28 Feb 2023 6:30 AM GMT
ബിസിനസ് ചെയ്യാന്‍ പ്ലാനുണ്ടോ? എങ്കില്‍ വേണം മികച്ചൊരു ബിസിനസ് പ്ലാന്‍ - പാര്‍ട്ട് 2
MyFin Bureau
Summary
- അതുകൊണ്ടാണ് പല സംരംഭകരും സഹായത്തിനായി പ്രൊഫഷണല്‍ ഏജന്‍സികളിലേക്ക് തിരിയുന്നത്. ഇത്തരത്തില്‍ ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള മികച്ച ഏജന്‍സിയെ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നമുക്ക് നോക്കാം.
അച്യുത് ബി മോഹന്‍ദാസ്
ഈ ലേഖനത്തിന്റെ കഴിഞ്ഞ ഭാഗത്ത് ബിസിനസ് പ്ലാന്‍ ഏതാണെന്നും, അതിന്റെ ഘടകങ്ങള്‍ എന്താണെന്നും പറഞ്ഞിരുന്നു. അത് വായിക്കാത്തവര്‍ ഈ ലിങ്കില്‍ പോയി ഒന്നാം ഭാഗം വായിച്ചശേഷം മുന്നോട്ട് വായിക്കുന്നതാണ് അഭികാമ്യം.
ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നത് ഏറ്റവും കൃത്യതയോടെയും കണിശതയോടെയും വേണമെന്ന് നേരത്തെ പറഞ്ഞല്ലോ, അതുപോലെത്തന്നെ മനസ്സിലാക്കേണ്ട ഒന്നാണ് വിവിധ ബിസിനസ് വിഭാഗങ്ങളുടെ (Departments) ഒത്തൊരുമയോടെയുള്ള ഏകോപനവും ഇതിനായി ആവശ്യം വരും എന്നത്. അങ്ങനെയുള്ള ഏകോപനം നടത്തിയെടുക്കാന്‍ സാധിക്കുമെങ്കില്‍ നിങ്ങളുടെ ബിസിനസ് പ്ലാന്‍ തയ്യാറാക്കാന്‍ നിങ്ങളെക്കാള്‍ മികച്ചൊരാള്‍ ഇല്ലെന്നുതന്നെ പറയാം; കാരണം മുന്‍പ് പറഞ്ഞതുപോലെ ബിസിനസിന്റെ ഐഡിയ നിങ്ങളുടേതാണ്, അതിന്റെ ഓരോ കണവും ഏറ്റവും കൂടുതല്‍ മനസ്സിലാക്കാന്‍ കഴിയുന്നതും നിങ്ങള്‍ക്കുതന്നെ.
പക്ഷേ, പലപ്പോഴും ഒരു സംരംഭകന്‍ എന്നനിലയില്‍ സ്വന്തമായി ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. അതിനുമുണ്ട് ഒരു കാരണം, നമ്മള്‍ മനുഷ്യരാണെന്നത് തന്നെ. ഒരേസമയം പല കാര്യങ്ങള്‍ പഠിക്കാനും ചെയ്യാനും നമ്മളില്‍ പലര്‍ക്കും ബുദ്ധിമുട്ടുണ്ടാകും. അങ്ങനെവരുമ്പോള്‍ ബിസിനസ് പ്ലാനിലെ ഒന്നിലധികം ഭാഗങ്ങളില്‍ ഒരേപോലെ ശ്രദ്ധചെലുത്താനും കൃത്യത പാലിക്കാനും കഴിയാതെ വരും.
