6 March 2023 5:30 AM GMT
അടിവസ്ത്രം വാങ്ങാന്‍ പോലും പണമില്ലെന്ന പ്രയോഗം പഴമക്കാര്‍ക്കിടയില്‍ ഉണ്ടായിരുന്നു. വാസ്തവത്തില്‍ അടിവസ്ത്രവും സമ്പത്തും തമ്മില്‍ ബന്ധമുണ്ടോ? പുരുഷന്മാരുടെ അടിവസ്ത്രത്തെ കുറിച്ചാണ് ചോദ്യമെങ്കില്‍ അതെ എന്നാണുത്തരം.
സമ്പദ് വ്യവസ്ഥയിലെ ഉപഭോഗ മാന്ദ്യം രേഖപ്പെടുത്തുന്ന ഒരു പ്രധാന സൂചകമാണ് ആണുങ്ങളുടെ അടിവസ്ത്ര വിലസൂചിക (മെന്‍സ് അണ്ടര്‍വെയര്‍ ഇന്‍ഡക്സ്). അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ മുന്‍ ചെയര്‍മാന്‍ അലന്‍ ഗ്രീന്‍സ്പാന്‍ പറയുന്നതനുസരിച്ച് പുരുഷന്‍മാരുടെ അടിവസ്ത്ര വില്‍പ്പന കുറയുന്നത് സമ്പദ്ഘടനയുടെ ക്ഷീണത്തെയാണു കാണിക്കുന്നത്. അവശ്യ വസ്തു എന്ന നിലയിലുള്ള അടിവസ്ത്രത്തിന്റെ വില്‍പ്പന മികച്ച നിലയിലാണെങ്കില്‍ അത് സാമ്പത്തിക ഭദ്രതയുടെ അടയാളമാണ്.
അടിവസ്ത്ര വിപണി
2021ല്‍ ലോകത്ത് 3,073 കോടി ഡോളറിന്റെ പുരുഷ അടിവസ്ത്ര വില്‍പ്പന നടന്നതായി ഡാറ്റ ബ്രിഡ്ജ് മാര്‍ക്കറ്റ് റിസര്‍ച്ച് പറയുന്നു. ഇത് 2029ഓടെ 5,067 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഇന്ന് 200 രൂപ മുതല്‍ 600 രൂപ വരെയാണ് പുരുഷന്മാര്‍ ധരിക്കുന്ന അടിവസ്ത്രത്തിന്റെ വില. 2,000 രൂപയുടെ ജട്ടി പോലുമുണ്ടെന്നു കേട്ടാല്‍ ഞെട്ടരുത്. അതേസമയം സ്ത്രീകളുടെ അടിവസ്ത്രം 200-500 രൂപയ്ക്ക് ലഭിക്കും.
ഇന്ത്യക്കാര്‍ക്ക് അടിവസ്ത്രം വേണ്ട
ഇന്ത്യയില്‍ പുരുഷന്മാരുടെ അടിവസ്ത്ര വില്‍പ്പന കുത്തനെ ഇടിയുകയാണ്. പ്രമുഖ അടിവസ്ത്ര ബ്രാന്‍ഡുകളായ രൂപ അണ്‍ഡിഫൈന്‍ഡ്, പേജ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വില്‍പ്പന കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷമായി അടിവസ്ത്ര കമ്പനികളെല്ലാം ഓഹരി വിപണിയില്‍ മോശം പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഇന്ത്യയില്‍ പുരുഷന്മാരുടെ അടിവസ്ത്ര വിപണിയില്‍ വന്‍ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2022 ഡിസംബര്‍ അവസാനത്തോടെ 55 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. ജോക്കിയുടെ ഉടമകളായ പേജ് ഇന്‍ഡസ്ട്രീസ്, ലക്സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ വില്‍പ്പന കഴിഞ്ഞ പാദത്തില്‍ നിന്ന് ഇത്തവണ താഴേക്ക് വീണപ്പോള്‍, രൂപ അണ്‍ഡിഫൈന്‍ഡിന്റേയും ലക്സ് ഇന്‍ഡ്സ്ട്രീസിന്റേയും ഓഹരി വില ഇടിഞ്ഞിരിക്കുകയാണ്.
