9 Sep 2023 12:02 PM GMT
ലോകത്തെ ഏറ്റവും വലിയ സമ്പദ്ശക്തികളായ 20 രാഷ്ട്രങ്ങളുടെ നേതാക്കളുടെ കൂടിചേരല്‍, അതായത് ആഗോളസമ്പത്തിന്റെ 80 ശതമാനവും കയറ്റുമതിയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്ന, ലോക ജനസംഖ്യയുടെ 60 ശതമാനത്തെയും ഉള്‍ക്കൊള്ളുന്നതാണ് ജി20. അവര്‍ ഒരുമിക്കുമ്പോള്‍ മഹത്തായ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കാം- ഭാരതത്തിനും ഓഹരി വിപണിക്കും ജി20 എന്ത് നല്‍കുമെന്ന ചോദ്യത്തിന് ഗെറ്റ് ടുഗെദര്‍ ഫിനാന്‍സ് (ജിടിഎഫ്) സ്ഥാപകനും എംഡിയുമായ സൂരജ് സിംഗ് ഗുര്‍ജാര്‍ പറഞ്ഞതാണ് ഇത്. ജി20 ഉച്ചകോടി ഇന്ത്യയില്‍ വലിയ നിക്ഷേപവും വ്യാപാര അവസരങ്ങളും കൊണ്ടുവരുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ബഹുധ്രുവലോകത്തിന്റെ രൂപീകരണം, പരിസ്ഥിതി, രാഷ്ട്രങ്ങളുടെ സാമ്പത്തികഭാരം ലഘൂകരിക്കല്‍, ഇന്ധനസുരക്ഷ, ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയെല്ലാം ഈ സമ്മേളനത്തിലെ മുഖ്യ അജന്‍ഡകളാണ്. ജി20 രാജ്യങ്ങള്‍ക്ക് പുറമെ ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, നെതര്‍ലന്‍ഡ്‌സ്, നൈജീരിയ, ഒമാന്‍, സിംഗപ്പൂര്‍, സ്‌പെയിന്‍, യുഎഇ രാഷ്ട്ര നേതാക്കളും ഉച്ചകോടിയ്ക്കെത്തുന്നുണ്ട്. മേല്‍ പറഞ്ഞ രാജ്യങ്ങളുമായി എല്ലാം തന്നെ മികച്ച വ്യാപാര ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ഇന്ത്യയെന്നതും ഓര്‍മിക്കണം. ഏതായാലും റെക്കോര്‍ഡ് സ്റ്റോക്ക്-മാര്‍ക്കറ്റ് മൂല്യനിര്‍ണ്ണയവും കുതിച്ചുയരുന്ന വിദേശ നിക്ഷേപവും ഉയര്‍ത്തികാട്ടിയാണ് പ്രധാനമന്ത്രി മോദി ജി-20 നേതാക്കളെ അഭിസംബോധന ചെയ്തിരിക്കുന്നത്.
ജി 20യിലെ ജൈവ ഇന്ധന സഖ്യവും ഹരിത ഊര്‍ജ്ജ പ്രഖ്യാപനവും: തുണയാവുന്ന ഓഹരികള്‍
1 ടാറ്റ പവര്‍
ആഗോള ജൈവ ഇന്ധന സഖ്യം ജി-20 പ്രഖ്യാപിച്ച് കഴിഞ്ഞു. ഹരിത ഗ്രിഡുകള്‍ക്കും പുനരുപയോഗ ഊര്‍ജത്തിനും ഊന്നല്‍ നല്‍കി 2030-ഓടെ 500 ജിഗാവാട്ട് ഫോസില്‍ ഇതര ഇന്ധന അധിഷ്ഠിത ശേഷിയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഗ്രീന്‍ ഫിനാന്‍സിനും സാങ്കേതികവിദ്യയ്ക്കും ഊന്നല്‍ നല്‍കി ഇന്ത്യ ഫ്രാന്‍സുമായി ചേര്‍ന്ന് അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യവും ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു. അതിനാല്‍ ടാറ്റ പവര്‍ പോലുള്ള യൂട്ടിലിറ്റി കമ്പനികള്‍ക്ക് പുനരുപയോഗ ഊര്‍ജ ഇന്‍ഫ്രാസ്ട്രക്ചറിലെ നിക്ഷേപങ്ങളില്‍ നിന്ന് പ്രയോജനം ലഭിച്ചേക്കാം.
