Summary
- ദീർഘകാല വിജയത്തിലേക്ക് നയിക്കുന്ന മാറ്റങ്ങൾ നടപ്പിലാക്കുന്നു
- ഗുണകരമായ നാഴികക്കല്ലുകൾ വെളിച്ചത്തുകൊണ്ടുവരാനും അവയെ എത്തിപ്പിടിക്കാനും സഹായിക്കുന്നു
- ഫിനാൻസ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, സ്ട്രാറ്റജി അങ്ങിനെ വിവിധ വൈദഗ്ധ്യങ്ങളിൽ ഊന്നൽ നൽകുന്നു.
- ബിസിനസിന്റെ പ്രകടനം എന്നാൽ വില്പനയോ വരുമാനമോ മാത്രമല്ല
ലോകം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു എന്നതിൽ തർക്കമില്ല, അതുകൊണ്ടുതന്നെ അതോടൊപ്പം തന്നെ ബിസിനസ് ലോകവും ദ്രുതഗതിയിൽ...
ലോകം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുന്നു എന്നതിൽ തർക്കമില്ല, അതുകൊണ്ടുതന്നെ അതോടൊപ്പം തന്നെ ബിസിനസ് ലോകവും ദ്രുതഗതിയിൽ മാറുന്നുവെന്നതിനും തർക്കമുണ്ടാകാൻ ഇടയില്ല. ഈ മാറ്റം സംരംഭങ്ങൾക്ക് ഒരേസമയം അവസരങ്ങളും വെല്ലുവിളികളും നൽകുന്നു.
ഇന്നത്തെ ഈ അതിവേഗ ബിസിനസ്സ് പരിതസ്ഥിതിയിൽ വിപണി മത്സരത്തിൽ മുന്നിൽ നിൽക്കാനും, മാറിക്കൊണ്ടിരിക്കുന്ന വിപണിയിൽ മുന്നോട്ടുപോകാനും, പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നതിനും, പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനും തുടങ്ങി നിരവധി കാര്യങ്ങളിൽ വെല്ലുവിളികൾ നേരിടേണ്ടി വരും. ഈ വെല്ലുവിളികളെ നേരിടാൻ പലതരത്തിലുള്ള മാർഗ്ഗങ്ങൾ സംരംഭങ്ങൾ സ്വീകരിക്കാറുണ്ട്, അതിലൊന്നാണ് ബിസിനസ് കൺസൾട്ടിംഗ്.
സാധാരണഗതിയിൽ ഒരുപറ്റം ജീവനക്കാരെ ജോലിക്കെടുത്ത്, പല ജോലികൾ വീതിച്ചുനൽകി, അതിനെ കൃത്യമായി മാനേജ് ചെയ്ത്, അവരെ ഏകീകരിച്ച് മുന്നോട്ടുകൊണ്ടുപോയി റിസൾട്ട് ഉണ്ടാക്കുക എന്നത് പല സംരംഭങ്ങളെയും സംബന്ധിച്ച് ഒരു വലിയ ചുമതലയായി മാറാറുണ്ട്.
ഇത്തരം സന്ദർഭങ്ങളിൽ ആ സംരംഭത്തിന് വേണ്ട എല്ലാ കാര്യങ്ങളും ആവശ്യമായ രീതിയിൽ ചെയ്തുനൽകാൻ ബിസിനസ് കൺസൾട്ടിംഗ് സർവീസ് അവരെ സഹായിക്കും.
പലപ്പോഴും സംരംഭകർ അവരുടെ മേഖലകളിൽ അതിനിപുണരായിരിക്കും; അവരുടെ ഉത്പന്നം, അവർ നൽകുന്ന സേവനം എന്നീ മേഖലകളിൽ അങ്ങേയറ്റം മികവുപുലർത്തുന്ന സമയത്തും ആ ബിസിനസിനെ എങ്ങിനെ ഘടനാപരമാക്കാം, മാനേജ് ചെയ്യാം എന്നുതുടങ്ങി അതിനെ എങ്ങിനെ വിപുലീകരിക്കാം, കൂടുതൽ സ്വീകാര്യമാക്കാം എന്നതുവരെയുള്ള കാര്യങ്ങളിൽ ഒരു സഹായഹസ്തം അത്യാവശ്യമായി വരും.