12,373 കോടി രൂപയുടെ വിപണിമൂല്യമുള്ള പേജ് ഇന്‍ഡസ്ട്രീസ് ഇന്ത്യയിലെ ഏറ്റവും വലിയ അടിവസ്ത്ര ബ്രാന്‍ഡുകളില്‍ ഒന്നാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി പേജ് ഇന്‍ഡസ്ട്രീസിന്റെ വാര്‍ഷിക റിട്ടേണില്‍ 10.8 ശതമാനത്തിന്റെ വര്‍ധനയായിരുന്നു ഉണ്ടായിരുന്നത്.
കൊവിഡ് മഹാമാരിക്ക് പിന്നാലെ ബ്രാന്‍ഡഡ് അടിവസ്ത്രങ്ങള്‍ക്ക് ആവശ്യക്കാരേറിയതായിരുന്നു ഇതിന് കാരണം. കുറഞ്ഞ നിര്‍മാണ ചെലവ് കൊണ്ട് തന്നെ കമ്പനിയുടെ മൊത്തം റിട്ടേണ്‍ 16.1 ശതമാനമായി ഉയര്‍ന്നു. എന്നാല്‍ മൂന്നാം പാദത്തോടെ കമ്പനിയുടെ വരുമാനത്തില്‍ ഇടിവുണ്ടാവുകയും നാലാം പാദത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടാത്ത അവസ്ഥ വരികയും ചെയ്തു. 37,300 രൂപയാണ് നിലവില്‍ ഇതിന്റെ ഓഹരിവില.
2024 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തോടെ മാത്രമേ കാര്യങ്ങള്‍ പഴയ അവസ്ഥയിലേക്ക് എത്തുകയുള്ളുവെന്നാണ് കണക്കുകൂട്ടല്‍. അടിവസ്ത്ര വില്‍പ്പന തന്നെയാണ് ഭാവിയില്‍ സാമ്പത്തിക രംഗം എങ്ങനെ മാറിമറിയുമെന്നതിലേക്ക് വിരല്‍ചൂണ്ടുന്നത്.
മാന്ദ്യ സൂചനയോ?
രാജ്യത്ത് പുരുഷന്‍മാരുടെ അടിവസ്ത്ര വില്‍പ്പന കുത്തനെ ഇടിയുന്നതായും ഇത് വരാനിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നുമാണ് കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്ന ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ഒരുവര്‍ഷമായി രാജ്യത്തെ അടിവസ്ത്ര കമ്പനികളെല്ലാം ഓഹരി വിപണിയില്‍ മോശം പ്രകടനമാണ് കാഴ്ചവെയ്ക്കുന്നതെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഇത് രാജ്യം സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുന്നതിന്റെ അടയാളമാണെന്നും ഇവര്‍ പറയുന്നു.
ഗ്രീന്‍സ്പാന്‍ തിയറി
ലോകത്ത് സാമ്പത്തിക വളര്‍ച്ചയെ സൂചിപ്പിക്കുന്ന, അല്ലെങ്കില്‍ സാമ്പത്തിക വളര്‍ച്ച കുറയുന്നു എന്നു കാണിക്കുന്ന വ്യത്യസ്ത സാമ്പത്തിക സൂചകങ്ങള്‍ ഉപയോഗിക്കപ്പെടുന്നുണ്ട്. അതിലൊന്നാണ് പുരുഷന്‍മാരുടെ അടിവസ്ത്ര ഉപഭോഗരീതി. അമേരിക്കയിലെ മുന്‍ ഫെഡറല്‍ റിസര്‍വ് മേധാവി ഗ്രീന്‍സ്പാന്‍ ആണ് അടിവസ്ത്രവും സാമ്പത്തിക വളര്‍ച്ചയെയും സംബന്ധിക്കുന്ന സിദ്ധാന്തത്തിന് പിറകില്‍.