2 ടാറ്റ മോട്ടോഴ്സ്
ജി 20 ഉച്ചകോടി അജണ്ടകളിലൊന്നാണ് കാലാവസ്ഥ വ്യതിയാനവും കാര്‍ബണ്‍ രഹിത ലോകവും. പെട്രോള്‍, ഡിസല്‍ എന്നിവയ്ക്ക് പകരമായി ഇ-വാഹനങ്ങളിലേക്കാണ് ലോകം ചുവടുറപ്പിക്കുന്നതും. ഈ പശ്ചാത്തലത്തില്‍ ഇലക്ട്രിക് വാഹനരംഗത്ത് ആഗോള സാന്നിധ്യം ഉറപ്പിച്ച ഇന്ത്യന്‍ കമ്പനികളെ ലോകരാജ്യങ്ങള്‍ ശ്രദ്ധിക്കും.ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ബ്രാന്‍ഡിനൊപ്പമാണ് ടാറ്റ ആഗോളസാന്നിധ്യം ഉറപ്പിച്ചിട്ടുള്ളത്. ഉയര്‍ന്ന നിലവാരമുള്ള നിര്‍മ്മാണവും അത്യാധുനിക ഫീച്ചറുകളുമാണ് ബ്രാന്‍ഡിനെ ആകര്‍ഷകമാക്കുന്നത്.
3 ജെഎസ്ഡബ്ല്യു സ്റ്റീല്‍
ഗ്രീന്‍ സ്റ്റീല്‍, ഡീ കാര്‍ബണൈസേഷന്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ മുന്‍നിര സ്റ്റീല്‍ നിര്‍മ്മാതാക്കളാണ് ജെഎസ്ഡബ്ല്യു സ്റ്റീല്‍. രാജ്യത്തിന്റെ മെറ്റല്‍ രംഗത്തെ സുസ്ഥിര സമീപനത്തെ പ്രതിനിധീകരിക്കുന്ന കമ്പനിയാണിത്.
4 റിലയന്‍സ് ഇന്‍ഡസ്ട്രീസ്
ഹരിത ഊര്‍ജ്ജ സംക്രമണം ജി20ലെ പ്രധാന ചര്‍ച്ച വിഷയമാണ്. അതിനാല്‍ ഇന്ത്യയുടെ ഹരിത ഊര്‍ജ്ജ സംരംഭങ്ങള്‍ക്കും ശുദ്ധ ഊര്‍ജ്ജ ഉല്‍പ്പാദനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്കും ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഹരിത ഊര്‍ജത്തിലും സുസ്ഥിരതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസ് (ആര്‍ഐഎല്‍) പോലുള്ള കമ്പനികള്‍ക്ക് നേട്ടങ്ങള്‍ ഉണ്ടായേക്കാം.
5 ഇന്‍ഫോസിസ്, ടിസിഎസ്
ഐടി മേഖലയിലെ ഇന്ത്യയുടെ ആഗോള ബ്രാന്‍ഡാണ് ഇന്‍ഫോസിസ്, ടിസിഎസ് ടിസിഎസ് എന്നിവ. ഡിജിറ്റല്‍ സൊല്യൂഷനുകള്‍, ഐടി സേവനങ്ങള്‍, സോഫ്‌റ്റ്വെയര്‍ വികസനം എന്നിവയില്‍ രാജ്യത്തിന്റെ ശക്തിയെ പ്രതിഫലിപ്പിക്കുന്ന ഈ കമ്പനികള്‍ ജി 20-ലെ ഡിജിറ്റല്‍ ചര്‍ച്ചകളില്‍ ഇവ ഇടം പിടിയ്ക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്.