ഇതിനൊരു ഉദാഹരണം പറയാം. ഹരീഷ് എന്നൊരാള്‍ ഒരിക്കല്‍ എന്നെക്കാണാന്‍ വന്നു. അയാളുടെ ആവശ്യം അയാള്‍ വിപണിയിലെത്തിക്കാന്‍ പോകുന്ന ഒരു സോഫ്റ്റ് ഡ്രിങ്കിന് ആവശ്യമായ ബ്രാന്‍ഡിംഗ് ചെയ്യുക എന്നതായിരുന്നു. ബ്രാന്‍ഡിംഗ് ചെയ്യുന്നതിനോടൊപ്പം അയാള്‍ അയാളുടെ ഒരു അനുഭവം കൂടിപ്പറഞ്ഞു. അയാള്‍ക്ക് ലോണിനും, സബ്സിഡിക്കും, നിക്ഷേപത്തിനുമായി ഒരു ബിസിനസ് പ്ലാന്‍ കൂടി വേണമായിരുന്നു. ആദ്യം ഒരു ബിസിനസ് പ്ലാനുണ്ടാക്കാന്‍ ഹരീഷ് തന്നെക്കൊണ്ടാകുന്നതുപോലെ ശ്രമിച്ചു, പക്ഷേ രണ്ടുമാസം പരിശ്രമിച്ചിട്ടും കൃത്യമായ ഒരു പ്ലാനുണ്ടാക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. കാരണം അയാളൊരു ഫുഡ് ഇന്‍ഡസ്ട്രി എക്‌സ്‌പെര്‍ട്ട് ആയിരുന്നു. എങ്ങനെ ഒരു മികച്ച ഡ്രിങ്ക് ഉണ്ടാക്കണമെന്ന് അയാള്‍ക്കറിയാം പക്ഷേ അതിനുപിന്നിലെ മാനവ വിഭവശേഷി, സാമ്പത്തിക കാര്യങ്ങള്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ ആള്‍ക്ക് വലിയ പിടിയുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളുടെ ബാലപാഠങ്ങള്‍ പോലും അയാള്‍ക്ക് പഠിച്ചെടുക്കേണ്ടതായി വന്നു.
പഠിച്ചെടുക്കുന്നതൊക്കെ നല്ലകാര്യം തന്നെ, പക്ഷേ അത് അയാളുടെ ബിസിനസിനെ തന്നെ ബാധിക്കാന്‍ തുടങ്ങിയാലോ? എങ്ങനെയെന്നുവച്ചാല്‍ അയാള്‍ എച്ച് ആറും, ഫിനാന്‍സുമൊക്കെ പഠിച്ചെടുക്കുന്ന സമയംകൊണ്ട് അയാളുടെ തനത് മേഖലയില്‍ ശ്രദ്ധിക്കാനുള്ള സമയം അയാള്‍ക്ക് നഷ്ടപ്പെട്ടു. അതുവഴി അയാളുടെ ഉത്പന്നം, അതിന്റെ ക്വാളിറ്റി, അതിനെ കൂടുതല്‍ മികച്ചതാക്കാനുള്ള റിസര്‍ച് എന്നിവയ്ക്ക് മാറ്റിവയ്ക്കേണ്ട സമയം അയാള്‍ക്ക് നഷ്ടപ്പെടുകയും അത് ഉത്പന്നത്തിന്റെ ജീവാവസ്ഥയെ സാരമായി ബാധിക്കുകയും ചെയ്തു. അതായത് മറ്റുള്ളവര്‍ ചെയ്യേണ്ടുന്ന ജോലി നമ്മള്‍തന്നെ ചെയ്യാമെന്നുവച്ചാല്‍ നമ്മുടെ ജോലി ആരുചെയ്യും എന്നുകൂടി ചിന്തിക്കേണ്ടതുണ്ട്. ഇത് അദ്ദേഹം മനസ്സിലാക്കുകയും ഞങ്ങളെ ആ ബിസിനസ് പ്ലാന്‍ തയ്യാറാക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. വിജയകരമായി ഞങ്ങള്‍ക്കത് ചെയ്തുകൊടുക്കാനായെങ്കിലും ഹരീഷ് അതിനുവേണ്ടി സ്വയംസമര്‍പ്പിച്ച് നഷ്ടപ്പെടുത്തിയ രണ്ടുമാസത്തെ സമയം തിരികെനല്‍കാന്‍ ഞങ്ങള്‍ക്കും കഴിയില്ലല്ലോ.
ഒരു സംരംഭകന്‍ അല്ലെങ്കില്‍ ബിസിനസ്സ് ഉടമ എന്ന നിലയില്‍ നിങ്ങളുടെ സ്വന്തം ബിസിനസ്സ് പ്ലാന്‍ തയ്യാറാക്കുന്നത് തീര്‍ച്ചയായും ഒരു മൂല്യവത്തായതുമായ ഒരു അനുഭവമായിരിക്കും എന്നത് തീര്‍ച്ച. അത് നിങ്ങളുടെ ബിസിനസിനെക്കുറിച്ചും അതിന്റെ വളര്‍ച്ചയ്ക്കുമുള്ള സാധ്യതകളെക്കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ നിങ്ങളെ സഹായിക്കും. ഒപ്പംതന്നെ നന്നായി എഴുതപ്പെട്ടതും സമഗ്രവുമായ ഒരു ബിസിനസ് പ്ലാന്‍ സുരക്ഷിതമായ ഫണ്ടിംഗ് സാധ്യമാക്കുക, നിക്ഷേപകരെ ആകര്‍ഷിക്കുക, ബിസിനസ്സിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും വഴികാട്ടിയായിരിക്കുക തുടങ്ങി നിരവധി കാര്യങ്ങളില്‍ മുന്നോട്ടുള്ള പോക്കിനെ ത്വരിതപ്പെടുത്തും. എന്നിരുന്നാലും ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് സമ്മതിക്കാതെ വയ്യ, പ്രത്യേകിച്ച് ബിസിനസ് ആസൂത്രണത്തില്‍ പരിചയമോ വൈദഗ്ധ്യമോ ഇല്ലാത്തവര്‍ക്ക്. അതുകൊണ്ടാണ് പല സംരംഭകരും സഹായത്തിനായി പ്രൊഫഷണല്‍ ഏജന്‍സികളിലേക്ക് തിരിയുന്നത്. ഇത്തരത്തില്‍ ഒരു ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള മികച്ച ഏജന്‍സിയെ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് നമുക്ക് നോക്കാം.