അദ്ദേഹം പറയുന്നത് പുരുഷന്‍മാരുടെ അടിവസ്ത്രമാണ് ഏറ്റവും സ്വകാര്യമായത്. അതുകൊണ്ട് തന്നെ സാമ്പത്തിക ഞെരുക്കത്തില്‍ ഉള്ള ഒരു വ്യക്തി പഴയത് മാറ്റി പുതിയതൊന്ന് വാങ്ങില്ല. ഇതിനാല്‍ തന്നെ പുരുഷന്‍മാരുടെ അടിവസ്ത്ര വില്‍പ്പന കുറയുന്നത് സാമ്പത്തിക മാന്ദ്യത്തിന്റെ വലിയൊരു സൂചനയാണെന്നാണ്. പുരുഷന്മാരുടെ അടിവസ്ത്ര സൂചിക ഗ്രീന്‍സ്പാന്റെ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നുണ്ട്.
യുഎസ് സാമ്പത്തിക മാന്ദ്യകാലത്ത് അടിവസ്ത്ര വില്‍പ്പന കുറഞ്ഞു!
2007 മുതല്‍ 2009 വരെ അമേരിക്കയില്‍ ഉണ്ടായ ഏറ്റവും വലിയ സാമ്പത്തികമാന്ദ്യ കാലത്ത് പുരുഷന്മാരുടെ അടിവസ്ത്ര വില്‍പ്പന ഗണ്യമായി കുറഞ്ഞിരുന്നു. 2010ഓടെ വിപണി കരകയറിയപ്പോള്‍ വില്‍പനയും വര്‍ധിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുരുഷന്‍മാരുടെ അടിവസ്ത്രം മാത്രമല്ല, സാമ്പത്തിക രംഗത്തെ ട്രാക്ക് ചെയ്യാന്‍ രസകരവും അതേസമയം വിചിത്രവുമായ സാമ്പത്തിക സൂചകങ്ങള്‍ ഈ രംഗത്തെ വിശകലന വിദഗ്ധര്‍ എപ്പോഴും ഉപയോഗിക്കുന്നുണ്ട്. ഉയരമുള്ള കെട്ടിടങ്ങളുടെ എണ്ണത്തിലുള്ള വര്‍ധവന, ലിപ്സ്റ്റിക്ക് വിപണിയുടെ വളര്‍ച്ച, സ്ത്രീകള്‍ മുടിവെട്ടുന്നത് തുടങ്ങി നാം ഒരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത സൂചകങ്ങളാണ് ഇവര്‍ വിപണിയുടെ വളര്‍ച്ചയെയും തളര്‍ച്ചയെയും കണ്ടെത്താന്‍ ഉപയോഗിക്കുന്നത്.
ലിപ്സ്റ്റിക് ഇന്‍ഡെക്സ്
2001 സെപ്തംബര്‍ 11ന് ശേഷമുള്ള സാമ്പത്തിക മാന്ദ്യത്തിന്റെ സമയത്ത് അമേരിക്കയിലെ മള്‍ട്ടി നാഷണല്‍ കോസ്മെറ്റിക് കമ്പനിയായ എസ്റ്റീ ലോഡറിന്റെ ചെയര്‍മാനായ ലിയനാര്‍ഡ് ലോഡറാണ് ലിപ്സ്റ്റിക് ഇന്‍ഡെക്സ് ആദ്യമായി അവതരിപ്പിച്ചത്. സൗന്ദര്യ വസ്തുക്കളുടെ വാങ്ങല്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
കാരണം സാമ്പത്തിക മാന്ദ്യ സമയത്ത് സ്ത്രീകള്‍ ചെലവേറിയ സൗന്ദര്യ വര്‍ധക ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് പകരം ലിപ്സ്റ്റിക് പോലുള്ള ചെറിയ ചെറിയ സാധനങ്ങള്‍ വാങ്ങുന്നു എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. 2001ലെ മാന്ദ്യ സമയത്ത് ലിപ്സ്റ്റിക് വില്‍പ്പന 11 ശതമാനം വര്‍ധിച്ചതായും അദ്ദേഹം ചൂട്ടിക്കാട്ടി. എന്നാല്‍ ഈ സിദ്ധാന്തം എപ്പോഴും നിലനില്‍ക്കില്ലെന്ന് വാദിക്കുന്നവരുമുണ്ട്.
സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ലിപ്സ്റ്റിക്ക് വില്‍പ്പന വര്‍ധിക്കുന്നതുപോലെ സാമ്പത്തിക വളര്‍ച്ചയുടെ കാലത്തും ലിപ്സ്റ്റിക് വില്‍പ്പനയില്‍ വളര്‍ച്ചയുണ്ടാകാമെന്ന് മാര്‍ക്കറ്റ് റിസര്‍ച്ച് ഗ്രൂപ്പായ ക്ലൈന്‍ ആന്‍ഡ് കമ്പനി പറയുന്നു. എന്തുകൊണ്ടാണ് വില്‍പ്പന വര്‍ധിക്കുന്നതെന്ന് ഇക്കാരണത്താല്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞെന്നുവരില്ല.
ചര്‍മ സംരക്ഷണ രംഗവും
അതേസമയം 2020ല്‍ കൊവിഡ് കാലത്ത് ആളുകള്‍ മാസ്‌കുകള്‍ ധരിച്ച് വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നതിനാല്‍ ലിപ്സ്റ്റിക് സൂചികയ്ക്ക് പകരം ഒരു ചര്‍മ സംരക്ഷണ ഇനം വന്നതായി എസ്റ്റി ലോഡറിന്റെ സിഇഒ ഫാബ്രിസിയോ ഫ്രെഡ പറഞ്ഞു. ലിപ്സ്റ്റിക് ഇന്‍ഡക്സിന് പകരം മോയ്സ്ചറൈസിംഗ് ഇന്‍ഡക്സ് വന്നു. ഇത്തരത്തില്‍ ഉത്പന്നങ്ങള്‍ മാറാമെങ്കിലും സൂചികയുടെ ആശയം എപ്പോഴും ഉണ്ടെന്നാണ് ഫ്രെഡ വ്യക്തമാക്കുന്നത്.
ഡേറ്റിങ് ആപ്പില്‍ സജീവമാണോ?
കൈയില്‍ പണമില്ലാതിരിക്കുകയും ഒറ്റപ്പെട്ടുപോവുകയും ചെയ്യുമ്പോള്‍ മനുഷ്യര്‍ എന്താകും ചെയ്യുക. ഡേറ്റിങ് ആപ്പുകളില്‍ സജീവമാകുമെന്നാണ് ഈ രംഗത്തെ കണക്കുകള്‍ നിരത്തി വിദഗ്ദ്ധര്‍ പറയുന്നത്. സമ്പദ്വ്യവസ്ഥയിലെ മാന്ദ്യത്തെ തുടര്‍ന്ന് വിഷാദത്തെ മറികടക്കാന്‍ ബന്ധങ്ങളില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെന്നാണ് ഈ രംഗത്തെ പഠനങ്ങളും പറയുന്നത്.
മാന്ദ്യകാലത്ത് ഓണ്‍ലൈന്‍ ഡേറ്റിങ് ആപ്പുകളിലെ ട്രാഫിക്കില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നുണ്ടെന്നാണ് പറയുന്നത്. 2008 സാമ്പത്തിക മാന്ദ്യ കാലത്ത് ഓണ്‍ലൈന്‍ ഡേറ്റിംഗ് സേവനമായ മാച്ച് ഡോട്ട് കോമിന്റെ ട്രാഫിക്കില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.