6 ഡോ.റെഡ്ഡീസ് ലബോറട്ടറീസ്
ലോകത്തിന്റെ ഫാര്‍മസി- എന്ന വിശേഷണം ഇന്ത്യയ്ക്ക് നേടി കൊടുത്ത ഫാര്‍മസി കമ്പനികളിലൊന്നാണ് പങ്ക് ഡോ.റെഡ്ഡീസ്. വിവിധ രാജ്യങ്ങള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ മരുന്നുകളും വാക്സിനുകളും നല്‍കുന്നതില്‍ ഇന്ത്യയുടെ ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.
7 ശിവാലിക് ബൈമെറ്റല്‍
എനര്‍ജി സ്റ്റോറേജ് ഉപകരണങ്ങള്‍, സ്വിച്ച് ഗിയര്‍, ഇലക്ട്രിക്കല്‍ വീട്ടുപകരണങ്ങള്‍, സ്മാര്‍ട്ട് മീറ്ററുകള്‍ എന്നിവയുടെ നിര്‍ണായക ഘടകങ്ങളുടെ ഒരു പ്രമുഖ വിതരണക്കാരാണ് കമ്പനി. ആഗോളതലത്തില്‍ 4-5 കുറഞ്ഞ ഠഇഎ ഷണ്ട് റെസിസ്റ്റേഴ്സ് നിര്‍മ്മാതാക്കള്‍ മാത്രമേ ഉള്ളൂ, അവരില്‍ ഒരാളാണ് ശിവാലിക്ക്.
8 വാരി എനര്‍ജീസ്
11 ജിഗാവാട്ട് ശേഷിയുള്ള വാരീ ഇന്ത്യയിലെ ഏറ്റവും വലിയ സോളാര്‍ പിവി മൊഡ്യൂള്‍ നിര്‍മ്മാണ കമ്പനിയാണ്. 2021-ല്‍ ഇതിന് 2ഏണ ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളൂ. വര്‍ദ്ധിച്ചുവരുന്ന ആവശ്യവും അടുത്തിടെ ലഭിച്ച കരാറുകളുമാണ് കമ്പനിയുടെ ഊര്‍ജ്ജ ശേഷി ഗണ്യമായി വര്‍ദ്ധിപ്പിച്ചത്. നിലവില്‍ ലഭിച്ച കരാറുകളില്‍ ഭൂരിഭാഗവും അമേരിക്കയില്‍ നിന്നുള്ളതാണ്
9 ഉഷ മാര്‍ട്ടിന്‍
സ്റ്റീല്‍ വയര്‍ റോപ്പ് വിപണി ലീഡറാണ് ഉഷ മാര്‍ട്ടിന്‍.ഇന്ത്യയില്‍ 60% വിപണി വിഹിതമുണ്ട്. ചൈന, യൂറോപ്പ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്റ്റീല്‍ സോഴ്‌സിംഗും വൈദ്യുതി ചെലവും ഇന്ത്യയില്‍ താരതമ്യേന കുറവാണ്. ഇത് ജി-20 രാജ്യങ്ങളുടെ ശ്രദ്ധ ഇന്ത്യയില്‍ പതിക്കാന്‍ കാരണമാവും. നിലവില്‍ യുഎസ്, കാനഡ, തെക്കേ അമേരിക്ക, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ സാന്നിധ്യമുറപ്പിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.