വൈദഗ്ധ്യം (Expertise): ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നതിനായി ഒരു ഏജന്‍സി തിരഞ്ഞെടുക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് അവരുടെ വൈദഗ്ധ്യമാണ്. നിങ്ങളുടേതിന് സമാനമായ ബിസിനസ്സുകള്‍ക്കായി ബിസിനസ് പ്ലാനുകള്‍ തയ്യാറാക്കുന്നതില്‍ പരിചയമുള്ള ഒരു ഏജന്‍സിക്കായി അന്വേഷണം നടത്തുകയാണ് അതില്‍ പ്രധാനം. നിങ്ങളുടെ ബിസിനസ് മേഖലയില്‍ അവര്‍ക്ക് വിജയകരമായ ഒരു ട്രാക്ക് റെക്കോര്‍ഡ് ഉണ്ടോ എന്നറിയാന്‍ ശ്രമിക്കണം, കാരണം ഒരു നല്ല ഏജന്‍സിക്ക് ബിസിനസ് പ്ലാനിംഗ്, ഫിനാന്‍സ് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള ധാരണയുള്ള പരിചയസമ്പന്നരായ പ്രൊഫഷണലുകളുടെ ഒരു ടീം നിര്‍ബന്ധമായും ഉണ്ടായിരിക്കും.
ഇഷ്ടാനുസൃതമാക്കല്‍ (Customization): ഓരോ ബിസിനസ്സും അദ്വിതീയമാണ്, കൂടാതെ ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നതിനുള്ള ഒറ്റമൂലി (one size fits all) എല്ലായ്പ്പോഴും പ്രവര്‍ത്തിക്കണമെന്നില്ല. നിങ്ങളുടെ ബിസിനസിന്റെ നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി സേവനങ്ങള്‍ ഇഷ്ടാനുസൃതമാക്കാന്‍ തയ്യാറുള്ള ഒരു ഏജന്‍സിയെ വേണം നിങ്ങള്‍ സമീപിക്കാന്‍. നിങ്ങളുടെ ബിസിനസ്സ്, ലക്ഷ്യങ്ങള്‍, കാഴ്ചപ്പാട് എന്നിവ മനസിലാക്കാന്‍ ഒരു നല്ല ഏജന്‍സിക്ക് കഴിയണം, തുടര്‍ന്ന് നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന ഒരു കസ്റ്റമൈസ്ഡ് പ്ലാന്‍ സൃഷ്ടിക്കുക ഒരു ക്രിയാത്മക പ്രവര്‍ത്തിയായി മാറും.
ആശയവിനിമയം (Communication): ആശയവിനിമയമില്ലാതെ ഒന്നും സാധ്യമാകില്ല. നിങ്ങളുടെ ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നതിനായി ഒരു ഏജന്‍സിയുമായി പ്രവര്‍ത്തിക്കുമ്പോള്‍ അങ്ങേയറ്റമുള്ള ആശയവിനിമയം അത്യാവശ്യമാണ്. കാരണം ഓരോ ആവശ്യത്തോടും കൃത്യമായി പ്രതികരിക്കുകയും, വ്യക്തമായും ഫലപ്രദമായുമുള്ള മാര്‍ഗങ്ങള്‍ കാണിച്ചു തരികയും ചെയ്യുന്ന ഒരു ഏജന്‍സിക്കായി വേണം നിങ്ങള്‍ അന്വേഷിക്കാന്‍. നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കാനും ഒരു നല്ല ഏജന്‍സി എപ്പോഴും കര്‍മ്മനിബദ്ധരായിരിക്കണം. ഒപ്പം സങ്കീര്‍ണ്ണമായ സാമ്പത്തിക ആശയങ്ങള്‍ മനസ്സിലാക്കാന്‍ (നിങ്ങള്‍ക്കും, മറ്റുള്ളവര്‍ക്കും) എളുപ്പമുള്ള രീതിയില്‍ വിശദീകരിക്കാനും അവര്‍ക്ക് കഴിയണം.