അവിടെയാണ് ഈ വെല്ലുവിളികളെ തരണം ചെയ്യാനും, സംരംഭത്തിന്റെ മുഴുവൻ സാധ്യതകളുടെയും വാതിലുകൾ തുറക്കാനും സഹായിച്ചുകൊണ്ട് ഒരു ബിസിനസ് കൺസൾട്ടന്റ് തന്റെ ജോലി ആരംഭിക്കുന്നത്.
എന്താണ് ബിസിനസ് കൺസൾട്ടിംഗ്, ആരാണ് ബിസിനസ് കൺസൾട്ടന്റ്?
ബിസിനസ് കൺസൾട്ടിംഗ് എന്നത് സംരംഭങ്ങളുടെ നിലവിലുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്തും, അതിനെ മെച്ചപ്പെടുത്തുന്നതിനുള്ള ശുപാർശകൾ വാഗ്ദാനം ചെയ്തും ബിസിനസിന്റെ പ്രകടനം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഒരു സേവനമാണ്. ഈ സേവനം നൽകുന്നയാളിനെ ബിസിനസ് കൺസൾട്ടന്റ് എന്നുപറയുന്നു
ഒരു സംരംഭത്തിന്റെ മാനേജ്‌മെന്റുമായി ചേർന്ന് അവരുടെ വിജയത്തിനായുള്ള വിവിധ മേഖലകൾ തിരിച്ചറിയുന്നതിനും, അവരെ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു തന്ത്രം വികസിപ്പിച്ച് ദീർഘകാല വിജയത്തിലേക്ക് നയിക്കുന്ന മാറ്റങ്ങൾ നടപ്പിലാക്കുന്നതിനും ബിസിനസ് കൺസൾട്ടിംഗ് സർവീസ് വഴി ബിസിനസ് കൺസൾട്ടന്റിന് സാധിക്കും.
സ്ട്രാറ്റജി ഡെവലപ്‌മെന്റ്, ഓർഗനൈസേഷണൽ ഡിസൈൻ, മാർക്കറ്റിംഗ് ആൻഡ് സെയിൽസ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ് എന്നിവയും അതിലേറെയും ഉൾപ്പെടെ വിപുലമായ മേഖലകളിൽ ബിസിനസ് കൺസൾട്ടൻറ് ഇടപെട്ടുകൊണ്ടിരിക്കും.
ഒരു കമ്പനിയെ അതിന്റെ വെല്ലുവിളികളെ അതിജീവിക്കാനും ലക്ഷ്യങ്ങൾ കൈവരിക്കാനും സഹായിക്കുന്ന ഒരു പുതിയ കാഴ്ചപ്പാടും വൈദഗ്ധ്യവും നൽകുക എന്നതാണ് ഏതൊരു ബിസിനസ് കൺസൾട്ടന്റിന്റെയും ലക്ഷ്യം.
ബിസിനസ് കൺസൾട്ടിങ്ങിന്റെ പ്രയോജനങ്ങൾ
ഒരു ബിസിനസ്സ് വിജയകരമായി നടത്തിക്കൊണ്ടുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇപ്പോൾ തുടങ്ങുകയാണെങ്കിലും, വർഷങ്ങളായി ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുകയാണെങ്കിലും നിങ്ങൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ എപ്പോഴും ഉണ്ടാകും;
പല രൂപത്തിൽ, പല ഭാവത്തിൽ. ഈ വെല്ലുവിളികൾ പ്രവർത്തനപരമായ കാര്യക്ഷമതയില്ലായ്മ മുതൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ, വിപണനം, വിൽപ്പന എന്നിവയും അതിലേറെയും വരെയാകാം.