10 സെന്റം ഇലക്ട്രോണിക്സ്
എയ്‌റോസ്‌പേസ്, ഡിഫന്‍സ്, സ്‌പേസ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഹെല്‍ത്ത്‌കെയര്‍ വ്യവസായത്തിലെ മുന്‍നിര ക്കാരില്‍ ഒരാളാണ് സെന്റം. വരുമാനത്തിന്റെ 72% യൂറോപ്പ്, യുകെ, വടക്കേ അമേരിക്ക മുതലായവയിലേക്കുള്ള കയറ്റുമതിയില്‍ നിന്നാണ്. ക്ലീന്‍ എനര്‍ജി, ഇലക്ട്രിക് വാഹനങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്ലുകള്‍ തുടങ്ങിയ ഉയര്‍ന്നുവരുന്ന മേഖലകളിലാണ് ഇപ്പോള്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
(സ്‌മോള്‍കേസ് മാനേജരും റൈറ്റ് റിസര്‍ച്ചിന്റെ സ്ഥാപകയുമായ സോനം ശ്രീവാസ്തവ,സ്‌മോള്‍കേസ് മാനേജരും ഗ്രീന്‍ പോര്‍ട്ട്‌ഫോളിയോയുടെ സ്ഥാപകയുമായ ദിവം ശര്‍മ്മ, സ്‌മോള്‍കേസ് മാനേജരും നിവേശയ് സ്ഥാപകനുമായ അരവിന്ദ് കോത്താരി എന്നിവര്‍ നിര്‍ദേശിച്ച ഓഹരികളാണ് മേല്‍പറഞ്ഞവ)
ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ പോലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റോക്കുകള്‍, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ കയറ്റുമതി അധിഷ്ഠിത സ്ഥാപനങ്ങള്‍, ടാറ്റ കണ്‍സ്യൂമര്‍ പോലുള്ള ഉപഭോഗ കമ്പനികള്‍, ടാറ്റ പവര്‍ പോലുള്ള ഗ്രീന്‍ എനര്‍ജി സ്ഥാപനങ്ങള്‍ എന്നിവ ജി20ല്‍ നിന്ന് നേട്ടമുണ്ടാക്കുമെന്നാണ് ജിസിഎല്‍ ബ്രോക്കിംഗ് സിഇഒ രവി സിംഗാള്‍ അഭിപ്രായപ്പെടുന്നത്
ജി 20 രാഷ്ട്രങ്ങളെ ആകര്‍ഷിക്കുന്ന വസ്തുതകള്‍
സാങ്കേതിക വിദ്യയും നവീകരണവും ഉയര്‍ന്ന മൂലധന നിക്ഷേപവും തൊഴിലാളികളുടെ ഉത്പാദന ക്ഷമതയും കൊണ്ട് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഉന്നതിയിലാണ്. ആഗോള സാമ്പത്തിക വികസന പദ്ധതികള്‍ ചര്‍ച്ചയാവുന്ന ജി-20 ഉച്ചകോടിയും ഇതെല്ലാം പരിഗണിക്കും. ഇന്ത്യന്‍ മൂലധന വിപണിയില്‍ ജി 20 രാഷ്ട്രങ്ങള്‍ക്കും നിക്ഷേപകര്‍ക്കും വ്യവസായികള്‍ക്കുമുള്ള വിശ്വാസം വര്‍ദ്ധിക്കും. ഇത് വിപണിയിലെ പണമൊഴുക്കിനെ ശക്തിപ്പെടുത്തുമെന്നാണ് ദലാല്‍ സ്ട്രീറ്റിലെ സംസാരം. ഈ അഭിപ്രായങ്ങള്‍ക്ക് കരുത്ത് പകരുന്ന ചില വസ്തുതകള്‍ കൂടിയുണ്ട്.
1 ജി 20യില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉത്തേജമാവുന്ന പുതിയ എഫ്ഡിഐ നയങ്ങള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇത് ഇന്ത്യന്‍ ഓഹരി വിപണിയുടെ വളര്‍ച്ചയെ സഹായിക്കും.