2009ല്‍ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ നാലാംപാദ വരുമാനമാണ് കമ്പനി നേടിയത്. 2020ല്‍ കൊവിഡ് രൂക്ഷമായപ്പോള്‍, 2020 മാര്‍ച്ചിനും 2021 മാര്‍ച്ചിനുമിടയില്‍ മാച്ചിന്റെ ഓഹരി വില 141 ശതമാനമാണ് ഉയര്‍ന്നത്. തൊഴിലില്ലാത്ത യുവതീ യുവാക്കള്‍ക്ക് ഇത്തരം സൈറ്റുകളില്‍ സൈ്വപ്പ് ചെയ്യാന്‍ ധാരാളം സമയം ഉണ്ടെന്നതാണ് ഒരു പ്രധാന കാരണം.
ജപ്പാന്‍ സ്ത്രീകളുടെ ഹെയര്‍ സ്റ്റൈല്‍
സമ്പദ് വ്യവസ്ഥ നല്ല രീതിയില്‍ ആയിരിക്കുമ്പോള്‍ സ്ത്രീകള്‍ അവരുടെ സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം പണം ചെലവഴിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഇതുതന്നെയാണ് ജപ്പാനിലെ സ്ത്രീകളുടെ ഷോര്‍ട്ട് ഹെയര്‍ സ്റ്റൈലുമായി ബന്ധപ്പെട്ട സിദ്ധാന്തവും. അതായത് സമ്പദ്വ്യവസ്ഥയില്‍ മാന്ദ്യം ഉണ്ടാകുമ്പോള്‍ സ്ത്രീകള്‍ മുടി ചെറുതാക്കാന്‍ സാധ്യതയുണ്ടെന്ന്. കാരണം ചെറിയ നീളത്തിലുള്ള മുടി പരിപാലിക്കാന്‍ അധികം ചെലവ് വരില്ല.
ജപ്പാന്റെ സമ്പദ് വ്യവസ്ഥ നല്ല നിലയിലായിരിക്കുമ്പോള്‍ സ്ത്രീകള്‍ മുടി നീട്ടിവളര്‍ത്തുന്നതായും മാന്ദ്യം ഉണ്ടാകുമ്പോള്‍ മുടി ചെറുതാക്കുന്നത് പതിവാണെന്നും ജാപ്പനീസ് കോസ്മെറ്റിക്സ് കമ്പനിയായ കാവോ കോര്‍പ്പറേഷന്‍ നടത്തിയ സര്‍വേയെ ഉദ്ധരിച്ച് ജപ്പാനിലെ പ്രശസ്ത ബിസിനസ് പത്രമായ നിക്കി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ജപ്പാനിലെ രണ്ടാമത്തെ വലിയ സൗന്ദര്യവര്‍ധക സ്ഥാപനമായ കാവോ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ടോക്കിയോയിലെയും ഒസാക്കയിലെയും ആയിരത്തോളം സ്ത്രീകളില്‍ ഇത് സംബന്ധിച്ച് പതിവായി സര്‍വേ നടത്തിയിരുന്നതായി നിക്കി റിപ്പോര്‍ട്ട് ചെയ്യുന്നു.
90കളുടെ ആരംഭത്തില്‍, ജപ്പാനില്‍ സാമ്പത്തിക മാന്ദ്യം പിടികൂടുന്നതിന് തൊട്ടു മുമ്പുവരെ ജപ്പാനിലെ 20കളില്‍ ഉള്ള 60 ശതമാനം പെണ്‍കുട്ടികളും മുടി നീട്ടിവളര്‍ത്തിയിരുന്നുവെന്നാണ് ഈ സര്‍വേ പറയുന്നത്. സാമ്പത്തിക മാന്ദ്യത്തോടെ ഷോര്‍ട്ട് ഹെയര്‍ ജപ്പാനിലെ സ്റ്റൈലായി മാറി. എന്നാല്‍ 2002 മുതല്‍ സമ്പദ്വ്യവസ്ഥ വികസിക്കാന്‍ തുടങ്ങിയതോടെ നീണ്ട മുടിക്ക് വീണ്ടും ജനപ്രീതി ലഭിച്ചുവെന്നും സര്‍വേ ചൂട്ടിക്കാട്ടുന്നു.