ഈ വെല്ലുവിളികളെ തരണം ചെയ്യുന്നതിനുള്ള ഒരു പരിഹാരമാണ് ഒരു ബിസിനസ് കൺസൾട്ടിംഗ് സേവനം ലഭ്യമാക്കുക എന്നതുവഴി ഏതൊരു സംരംഭവും, സംരംഭകനും ആഗ്രഹിക്കുന്നത്. ഒരു ബിസിനസ്സിന് കൺസൾട്ടിംഗ് സേവനങ്ങൾ ആവശ്യമായി വരുന്നതിന്റെ ചില കാരണങ്ങൾ ഇനി പറയുന്നു:
റോഡ് മാപ്: ഏതൊരു സംരംഭകനും അയാളുടെ സംരംഭത്തെക്കുറിച്ച് കുറേ സ്വപ്നങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും. ഈ സ്വപ്നങ്ങളും ആഗ്രഹങ്ങളും എത്രത്തോളം പ്രാവർത്തികമാണ്, അത് എങ്ങിനെ നടത്തിയെടുക്കാം, അതിന് എത്ര സമയം വേണ്ടിവരും എന്നുതുടങ്ങി സംരംഭത്തിന്റെ ഓരോ ഘട്ടത്തിലും എത്തിപ്പിടിക്കേണ്ട നാഴികക്കല്ലുകൾ വരെ തീരുമാനിച്ച് ഡോക്യുമെന്റ് ചെയ്ത ഒരു റോഡ്മാപ് തയ്യാറാക്കുക എന്നത് ഒരു ബിസിനസ് കൺസൾട്ടന്റിനെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു പ്രവർത്തിയാണ്.
ഒരു ബിസിനസിന്റെ പ്രവർത്തനങ്ങൾ വിശകലനം ചെയ്യുന്നതിലൂടെയും, മെച്ചപ്പെടുത്തുന്നതിനുള്ള മേഖലകൾ തിരിച്ചറിയുന്നതിലൂടെയും ഒരു കൺസൾട്ടന്റിന് അതിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള വ്യക്തമായ തന്ത്രം വികസിപ്പിക്കാൻ സഹായിക്കാനാകും.
ഒപ്പം തന്നെ അതുവരെ ചിന്തിച്ചിട്ടില്ലാത്തതോ, ആഗ്രഹിച്ചിട്ടിലാത്തതോ ആയ ഗുണകരമായ നാഴികക്കല്ലുകൾ വെളിച്ചത്തുകൊണ്ടുവരാനും അവയെ എത്തിപ്പിടിക്കാൻ സഹായിക്കാനും ഒരു മികച്ച ബിസിനസ് കൺസൾട്ടന്റിന് കഴിയും.
ഒരു പുതിയ വീക്ഷണം നേടുക: ഒരു ബിസിനസ് കൺസൾട്ടിംഗ് സേവനം ലഭ്യമാക്കുന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിലൊന്ന് അവർക്ക് നിങ്ങളുടെ ബിസിനസിലേക്ക് കൊണ്ടുവരാൻ കഴിയുന്ന പുതിയ കാഴ്ചപ്പാടാണ്.
നിങ്ങൾ ഒരു പ്രശ്നത്തോട് അടുക്കുമ്പോൾ, ഒരു പരിഹാരം കാണുന്നത് വെല്ലുവിളിയാകുന്ന സമയങ്ങളിൽ ഒരു ബിസിനസ് കൺസൾട്ടന്റിന് നിങ്ങളുടെ പ്രവർത്തനങ്ങളുടെ വസ്തുനിഷ്ഠമായ വീക്ഷണം ലഭ്യമാക്കാനും പ്രശ്നപരിഹാരം സാധ്യമാക്കാനും കഴിയും.
അനന്തമായ വൈദഗ്ധ്യം: ബിസിനസ് കൺസൾട്ടിംഗ് സേവനം ലഭ്യമാക്കുക വഴി ഏതൊരു സംരംഭത്തിനും അതിനുള്ളിൽ നിന്നും ലഭ്യമല്ലാത്ത പ്രത്യേക വൈദഗ്ധ്യം സ്വന്തമാക്കാൻ കഴിയും. ഉദാഹരണത്തിന്, ഒരു കൺസൾട്ടന്റിന് പല മേഖലകളിലെയും പലതരം കമ്പനികളുമായും, പലതരം പ്രശ്നങ്ങളുമായും പ്രവർത്തിച്ച അനുഭവം ഉണ്ടായിരിക്കാം.