2 ഉച്ചകോടി പുതിയ വ്യാപാര അവസരങ്ങള്‍ തുറക്കും. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി ആഗോള രാജ്യങ്ങളെ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ ക്ഷണിച്ച മോദി സര്‍ക്കാര്‍, ഇതിനായി വ്യാപാര നിയന്ത്രണ ചട്ടങ്ങളില്‍ കൂടുതല്‍ ഇളവും പ്രഖ്യാപിച്ചേക്കും. അതോടെ വിദേശകമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യപ്പെടും. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെയും വ്യാപാര രംഗത്തിന്റെയും വികസനത്തിന് കാരണമാകും. രാജ്യത്തെ ബിസിനസുകള്‍ വളരുമ്പോള്‍ ബന്ധപ്പെട്ട കമ്പനികളുടെ ഓഹരി വിലയും വര്‍ദ്ധിക്കും. സ്വാഭാവികമായും നിക്ഷേപകന് ലാഭം കൊയ്യാം.
3- തായ്വാനുമായും യുഎസുമായുമുള്ള തര്‍ക്കങ്ങള്‍, തൊഴിലാളിക്ഷാമം, സാങ്കേതികവിദ്യ ചൈനീസ് കമ്പനികള്‍ക്ക് കൈമാറാന്‍ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് മേല്‍ ചൈനീസ് സര്‍ക്കാര്‍ ചെലുത്തുന്ന സമ്മര്‍ദ്ദം എന്നിവയുടെ ഫലമായി അന്താരാഷ്ട്ര ബിസിനസുകള്‍ക്ക് ചൈന വിട്ട് പുതിയ ഇടം തേടുകയാണ്.
വ്യാപാരത്തിന്റെയും ഉല്‍പ്പാദനത്തിന്റെയും കാര്യത്തില്‍ ഈ കമ്പനികള്‍ ഇപ്പോള്‍ ഇന്ത്യയെ ആണ് ചൈനയ്ക്ക് പകരമായി കണക്കാക്കുന്നതത്. ആപ്പിള്‍ മുതല്‍ ഫോക്‌സ്‌കോണ്‍ വരെ മിക്ക അന്താരാഷ്ട്ര കമ്പനികളും ഇന്ത്യയിലേയ്ക്ക് ചുവടുമാറ്റാനാണ് ശ്രമിക്കുന്നത്. ചിലരെല്ലാം ഇന്ത്യയില്‍ നിക്ഷേപമിറക്കി കഴിഞ്ഞു. ഈ യാഥാര്‍ഥ്യം ജി-20 രാഷ്ട്രങ്ങളും മനസിലാക്കിയിട്ടുണ്ട്.
4-വാള്‍ സ്ട്രീറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നത് ഇന്ത്യയില്‍ തൊഴിലാളികള്‍ക്ക് ക്ഷാമമില്ല. കൂടാതെ ഇന്ത്യയിലെ ജനാധിപത്യ സംവിധാനവും പാശ്ചാത്യ സര്‍ക്കാരുകളെ ആകര്‍ഷിക്കുന്നുണ്ട്. രാജ്യത്തെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാനുള്ള എല്ലാ ശ്രമങ്ങളും ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തുന്നുമുണ്ട്. ഉല്‍പ്പാദന മേഖലയിലെ പ്രധാന ശക്തിയായി ഇന്ത്യ വളര്‍ന്നു കൊണ്ടിരിക്കുകയാണെന്നുമാണ്.
