഞെടുക്കരുത്.
2. അവശ്യ സര്‍വ്വീസുകള്‍ ഉറപ്പുവരുത്തുക
കണ്ടെത്തിയ സ്ഥലത്ത് അവശ്യ സര്‍വ്വീസുകളായ വൈദ്യുതി, വെള്ളം, ഗതാഗത സൗകര്യം എന്നിവ ലഭിക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. കൂടാതെ ഈ സ്ഥലത്ത് ഏഴ് മീറ്ററില്‍ കുറയാത്ത അപ്രോച്ച് റോഡും ഉണ്ടായിരിക്കണം.
3. എസ്റ്റേറ്റ് തുടങ്ങാനുള്ള സമയപരിധി 2 വര്‍ഷം
എസ്റ്റേറ്റ് തുടങ്ങാന്‍ ഭൂമിക്ക് അനുമതി ലഭിച്ചുകഴിഞ്ഞാല്‍ 2 വര്‍ഷത്തിനുള്ളില്‍ വ്യവസായം പ്രവര്‍ത്തനക്ഷമമാക്കിയിരിക്കണം.
4. ജലവിതരണം, മാലിന്യ നിര്‍മ്മാര്‍ജനത്തിനുള്ള സൗകര്യങ്ങള്‍, റോഡ് തുടങ്ങിയവ ഉറപ്പുവരുത്തണം. കൂടാതെ മഴവെള്ള സംഭരണ സംവിധാനവും ഉണ്ടായിരിക്കണം.
5. റെഡ് കാറ്റഗറിയില്‍ പെടുന്ന സംരംഭങ്ങള്‍ക്ക് അനുമതി ഉണ്ടായിരിക്കുകയില്ല.
6. പ്രധാനമായും വ്യവസായ യൂനിറ്റുകള്‍ക്കാണ് സ്ഥലം നല്‍കുന്നത്. എന്നാല്‍ ഇതിനു പുറമെ ഗോഡൗണുകള്‍, ലോജിസ്റ്റിക് സര്‍വ്വീസുകള്‍, വാഹന റിപ്പയറിങ് സര്‍വ്വീസിംഗ് സെന്ററുകള്‍ എന്നിവയ്ക്കും ഭൂമി നല്‍കാവുന്നതാണ്.
7.ഷോറൂമുകള്‍ക്ക് ഭൂമി നല്‍കാന്‍ പാടില്ല.