മതിപ്പ് (Reputation): ഏതൊരുകാര്യത്തിനും ഒരു ഏജന്‍സിയെ പരിഗണിക്കുമ്പോള്‍ അവരുടെ പ്രശസ്തിയും മതിപ്പും പരിഗണിക്കേണ്ടതുണ്ട്. ശക്തമായ പ്രശസ്തിയും മുന്‍ ക്ലയന്റുകളില്‍ നിന്ന് നല്ല അഭിപ്രായകുറിപ്പുകളും (reviews) ഉള്ള ഒരു ഏജന്‍സിയെ ഒരുപരിധിവരെ നിങ്ങള്‍ക്ക് വിശ്വസിക്കാവുന്നതാണ്. ഓണ്‍ലൈന്‍ റിവ്യൂകള്‍ പരിശോധിക്കുക, റഫറന്‍സുകള്‍ ആവശ്യപ്പെടുക തുടങ്ങി വിവിധ മാര്‍ഗങ്ങളിലൂടെ അവര്‍ ഉറപ്പുനല്‍കുന്ന സേവനങ്ങളെക്കുറിച്ചും, അതിന്റെ ഗുണനിലവാരത്തെക്കുറിച്ചും മനസ്സിലാക്കാന്‍ സാധിക്കും.
വില (Cost): ബിസിനസ് പ്ലാന്‍ തയ്യാറാക്കുന്നതിനായി ഒരു ഏജന്‍സിയെ തിരഞ്ഞെടുക്കുമ്പോള്‍ വില എപ്പോഴും പരിഗണിക്കേണ്ട ഒരു വിഷയമാണ്, പക്ഷേ വില മാത്രമല്ല അവിടെ പരിഗണിക്കപ്പെടേണ്ടത്. വില കൂടുതലായാലും അവര്‍ നല്‍കുന്ന സേവനത്തിന്റെ ഗുണനിലവാരം ഉയര്‍ന്നതാണോ എന്നതാണ് നാം പരിഗണിക്കേണ്ടത്. വില എന്നുപറയുമ്പോള്‍ സുതാര്യമായ വിലനിര്‍ണ്ണയം വാഗ്ദാനം ചെയ്യുന്നതും മറഞ്ഞിരിക്കുന്ന ഫീസുകളില്ലാത്തതുമായ ഒരു ഏജന്‍സിയെ പരിഗണിക്കുക എന്നതാണ് പ്രധാനം, അല്ലാതെ കുറഞ്ഞവിലയ്ക്ക് സേവനം നല്‍കുന്ന (അല്ലെങ്കില്‍ നല്‍കാമെന്ന് പറയുന്ന) ഏജന്‍സിയെ പരിഗണിക്കുക എന്നല്ല.
ഒരു നല്ല ഏജന്‍സി അവരുടെ വിലനിര്‍ണ്ണയത്തെക്കുറിച്ച് നിങ്ങളോട് മുന്‍കൂട്ടി പറയുകയും അവരുടെ സേവനങ്ങളുടെയും ഫീസിന്റെയും വ്യക്തമായ ഘടന നിങ്ങള്‍ക്ക് മനസ്സിലാക്കിത്തരികയും വേണം. വിലകുറഞ്ഞ ഓപ്ഷന്‍ എല്ലായ്‌പ്പോഴും മികച്ചതായിരിക്കണമെന്നില്ല എന്നത് എപ്പോഴും ഓര്‍ത്തിരിക്കേണ്ടത് സുപ്രധാനമാണ്, കാരണം കുറഞ്ഞ ചിലവില്‍ തട്ടിക്കൂട്ട് ബിസിനസ് പ്ലാനുമായി മുന്നോട്ടുപോയാല്‍ ധനനഷ്ടം, മാനഹാനി, കാര്യതടസ്സം ഒക്കെ ഉണ്ടാകാനുള്ള സാധ്യത കാണുന്നു.