5-വരുന്ന രണ്ട് ദശകങ്ങളില്‍ ഇന്ത്യയുടെ ആശ്രിതത്വ അനുപാതം പ്രാദേശിക സമ്പദ്വ്യവസ്ഥകളില്‍ വെച്ചേറ്റവും താഴ്ന്നതായിരിക്കുമെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ് റിസര്‍ച്ചിന്റെ ഇന്ത്യന്‍ സാമ്പത്തിക വിദഗ്ധനായ സന്തനു സെന്‍ഗുപ്ത ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്ത്യയിലെ ജനസംഖ്യാ കുതിപ്പ് തൊഴില്‍ ശക്തി വര്‍ധിപ്പിക്കും. അടുത്ത 20 വര്‍ഷത്തേക്ക് വന്‍കിട സമ്പദ്വ്യവസ്ഥകള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ ആശ്രിതത്വ അനുപാതം ഇന്ത്യയിലായിരിക്കുമെന്നും സെന്‍ഗുപ്ത വിശദീകരിക്കുന്നു.ഇന്ത്യയുടെ മുന്നേറ്റത്തിന് സഹായകരമാകുന്ന മറ്റൊന്ന് മൂലധന നിക്ഷേപമാണ്. ആശ്രിത അനുപാതം കുറയുന്നതും വരുമാനം വര്‍ധിക്കുന്നതും സേവിങ്‌സ് നിരക്ക് കൂട്ടാനിയടാക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് നേട്ടമാകും. മൂലധന നിക്ഷേപത്തിന് ഇത് മുതല്‍കൂട്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
6-ദൃഢമായ കോര്‍പ്പറേറ്റ് വരുമാനം, അഭൂതപൂര്‍വമായ റീട്ടെയില്‍ നിക്ഷേപ കുതിപ്പ്,ശക്തമായ വായ്പാ വളര്‍ച്ച എന്നിവ ഇന്ത്യന്‍ ഇക്വിറ്റികളുടെ മികച്ച പ്രകടനത്തിന് കാരണമാകുന്നുവെന്നാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് എസ്ജി ലിമിറ്റഡിന്റെ നിക്ഷേപ തന്ത്രജ്ഞന്‍ ഓഡ്രി ഗോ പറയുന്നത്.ഉത്പാദന ശേഷി വര്‍ധിപ്പിക്കാനും സേവനമേഖല വളര്‍ത്താനും അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ത്വരിതപ്പെടുത്തുന്നതിനും ഇന്ത്യക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഉത്പാദന സേവന മേഖലകളില്‍ സ്വകാര്യമേഖലയ്ക്ക് മുന്നേറാന്‍ അനുകൂല സാഹചര്യമാണുള്ളത്. രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും തൊഴില്‍ മേഖലകള്‍ ശക്തിപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
7-അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വ്യാവസായിക കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യ മെക്സിക്കോ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളെ മറികടന്നു. 2018നെ അപേക്ഷിച്ച് ഇന്ത്യയുടെ ഇലക്ട്രോണിക്സ് കയറ്റുമതി ഇപ്പോള്‍ 23 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചിട്ടുണ്ട്. കൗണ്ടര്‍പോയിന്റ് ടെക്‌നോളജി മാര്‍ക്കറ്റ് റിസര്‍ച്ചിന്റെ സര്‍വേ പ്രകാരം 2016ല്‍ ലോകമെമ്പാടും ഉല്‍പ്പാദിപ്പിച്ച സ്മാര്‍ട്ട്‌ഫോണുകളുടെ 9% മാത്രമാണ് ഇന്ത്യയില്‍ ഉത്പാദിപ്പിച്ചിരുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ വിഹിതം 19%ത്തിന് മുകളില്‍ ആയിരിക്കുമെന്നാണ് കണക്കാക്കുന്നത്. 2020 മുതല്‍ 2022 വരെ ഇന്ത്യയിലെ നേരിട്ടുള്ള വിദേശ നിക്ഷേപം പ്രതിവര്‍ഷം ശരാശരി 42 ബില്യണ്‍ ഡോളറാണെന്ന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. പത്തുവര്‍ഷത്തിനുള്ളില്‍ ഇത് ഇരട്ടിയാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഡാനിഷ് കമ്പനിയായ വെസ്റ്റാസിന് 2021ല്‍ തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ രണ്ട് ഫാക്ടറികള്‍ ഉണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ കാറ്റാടി യന്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. നിലവില്‍ ഇന്ത്യയില്‍ ആറ് പ്രൊഡക്ഷന്‍ ലൈനുകള്‍ പ്രവര്‍ത്തിപ്പിക്കുകയും ലോകമെമ്പാടും ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.