ഈ വൈദഗ്ധ്യം പ്രയോജനപ്പെടുത്തുന്നതിലൂടെ ഒരു കൺസൾട്ടന്റിന്റെ അറിവിൽ നിന്നും അനുഭവത്തിൽ നിന്നും ഒരു സംരംഭത്തിന് പ്രയോജനം നേടാനാകും. മാത്രമല്ല, ചില ബിസിനസ് കൺസൾട്ടിംഗ് സേവനങ്ങൾ ബിസിനസ്സിന്റെ വിവിധ മേഖലകളിലെ വിദഗ്ധരെ ഒരേസമയം ഉൾക്കൊണ്ടാണ് ചെയ്യുന്നത്. അത് ഫിനാൻസ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, സ്ട്രാറ്റജി അങ്ങിനെ വിവിധ വൈദഗ്ധ്യങ്ങളിൽ ഊന്നൽ നൽകുന്നു.
സമയവും പണവും ലാഭിക്കുക: സമയവും പണവും ലാഭിക്കുക എന്നത് ഏതൊരു സംരംഭവും ആഗ്രഹിക്കുന്ന ഒന്നാണ്. കൃത്യവും കാര്യക്ഷമവുമായ ബിസിനസ് കൺസൾട്ടിംഗ് ലഭ്യമാക്കുകവഴി ഗണ്യമായ തോതിൽ ഇവ ലാഭിക്കാൻ കഴിയുമെന്നതാണ് സത്യം.
ഒരു ബിസിനസിന്റെ പ്രോസസിൽ എവിടെയെങ്കിലും കാര്യക്ഷമതയില്ലായ്മയുണ്ടോ എന്ന് കണ്ടെത്തി അത് പരിഹരിക്കാനുള്ള മാർഗങ്ങൾ കണ്ടെത്തുക മുതൽ കൃത്യമായ പ്ലാനിംഗോടെ പണത്തിന്റെ വിനിയോഗം നിയന്ത്രിക്കാനും ബിസിനസ് കൺസൾട്ടന്റിന് കഴിയും.
ഇത് ആത്യന്തികമായി വർദ്ധിച്ച ലാഭത്തിനും ശക്തമായ അടിത്തറയ്ക്കും ഇടയാക്കും. ഒരു ബിസിനസ്സ് ഉടമ എന്ന നിലയിൽ, ഏതൊരു സംരംഭകനും പലവിധ ചുമതലകൾ ഏൽക്കേണ്ടിവരും, അതിൽ ഓപ്പറേഷൻസ്, മാർക്കറ്റിംഗ്, സെയിൽസ്, ഫിനാൻസ് എന്നിവയെല്ലാം ഒരേസമയം മാനേജ് ചെയ്യേണ്ടിയും വരാം.
ഇതിൽനിന്നൊക്കെ വ്യത്യസ്തമായി ബിസിനസ് കൺസൾട്ടിംഗ് സേവനത്തിന് നിങ്ങളുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ആ കൺസൾട്ടന്റിന്റെ മാർഗ്ഗനിർദ്ദേശം ഉപയോഗിച്ച് ബിസിനസ്സ് നടത്തിക്കൊണ്ടുപോകുന്നതുവഴി നിങ്ങൾ ഏറ്റവും നന്നായി ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങളുടെ സമയവും ഊർജവും കേന്ദ്രീകരിക്കാനാകും.
വളർച്ചയ്ക്കായി ഒരു തന്ത്രം (സ്ട്രാറ്റജി) വികസിപ്പിക്കുക: വിപണി മത്‌സരം കടുത്തുകൊണ്ടിരിക്കുന്ന ഇന്നത്തെ ബിസിനസ് സാഹചര്യത്തിൽ ബിസിനസ് വളർച്ചയ്ക്കുള്ള ഒരു തന്ത്രം വികസിപ്പിക്കാതെ മുന്നോട്ടുപോകുക എന്നത് ഉപ്പില്ലാത്ത കഞ്ഞി പോലെയാണ്; കുടിക്കാനൊക്കെ പറ്റും, പക്ഷേ ആ രുചി കിട്ടണമെന്നില്ല.