ഓരോ ബിസിനസ് പ്ലാനും ചെയ്യുന്ന ചില കര്‍മ്മങ്ങളുണ്ട്. നിങ്ങളുടെ ബിസിനസ്സ് ആശയങ്ങളും ലക്ഷ്യങ്ങളും നിര്‍വചിക്കുക, നിങ്ങളുടെ മാര്‍ക്കറ്റ് വിശകലനം നടത്തുക, മാര്‍ക്കറ്റിംഗ്, സെയില്‍സ് തന്ത്രങ്ങള്‍ വികസിപ്പിക്കുക ഒരു സാമ്പത്തിക പദ്ധതി ഉണ്ടാക്കുക, അപകടസാധ്യതകളും വെല്ലുവിളികളും തിരിച്ചറിയുക തുടങ്ങി അനേകം മാര്‍ഗങ്ങളെ രേഖകളാക്കി മാറ്റുകയും അത് വായിക്കുന്നവരോട് ഉറക്കെ വിളിച്ചുപറയുകയും ചെയ്യുന്നു അത്. ഓരോ ബിസിനസ് പ്ലാനും വ്യത്യസ്തമാണ് എന്നറിയുക, അച്ചാര്‍ നിര്‍മ്മാണ കമ്പനിയുടെ ബിസിനസ് പ്ലാന്‍ ബേക്കറിയുടെ ബിസിനസ് പ്ലാനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായിരിക്കും, അവ ഒരേ മേഖലയിലാണെങ്കില്‍ക്കൂടി.
നമ്മുടെ നാട്ടില്‍ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രവണതയാണ് ചില ടെംപ്ലേറ്റുകള്‍ ഉപയോഗിച്ചുള്ള ബിസിനസ് പ്ലാന്‍ നിര്‍മ്മാണം. ഒരേ അച്ചിലിട്ട് വാര്‍ത്തതുപോലെയിരിക്കും അവരുണ്ടാക്കുന്ന എല്ലാ ബിസിനസ് പ്ലാനുകളും. പേരുകളും, അക്കങ്ങളും മാത്രം മാറ്റി പുതിയൊരു കവറിലിട്ട് നല്‍കുന്ന അത്തരം ബിസിനസ് പ്ലാനുകള്‍ ചില ചെറുകിട ആവശ്യങ്ങള്‍ക്ക് മതിയാകുമെങ്കിലും നിങ്ങളുടെ ആശയത്തെ പൊലിപ്പിച്ച് കാണിക്കുന്നതില്‍ അവ മിക്കപ്പോഴും പരാജയപ്പെടാറാണ് പതിവ്.
ഇന്നത്തെ സ്റ്റാര്‍ട്ടപ്പ് യുഗത്തില്‍ എന്ത് വ്യത്യസ്തമായി ചെയ്യാം എന്നാണ് ഓരോ സംരംഭകരും നോക്കുന്നത്, നിക്ഷേപകരും ബാങ്കുകാരുമൊക്കെ നിങ്ങളില്‍ കാണുന്ന ഗുണവും അതുതന്നെയാകും. അത്തരത്തിലെ വ്യത്യസ്തമായ രീതിയില്‍ ബിസിനസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നിങ്ങളെങ്കില്‍ വ്യത്യസ്തമായി ചിന്തിക്കുകയും, പ്രവര്‍ത്തിക്കുകയും, നിങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന ഒരു ഏജന്‍സിയെയാണ് നിങ്ങള്‍ക്കും ആവശ്യം എന്ന് മനസ്സിലാക്കുക. മാത്രമല്ല, ഒറ്റത്തവണ ചെയ്താല്‍ കഴിഞ്ഞു എന്നുകരുത്തേണ്ട ഒന്നല്ല ബിസിനസ് പ്ലാന്‍. ഒരേസമയം നിങ്ങളുടെ ബിസിനസ്സിലെയും മാര്‍ക്കറ്റ് അവസ്ഥകളിലെയും മാറ്റങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിനായി കൃത്യമായ ഇടവേളകളില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താനും അത് ഉള്‍ക്കൊള്ളാനും പറ്റുന്ന ഒരു ജീവനുള്ള രേഖയായി ബിസിനസ് പ്ലാനിനെ കാണണം.
ഓര്‍ക്കുക, ഒരു ബിസിനസ് തുടങ്ങാന്‍ തയ്യാറെടുക്കുന്നതോടൊപ്പം തന്നെ തയ്യാറാക്കേണ്ട ഒന്നാണ് ബിസിനസ് പ്ലാനും. കൃത്യമായ ബിസിനസ് പ്ലാനുകള്‍ തയ്യാറാക്കുക, ആ പ്ലാനിലൂടെ മുന്നോട്ടുപോകുക, അവസരങ്ങളെ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുക; വിജയം നിങ്ങളോടൊപ്പമുണ്ടാകട്ടെ.