ഗാര്‍ബേജ് സൂചിക
ആളുകള്‍ക്ക് കൂടുതല്‍ പണമുള്ളപ്പോള്‍ കൂടുതല്‍ വാങ്ങിക്കൂട്ടുകയും ബാക്കി വരുന്നവ ഉപേക്ഷിക്കുകയും ചെയ്യും. യു എസ് സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പഠിക്കുമ്പോള്‍ ഈ സൂചകത്തിന് 82 ശതമാനം കൃത്യതയുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഒരു രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഇതിനു കഴിയുമെന്ന് സാമ്പത്തിക വിദഗ്ധന്‍ മൈക്കല്‍ മക്ഡൊണാഫ് സൃഷ്ടിച്ച യു എസ് ഗാര്‍ബേജ് ഇന്‍ഡിക്കേറ്റര്‍ പറയുന്നു.
അമേരിക്കയെ സംബന്ധിച്ച് അവിടുത്തെ ഗാര്‍ബേജിലെ അവശിഷ്ടങ്ങളുടെ അളവിനെ അവിടുത്തെ ജിഡിപിയുമായി താരതമ്യപ്പെടുത്തിയാണ് സാമ്പത്തിക മാന്ദ്യത്തെ അളക്കുന്നത്. സമ്പദ് വ്യവസ്ഥ ചുരുങ്ങുകയാണെങ്കില്‍ മാലിന്യ ഉത്പാദനം കുറയുന്നതിലേക്ക് നയിക്കും, അതേസമയം കുതിച്ചുയരുന്ന സമ്പദ് വ്യവസ്ഥ മാലിന്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിന് കാരണമാകും. ഇന്ത്യ പോലൊരു വികസ്വര രാജ്യത്ത് പക്ഷേ ഈ രീതി പിന്തുടരുന്നത് അപ്രായോഗികമായിരിക്കും.
സ്ത്രീകളുടെ പാവാടയുടെ നീളം
1920കളില്‍ സാമ്പത്തിക വിദഗ്ധനായ ജോര്‍ജ് ടെയ്ലര്‍ കണ്ടെത്തിയതാണ് ഹെംലൈന്‍ സൂചിക. സ്ത്രീകളുടെ ഫാഷന്‍ സാമ്പത്തിക ഭദ്രതയെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതാണ് ഈ സൂചിക പറയുന്നത്. സ്ത്രീകളുടെ പാവാടയുടെ നീളം കൂടുകയോ കുറയുകയോ ചെയ്യുന്നത് സാമ്പത്തികരംഗത്തെ മാറ്റത്തെ സൂചിപ്പിക്കുന്നു. നല്ല സാമ്പത്തിക സമയങ്ങളില്‍ പാവാടയുടെ നീളം കുറയേുകയും മോശം സമയങ്ങളില്‍ നീളം കൂടുകയും ചെയ്യും എന്നതാണ് ഈ സിദ്ധാന്തം മുന്നോട്ടുവയ്ക്കുന്നത്.
അതായത് നല്ല സാമ്പത്തിക സമയങ്ങളില്‍ സ്ത്രീകള്‍ തങ്ങളുടെ വിലകൂടിയ സില്‍ക്ക് സ്റ്റോക്കിംഗുകള്‍ കാണിക്കാന്‍ നീളം കുറഞ്ഞ പാവാടയാണ് ധരിച്ചിരുന്നത്. എന്നാല്‍ മാന്ദ്യകാലത്ത് നഗ്നമായ കാലുകള്‍ മറയ്ക്കാന്‍ നീളമുള്ള ഹെംലൈനുകളാണ് കൂടുതല്‍ ഉപയോഗിച്ചിരുന്നതെന്ന് ജോര്‍ജ് ടെയ്ലര്‍ തന്റെ സിദ്ധാന്തത്തില്‍ എടുത്തുപറയുന്നുണ്ട്. ഈ സിദ്ധാന്തത്തെ പിന്തുണയ്ക്കുന്നതിനായി 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം പ്രചാരത്തിലിരുന്ന നീളമുള്ള വസ്ത്രങ്ങളുടെ കാര്യം സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.