ഇവിടെയും ഒരു ബിസിനസ് കൺസൾട്ടിംഗ് സേവനത്തിന് നിങ്ങളെ സഹായിക്കാനാകും. ബിസിനസിന്റെ പ്രവർത്തനങ്ങളും വിപണിയും വിശകലനം ചെയ്യുക, വിപുലീകരണത്തിനുള്ള അവസരങ്ങൾ തിരിച്ചറിയുക, ബിസിനസിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഒരു റോഡ്മാപ്പ് സൃഷ്ടിക്കുക, ഓരോ പ്രവർത്തനത്തിനും വേണ്ട കൃത്യമായ ശുപാർശകൾ നൽകുക തുടങ്ങി ആദ്യാവസാനം ആ ബിസിനസ് എങ്ങിനെ മാനേജ് ചെയ്യണം എന്നതുവരെയുള്ള തന്ത്രങ്ങൾ മെനയാൻ ബിസിനസ് കൺസൾട്ടന്റിന് കഴിയും.
ഇത്തരത്തിൽ വ്യക്തമായ ഒരു സ്ട്രാറ്റജി നിലവിലുണ്ടെങ്കിൽ, വളർച്ചകൈവരിക്കാൻ ബിസിനസ്സിൽ എങ്ങനെ നിക്ഷേപിക്കണം എന്നതിനെക്കുറിച്ചുവരെ കാര്യക്ഷമമായി തീരുമാനങ്ങൾ എടുക്കാം.
ബിസിനസ്സ് പ്രകടനം മെച്ചപ്പെടുത്തുക: ആത്യന്തികമായി ഒരു ബിസിനസ് കൺസൾട്ടിംഗ് സേവനത്തിന്റെ ലക്ഷ്യം നിങ്ങളുടെ ബിസിനസ്സിന്റെ പ്രകടനം മെച്ചപ്പെടുത്തുക എന്നതാണ്, കാരണം ആ ലക്ഷ്യത്തിലേക്കാണ് അവരും നിങ്ങളും ഓടിയടുക്കുന്നത്.
ബിസിനസിന്റെ പ്രകടനം എന്നാൽ വില്പനയോ വരുമാനമോ മാത്രമല്ല, സംരംഭത്തിന്റെ സൽക്കീർത്തി, തൊഴിലാളികളുടെ സംതൃപ്തി, സർക്കാർ കാര്യങ്ങളിലെ കൃത്യത പാലിക്കൽ തുടങ്ങി ഒട്ടനേകം കർമ്മങ്ങളിൽ പ്രകടനം മെച്ചപ്പെടുത്തേണ്ടതായി വരും.
നിങ്ങളുടെ സംരംഭത്തിന് ഒരു പുതിയ കാഴ്ചപ്പാട് നൽകുന്നതിലൂടെ ഒരു കൺസൾട്ടന്റിന് വെല്ലുവിളികളെ അതിജീവിക്കാനും നിങ്ങളുടെ ബിസിനസ്സിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനും ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകാൻ കഴിയും.
ബിസിനസ് കൺസൾട്ടിംഗ് എന്നാൽ ഒരു കടൽ പോലെയാണ്. മുന്നോട്ടുപോകുംതോറും ദൂരവും ആഴവും കൂടുന്നതറിയാം. ഒരു ലക്ഷ്യം പിന്നിട്ടാൽ പിന്നാലെ അനേകം ലക്ഷ്യങ്ങൾ പൊന്തിവരും. ഈ ലക്ഷ്യങ്ങളിലേക്ക് അടുക്കാൻ നമ്മളെ സഹായിക്കുന്ന ബിസിനസ് കൺസൾട്ടന്റുമാരെ എങ്ങനെ തിരഞ്ഞെടുക്കാം എന്ന് അടുത്ത പാർട്ടിൽ വായിക്കാം.