2 April 2023 6:30 AM GMT
Summary
- ശമ്പളം 24 കോടി പെട്രോകെമിക്കല്‍സിന്റെ ചുമതലക്കാരന്‍ പ്രൊജക്ട് മാനേജരായി തുടക്കം
- ധീരുഭായ് അംബാനിയുടെ സഹോദരി പുത്രന്റെ മകനാണ് നിഖില്‍
ബിസിനസ് ലോകത്തില്‍ പ്രമുഖരുടെ ജീവിതവും കരിയറുമൊക്കെ അറിഞ്ഞിരിക്കുന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന കാര്യമാണ്. ഇന്ത്യന്‍ ബിസിനസ് ടൈക്കൂണും റിലയന്‍സ് ഗ്രൂപ്പിന്റെ മേധാവിയുമായ മുകേഷ് അംബാനിയെ കുറിച്ചുള്ള കാര്യങ്ങള്‍ അറിയാനും നമുക്കൊക്കെ താല്‍പ്പര്യമാണ്. എന്നാല്‍ റിലയന്‍സ് ഗ്രൂപ്പില്‍ അദ്ദേഹത്തേക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന റിലയന്‍സ് പെട്രോകെമിക്കല്‍സിന്റെ ചുമതലക്കാരനായ ഒരു ബിസിനസ് തലച്ചോറുണ്ട്. അതാണ് നിഖില്‍ മേസ്‌വാനി. കോടികള്‍ വാരുന്ന ഗ്രൂപ്പിന്റെ പല ബിസിനസ് മേഖലകളിലും കൈയ്യൊപ്പ് പതിപ്പിച്ച ഈ സ്ട്രാറ്റജിസ്റ്റിനെ അധികം ആരും ശ്രദ്ധിച്ചിട്ടുണ്ടാകില്ല. മുകേഷ് അംബാനിയുടെ ബന്ധുവും നിലവില്‍ എക്‌സിക്യൂട്ടീവ് പദവിയിലുമുള്ള നിഖിലിന്റെ ശമ്പളം 24 കോടി രൂപയാണ്. ലോകത്തിലെ തന്നെ എണ്ണംപറഞ്ഞ പെട്രോകെമിക്കല്‍സ് ബിസിനസായി റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ മാറ്റിയെടുക്കുകയാണ് നിഖിലിന്റെ ചുമതല.
ആരാണ് നിഖില്‍ മേസ്‌വാനി?
റിലയന്‍സ് ഗ്രൂപ്പിന്റെ സ്ഥാപക ഡയറക്ടര്‍മാരില്‍ ഒരാളായ രസിക് ലാല്‍ മേസ്‌വാനിയുടെ മകനാണ് . ഇങ്ങിനെ പരിചയപ്പെടുത്തുന്നതേക്കാള്‍ റിലയന്‍സിന്റെ സ്ഥാപകനും മുകേഷ് അംബാനിയുടെ പിതാവുമായ ധീരുഭായ് അംബാനിയുടെ സഹോദരി പുത്രന്റെ മകനാണ് നിഖില്‍ എന്ന് പറയുന്നതാണ് ഉചിതം.
കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരില്‍ ഒരാളായ ഹിതല്‍ മേസ്‌വാനിയുടെ സഹോദരനാണ് നിഖില്‍. മുംബൈ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം നേടിയ ശേഷം യുഎസിലെ മസാച്യുസെറ്റ്‌സ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അദ്ദേഹം റിലയന്‍സില്‍ ജോലിക്ക് ചേരുന്നത്.
പടിപടിയായി വളര്‍ച്ച
വെറുമൊരു പ്രൊജക്ട് മാനേജരായാണ് നിഖിൽ റിലയന്‍സ് ഗ്രൂപ്പില്‍ ജോലിക്ക് ചേരുന്നത്. ഇക്കാലയളവില്‍ കഠിനാധ്വാനത്തിലൂടെ മാനേജ്‌മെന്റിന്റെ ശ്രദ്ധ നേടിയെടുക്കാന്‍ നിഖിലിന് സാധിച്ചു. കമ്പനിയുടെ പല പ്രൊജക്ടുകളുടെയും ഭാഗമായി പ്രവര്‍ത്തിച്ച് നേട്ടമുണ്ടാക്കാന്‍ കമ്പനിയെ സഹായിച്ചതാണ് ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എന്ന പദവി വരെ നിഖിലിനെ കൊണ്ടെത്തിച്ചത്. 1997 നും 2005നും ഇടയില്‍ റിലയന്‍സിന്റെ റിഫൈനറി ബിസിനസില്‍ നിഖിലിന്റ നേതൃത്വത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ റിഫൈനറി ബിസിനസില്‍ ഗ്രൂപ്പിന് ഇടം നേടാന്‍ സഹായിച്ചു. റിലയന്‍സിന്റെ വന്‍കിട പ്രൊജക്ടുകളിലൊക്കെ നിഖിലിന്റെ കൈയ്യൊപ്പുണ്ടെന്ന് പറയാം.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയുള്ള ഐപിഎല്‍ ക്രിക്കറ്റ് ഫ്രാഞ്ചൈസി മുംബൈ ഇന്ത്യന്‍സിനെ മാനേജ് ചെയ്തിരുന്നത് അദ്ദേഹമാണ്. ടെലിംകോം സെക്ടറിലും കമ്പനിയെ മികച്ച നിലയില്‍ നയിച്ചതിനെ തുടര്‍ന്ന് കമ്പനിയില്‍ വലിയ സ്വാധീനം നേടാന്‍ സഹായിച്ചു. ടെലികോം മേഖലയില്‍ റിലയന്‍സിന്റെ എളുപ്പത്തിലുള്ള വളര്‍ച്ച്ക്ക് പിന്നിലും ഈ ബുദ്ധികേന്ദ്രമാണെന്നാണ് റിപ്പോര്‍ട്ട്.
മുകേഷിനെ കടത്തിവെട്ടി ശമ്പളം
ഫോര്‍ബ്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് മുകേഷ് അംബാനി നിഖില്‍ മേസ്‌വാനിയേക്കാള്‍ കുറവ് ശമ്പളമാണ് കൈപ്പറ്റുന്നത്.
2021-22ല്‍ നിഖിലിന്റെ ശമ്പളം 24 കോടി രൂപയാണ്. പത്ത് വര്‍ഷത്തോളമായി മുകേഷ് അംബാനി ഒരേ ശമ്പളമാണ് വാങ്ങുന്നത്. കോവിഡ് പ്രതിസന്ധിയില്‍ മുകേഷ് അംബാനി തനിക്ക് കിട്ടുന്ന ശമ്പള ആനുകൂല്യം വേണ്ടെന്ന് വെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം നിഖിലിനെ പോലുള്ള ഒരാള്‍ക്ക് ഇത്രയും ശമ്പളം നല്‍കുമ്പോള്‍ റിലയന്‍സ് ഗ്രൂപ്പില്‍ ഈ യുവാവിനുള്ള സ്വാധീനവും റോളും എന്താണെന്ന് വ്യക്തമാണ്. റിലയന്‍സ് ഗ്രൂപ്പിന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളുടെ ചുമതലക്കാരില്‍ ഒരാൾ കൂടിയാണ് ഇദ്ദേഹം.